‘സൂഖുൽ ഫരീജ്’ റമദാൻ മാർക്കറ്റ് തുറന്നു
text_fieldsഷാർജ: 34ാമത് ഷാർജ റമദാൻ ഫെസ്റ്റിവലിന്റെ ഭാഗമായി ഷാർജ നാഷനൽ പാർക്കിൽ ‘സൂഖുൽ ഫരീജ്’ റമദാൻ മാർക്കറ്റ് തുറന്നു. ഷാർജ ചേംബർ ഓഫ് കോമേഴ്സിന്റെ നേതൃത്വത്തിലാണ് ചെറുകിട, ഇടത്തരം കച്ചവടക്കാരെയും സംരംഭകരെയും പ്രോത്സാഹിപ്പിക്കുന്ന മാർക്കറ്റ് രൂപപ്പെടുത്തിയത്.
ഏപ്രിൽ നാലു വരെയാണ് മാർക്കറ്റ് പ്രവർത്തിക്കുക. ഇമാറാത്തി പൈതൃകത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് വൈവിധ്യമാർന്ന ഫാഷൻ, ഭക്ഷണം, കരകൗശല വസ്തുക്കൾ തുടങ്ങിയവ മാർക്കറ്റിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ചെറുകിട, ഇടത്തരം കച്ചവടക്കാർ, കുടുംബങ്ങൾ, സംരംഭകർ എന്നിവരുടേതാണ് സ്റ്റാളുകളിൽ ഏറെയും. കൂടാതെ, റമദാൻ പ്രമാണിച്ച് രൂപകൽപന ചെയ്ത വൈവിധ്യമാർന്ന ഉൽപന്നങ്ങളുമുണ്ട്.
ഷോപ്പിങ് സ്റ്റാളുകൾക്കു പുറമെ, പൈതൃക ഗ്രാമം, പ്രാദേശികവും പരമ്പരാഗതവുമായ വിഭവങ്ങൾ ലഭിക്കുന്ന റസ്റ്റാറൻറ് ലോഞ്ച്, കുട്ടികൾക്കുള്ള വിനോദ പ്രവർത്തനങ്ങളും ഗെയിമുകളും എന്നിവയും മാർക്കറ്റിൽ ഉൾപ്പെടുന്നു. ഉദ്ഘാടന ചടങ്ങിൽ ചേംബർ ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഉവൈസും ഷാർജ സിറ്റി മുനിസിപ്പൽ കൗൺസിൽ ചെയർമാൻ സാലിം അലി അൽ മുഹൈരിയും ഷാർജ ചേംബർ ഡയറക്ടർ ബോർഡിലെ നിരവധി അംഗങ്ങളും സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.