വിദ്യാഭ്യാസത്തിലൂടെ മാത്രമേ ലിംഗസമത്വം സാധ്യമാകൂ -സുധ മൂർത്തി
text_fieldsഷാർജ: വിദ്യാഭ്യാസത്തിലൂടെ മാത്രമേ ലിംഗസമത്വം സാധ്യമാകുകയുള്ളൂവെന്നും സ്ത്രീകൾ സ്വന്തം അവകാശങ്ങളെക്കുറിച്ച് കൂടുതൽ ബോധവതികളാകേണ്ടതുണ്ടെന്നും എഴുത്തുകാരിയും ജീവകാരുണ്യ പ്രവർത്തകയുമായ സുധ മൂർത്തി. ഷാർജ കുട്ടികളുടെ വായനോത്സവത്തിൽ പങ്കെടുക്കാനെത്തിയ അവർ എക്സ്പോ സെന്ററിൽ ഇന്ത്യൻ മാധ്യമപ്രവർത്തകരുമായുള്ള മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു.
ലിംഗസമത്വ വിഷയത്തിൽ സമൂഹത്തിൽ നല്ല മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് ശുഭകരമായ കാഴ്ചയാണ്. പണ്ട് എൻജിനീയറിങ്ങിന് പഠിച്ചിരുന്നപ്പോൾ താൻ ക്ലാസിലെ ഏക വിദ്യാർഥിനിയായിരുന്നു. ഇന്ന് പക്ഷേ, എല്ലാ പ്രഫഷനൽ കോളജുകളിലും കാണുന്ന മാറ്റങ്ങൾ അത്ഭുതകരമാണ്. മകളുടെ ഭർത്താവ് ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ശേഷം തനിക്കൊരു മാറ്റവും സംഭവിച്ചിട്ടില്ല. അതിനു മുമ്പും ശേഷവും താൻ ശക്തയാണ്. മരുമകൻ വലിയ സ്ഥാനത്തെത്തിയാലൊന്നും മാറുന്ന വ്യക്തിത്വമല്ല തന്റേത്.
ആളുകൾ എന്നിൽ മാറ്റങ്ങളുണ്ടെന്ന് സ്വയം കരുതുന്നതാണ്. സുധ മൂർത്തി ഇപ്പോൾ കൂടുതൽ ശക്തയായെന്ന് ചിലർ പറഞ്ഞു. മുമ്പേ താൻ ശക്തയാണെന്നായിരുന്നു അവരോട് മറുപടി നൽകിയത്. ഋഷി സുനക് അന്നും ഇന്നും മകനെപ്പോലെയാണ്. ആ നില തന്നെയായിരിക്കും ഇനിയും തുടരുക. മലയാളം അറിയില്ലെങ്കിലും കേരളം സന്ദർശിച്ചിട്ടുണ്ട്. ഏറെ ഇഷ്ടമുള്ള നാടാണത്. തന്റെ സെക്രട്ടറി മലയാളിയാണ്.
മരുമകൾ പാലക്കാട് സ്വദേശി. അങ്ങനെയാണ് പൊങ്കാലയെക്കുറിച്ച് മനസ്സിലാക്കിയത്. അതൊന്നു അനുഭവിക്കണമെന്ന് തോന്നി. ദൈവത്തിന്റെ മുന്നിൽ എല്ലാവരും തുല്യരാണെന്നതാണ് ഏറ്റവും വലിയ ആകർഷണം. കുട്ടികളുടെ പുസ്തകം എഴുതുക അത്ര എളുപ്പമുള്ള കാര്യമല്ലെന്നും എല്ലാം ഡിജിറ്റലായ കാലത്ത് ഇലക്ട്രിക് ഉപകരണങ്ങൾ കുട്ടികളുടെ വായനയെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്നും സുധ മൂർത്തി പറഞ്ഞു. സാദിഖ് കാവിൽ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.