'സ്നേഹത്തോടെ യു.എ.ഇക്ക്' സുചേതയുടെ ഗാനം
text_fieldsദുബൈ: ദേശീയദിനത്തിൽ യു.എ.ഇയോടുള്ള സ്നേഹം പകർന്നുനൽകി മലയാളിയായ സുചേത സതീഷിെൻറ പാട്ട്. പ്രശസ്ത യു.എ.ഇ കവി ഷിഹാബ് ഗാനെം രചിച്ച ഫി ഹുബ് അൽ ഇമറാത്ത് (സ്നേഹത്തോടെ യു.എ.ഇക്ക്) എന്ന അറബി ഗാനമാണ് ദുബൈ ഇന്ത്യൻ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ സുചേത പാടിത്തകർത്തത്. ദേവ് ചക്രബർത്തിയാണ് സംഗീതം പകർന്നത്. യു.എ.ഇയോടുള്ള സ്നേഹവും ഈ രാജ്യം മറ്റുള്ളവർക്ക് നൽകിയ കരുതലുമാണ് പാട്ടിെൻറ പ്രമേയം. ഈ രാജ്യവും അതിെൻറ സമ്പൽസമൃദ്ധിയും വളർച്ചയും ഞങ്ങളെ സന്തോഷിപ്പിക്കുന്നുവെന്നും ഈ രാജ്യത്തെ നെഞ്ചോടുചേർത്ത് അതിനെ സംരക്ഷിക്കുമെന്നും പാട്ടിലൂടെ വിവരിക്കുന്നു. യു.എ.ഇ എങ്ങനെയാണ് ഉണ്ടായതെന്നും ശൈഖ് സായിദിനെക്കുറിച്ചും പാട്ടിലുണ്ട്.
ആദ്യമായല്ല സുചേത അറബിയിൽ പാട്ടൊരുക്കുന്നത്. 130ലേറെ ഭാഷകളിൽ പാടി റെക്കോഡിട്ടിട്ടുണ്ട് ഈ കൊച്ചുമിടുക്കി. അറബിക്കും മലയാളത്തിനും പുറമെ ഇംഗ്ലീഷ്, ഫ്രഞ്ച്, പോളിഷ്, നേപ്പാളീസ്, പഞ്ചാബി, ബംഗാളി, മറാത്തി, കൊങ്കിണി, തമിഴ് തുടങ്ങിയ ഭാഷകളിലെല്ലാം സുചേത ഗാനം ആലപിച്ചു. 2018 മുതൽ ഷിഹാബ് ഗാനെവുമായി ചേർന്ന് പാട്ടൊരുക്കുന്നു. ഈ സൗഹൃദമാണ് ദേശീയദിനത്തിലെ ഗാനത്തിലേക്കും സുചേതയെ എത്തിച്ചത്. കോവിഡിനെക്കുറിച്ച് അറബിയിൽ അടുത്തിടെ ഇറങ്ങിയ ഗാനവും ആലപിച്ചത് സുചേതയാണ്. വിവിധ ഭാഷകളിൽ പാടുന്ന സുചേതയുടെ ഉച്ചാരണശുദ്ധിയാണ് ഈ ഗാനത്തിലേക്കും നയിച്ചതെന്ന് പിതാവ് ഡോ. സതീഷ് പറഞ്ഞു. നാലാം വയസ്സിൽ സംഗീതപരിപാടികൾ അവതരിപ്പിച്ച് തുടങ്ങിയ സുചേത യേശുദാസ് അടക്കമുള്ള പ്രമുഖർക്കൊപ്പം വേദി പങ്കിട്ടു. മാതാവ് സുമിത. സഹോദരൻ: സുശാന്ത്. സുചേതയുടെ യൂട്യൂബ് ചാനലിൽ (Suchetha Satish) വിഡിയോ കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.