അബൂദബിയിൽ ശബ്ദമലിനീകരണം കണ്ടെത്താൻ പഠനം
text_fieldsഅബൂദബി: എമിറേറ്റിൽ ശബ്ദമലിനീകരണമുണ്ടാക്കുന്ന പ്രധാന ഉറവിടങ്ങളെ കണ്ടെത്തുകയും ഏറ്റവും മോശമായി ബാധിക്കുന്ന റെസിഡൻഷ്യൽ ജില്ലകളെ അടയാളപ്പെടുത്തുകയും ചെയ്യുന്നതിനുള്ള ശാസ്ത്രീയ നടപടികൾ ആരംഭിക്കുമെന്ന് അബൂദബി പരിസ്ഥിതി ഏജൻസി (ഇ.എ.ഡി) അറിയിച്ചു. ശാസ്ത്രീയമായ പഠനങ്ങളുടെ സഹായത്തോടെയാണ് ഓരോ മേഖലയിലും ശബ്ദമലിനീകരണം എത്രത്തോളം ബാധിച്ചെന്ന് കണ്ടെത്തുക.
ഇതിനായി പ്രത്യേക ‘നോയ്സ് കമ്മിറ്റിക്കും’ രൂപം നൽകിയിട്ടുണ്ട്. അബൂദബിയിലെ 10 സർക്കാർ സ്ഥാപനങ്ങൾ ഉൾക്കൊള്ളുന്നതാണ് സമിതി. ശബ്ദമലിനീകരണം തടയുന്നതിന് ഭാവിയിൽ എടുക്കേണ്ട മുൻകരുതലുകൾ, മാനദണ്ഡങ്ങൾ എന്നിവക്ക് രൂപം നൽകുകയാണ് സമിതിയുടെ ലക്ഷ്യം.
ഓരോ സ്ഥാപനവും പ്രവർത്തിക്കുന്ന മേഖലയിലെ ശബ്ദം ലഘൂകരിക്കാൻ സഹായിക്കുന്നതിനുള്ള പദ്ധതികൾ കണ്ടെത്താൻ നോയ്സ് പ്രോജക്ടിന്റെ കണ്ടെത്തലുകൾ കമ്മിറ്റി ഉപയോഗപ്പെടുത്തും. അതോടൊപ്പം ശബ്ദമലിനീകരണം ഇല്ലാത്ത ഭാവിക്കുവേണ്ടിയുള്ള പദ്ധതികളും രൂപപ്പെടുത്തും.
ഓരോ ജില്ലകളിലും ശബ്ദമലിനീകരണത്തിന്റെ ആഘാതം എത്രത്തോളമുണ്ടെന്ന് നിർണയിക്കാൻ പഠന രേഖകൾ പരിസ്ഥിതി ഏജൻസിയെ സഹായിക്കും. ശബ്ദമലിനീകരണം ഏറ്റവും മോശമായി ബാധിച്ച ഏരിയകളുടെ ഭൂപടം നിർമിക്കുന്നതിന് ഈ രേഖകൾ ഉപയോഗിക്കും. അബൂദബിയിലെ ജനങ്ങൾക്ക് ഏറ്റവും മികച്ച പരിസ്ഥിതി സാഹചര്യം സൃഷ്ടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് പുതിയ സംരംഭത്തിന്റെ ലക്ഷ്യമെന്ന് എൻവയൺമെന്റ് ക്വാളിറ്റി സെക്ടർ എക്സിക്യൂട്ടിവ് ഡയറക്ടർ ഫൈസൽ അൽ ഹമ്മദി പറഞ്ഞു.
വായു നിലവാര നിരീക്ഷണ ശൃംഖലയിലൂടെ 2017 മുതൽ ശബ്ദ ഉറവിടങ്ങളെ സമിതി നിരീക്ഷിച്ചുവരുന്നുണ്ട്. പുതിയ പദ്ധതി ഇതിന്റെ തുടർച്ചയാകുമെന്നും അദ്ദേഹം പറഞ്ഞു. ഉയർന്ന ശബ്ദമുള്ള ഏരിയകളെ തിരിച്ചറിയുന്നതിലൂടെ ആരോഗ്യപരമായ അപകടങ്ങൾ നിർണയിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും കഴിയും. കൂടാതെ വ്യവസായ, വാണിജ്യ മേഖലകളുടെ പ്രവർത്തനങ്ങൾക്കുള്ള ഭൂമി കണ്ടെത്തുമ്പോൾ റെസിഡൻഷ്യൽ ഏരിയകൾ, സ്കൂൾ മേഖലകൾ എന്നിവയെ പരിഗണിക്കാനും ആവശ്യമായ നിയന്ത്രണങ്ങൾ കൊണ്ടുവരാനും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.