ആദ്യദിനം പി.സി.ആർ ഫലം വേണമെന്ന് നിർദേശം
text_fieldsദുബൈ: ഈ മാസം അവസാനത്തോടെ പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങൾ ദേശീയ ദുരന്ത നിവാരണ അതോറിറ്റി പ്രഖ്യാപിച്ചു.
പന്ത്രണ്ടോ കൂടുതലോ പ്രായമുള്ള വിദ്യാർഥികളും ജീവനക്കാരും മറ്റു സേവനദാതാക്കളും സ്കൂളിലെ ആദ്യദിനം പി.സി.ആർ ഫലം ഹാജരാക്കണം. 96 മണിക്കൂറിനിടയിലെ പി.സി.ആർ നെഗറ്റിവ് ഫലമാണ് ഹാജരാക്കേണ്ടത്. എന്നാൽ, പിന്നീട് ഓരോ ഘട്ടത്തിലും പി.സി.ആർ ഫലം ആവശ്യമില്ല. ക്ലാസ് മുറികളിലടക്കം അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
ആഗസ്റ്റ് 29നാണ് യു.എ.ഇയിലെ സർക്കാർ, സ്വകാര്യ സ്കൂളുകളിൽ പുതിയ അധ്യയന വർഷം ആരംഭിക്കുക. 16 ലക്ഷത്തിലേറെ വിദ്യാർഥികളാണ് വീണ്ടും സ്കൂളിൽ എത്തിച്ചേരുക. സ്കൂളുകളിൽ സുരക്ഷ, ആരോഗ്യ സംരക്ഷണ മുന്നൊരുക്കങ്ങൾ പൂർത്തിയായതായി അധികൃതർ വ്യക്തമാക്കി. സ്കൂൾ കവാടങ്ങളിൽ തെർമൽ പരിശോധനയോ ക്ലാസ് മുറികളിൽ സാമൂഹിക അകലമോ പാലിക്കാൻ പുതിയ മാനദണ്ഡം നിഷ്കർഷിക്കുന്നില്ല. സ്കൂൾ ബസുകളിലെ ഡ്രൈവർമാരും ജീവനക്കാരും മാസ്ക് ധരിക്കുകയും സാനിറ്റൈസ് ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്.
അതേസമയം, കോവിഡ് സ്ഥിരീകരിച്ചാൽ കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കുന്നത് തുടരും. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ പുതിയ മാനദണ്ഡം പരിഗണിച്ച് ഓരോ എമിറേറ്റിലെയും വിദ്യാഭ്യാസ വകുപ്പുകളാകും സ്കൂളുകൾക്ക് നിർദേശം നൽകുക. ഒരു സ്കൂളിലെ 15 ശതമാനം കുട്ടികൾക്ക് കോവിഡ് ബാധിച്ചാലാണ് നിലവിലെ മാനദണ്ഡപ്രകാരം അടച്ചിടേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.