സുഡാൻ സംഘർഷം: ഇന്ത്യ-യു.എ.ഇ വിദേശകാര്യമന്ത്രിമാർ ചർച്ചചെയ്തു
text_fieldsദുബൈ: സുഡാനിൽ സംഘർഷം രൂക്ഷമായ സാഹചര്യം സംബന്ധിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനും ചർച്ച ചെയ്തു. ബുധനാഴ്ച ഫോൺ വഴിയാണ് നിലവിലെ സാഹചര്യം സംബന്ധിച്ച് ഇരു നേതാക്കളും സംസാരിച്ചത്.
ഇന്ത്യക്കാരായ നിരവധിപേർ സുഡാനിൽ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിൽ രക്ഷാദൗത്യം സംബന്ധിച്ചും ചർച്ച നടന്നിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിന് ശ്രമങ്ങൾ സജീവമാക്കുന്നതിന്റെ ഭാഗമായി നേരത്തെ എസ്. ജയ്ശങ്കർ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനുമായും ചർച്ച നടത്തിയിട്ടുണ്ട്. സുഡാനിലെ സാഹചര്യം സംബന്ധിച്ച് അഭിപ്രായം പങ്കുവെച്ചതിൽ ശൈഖ് അബ്ദുല്ലക്ക് ജയ്ശങ്കർ ട്വിറ്ററിൽ നന്ദി അറിയിച്ചു.
അതിനിടെ, ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്ന് ദുബൈ വഴി സുഡാനിലേക്ക് പുറപ്പെട്ട യാത്രക്കാർക്ക് താമസ സൗകര്യമൊരുക്കുമെന്ന് ദുബൈ വിമാനത്താവളം അധികൃതർ അറിയിച്ചു. സുഡാനിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ വിമാന സർവിസുകൾ നിർത്തിവെച്ച സാഹചര്യത്തിലാണ് നടപടി സ്വീകരിച്ചിട്ടുള്ളത്.
സുഡാൻ തലസ്ഥാനമായ ഖാർത്തൂമിലേക്ക് വിമാന സർവിസ് പുനരാരംഭിക്കുന്നത് വരെയോ മറ്റേതെങ്കിലും രാജ്യത്തേക്ക് മടങ്ങുന്നത് വരെയോ താമസം ഒരുക്കും. യാത്രക്കാരുടെ സുരക്ഷക്ക് ഏറ്റവും കൂടുതൽ പരിഗണന നൽകുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.