വിദ്യാഭ്യാസരംഗത്തെ പുനർവിചിന്തനത്തിന് സമയമായെന്ന് പഠനം
text_fieldsദുബൈ: സർഗാത്മക ചിന്ത, മാനസികാരോഗ്യം, ആത്മവിശ്വാസം എന്നിവയാണ് കുട്ടികളുടെ ഭാവിയെ നിർണയിക്കുന്ന ഘടകങ്ങളെന്നും കുട്ടികളെ ഈ കഴിവുകൾ ആർജിക്കാൻ സഹായിക്കുന്ന രീതിയിലേക്ക് അധ്യാപകർ വിദ്യാഭ്യാസത്തെ പുനർവിചിന്തനം ചെയ്യണമെന്നും സിറ്റിസൺ സ്കൂൾ ദുബൈ പുറത്തുവിട്ട പഠനം. ‘വിദ്യാഭ്യാസത്തിന്റെ ഭാവി’ എന്ന തലക്കെട്ടിലാണ് യു.എ.ഇയിലെ വിവിധ സ്കൂൾ കുട്ടികളുടെ രക്ഷിതാക്കൾക്കിടയിൽ സർവേ നടത്തി റിപ്പോർട്ട് പുറത്തുവിട്ടത്. വിദ്യാഭ്യാസത്തിന്റെ ചരിത്രവും പരിണാമവും, ആഗോള വിദ്യാഭ്യാസ പ്രവണതകൾ, യു.എ.ഇയുടെ ഭാവി കേന്ദ്രീകൃത ഗവൺമെന്റിന്റെ പങ്ക് എന്നിവ വിശദീകരിച്ച ശേഷമാണ് സർവേ ഫലം റിപ്പോർട്ടിൽ വിലയിരുത്തുന്നത്. 1,200ലധികം രക്ഷിതാക്കൾ പഠനത്തിന്റെ ഭാഗമായിട്ടുണ്ട്.
പഠനമനുസരിച്ച്, 69 ശതമാനം മാതാപിതാക്കളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും വെർച്വൽ റിയാലിറ്റിയും തങ്ങളുടെ കുട്ടികളുടെ ഭാവിയിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തുമെന്ന് വിശ്വസിക്കുന്നു. 54ശതമാനം ആളുകൾ ക്രിപ്റ്റോകറൻസിയും മെറ്റാവേഴ്സും സ്വാധീനിക്കുമെന്നും കരുതുന്നു. ഈ സാഹചര്യത്തിൽ നാളെയുടെ യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടാൻ സഹായിക്കുന്ന കഴിവുകൾ വികസിപ്പിക്കാൻ കുട്ടികളെ സഹായിക്കണമെന്നാണ് റിപ്പോർട്ട് നിരീക്ഷിക്കുന്നത്.
വിദ്യാർഥികളുടെ മുഴുവൻ കഴിവുകളെയും നിർണയിക്കാനും വളർത്തിയെടുക്കാനും പുതിയ കാലത്തിന്റെ നൂതനമായ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തണമെന്നാണ് പഠനത്തിലെ വിലയിരുത്തലെന്ന് സിറ്റിസൺസ് സ്കൂൾ ദുബൈ സ്ഥാപകനായ ഡോ. ആദിൽ അൽ സറൂനി പറഞ്ഞു. നിലവിലെ വിദ്യാഭ്യാസ സമ്പ്രദായം ഒരേ പാതയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അധ്യാപകരിൽനിന്ന് കുട്ടികൾ പാഠങ്ങൾ പഠിച്ചെടുക്കുന്ന രീതിയിലാണിത്.
എന്നാൽ, ഇന്നത്തെ 40 ശതമാനം നഴ്സറി പ്രായത്തിലുള്ള കുട്ടികളും ഭാവിയിൽ വരുമാനത്തിന് സ്വയംതൊഴിൽ ചെയ്യുന്നവരോ സംരംഭകരോ ആയിത്തീരുമെന്നാണ് ഡേറ്റ സൂചിപ്പിക്കുന്നത്. ഇത് പരിഗണിച്ച് ഭാവിയിലേക്ക് ആവശ്യമായ മാനസികാവസ്ഥ കെട്ടിപ്പടുക്കുന്ന വിദ്യാഭ്യാസ തത്ത്വശാസ്ത്രം വികസിപ്പിക്കണമെന്ന് സ്കൂൾ സി.ഇ.ഒ ഹിഷാം ഹോദ്റോഗ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.