അതിശയകരം ഭൂമി; നാം സംരക്ഷിക്കണം -അൽ നിയാദി
text_fieldsദുബൈ: ബഹിരാകാശ നിലയത്തിൽനിന്ന് ഭൂമിയുടെ കാഴ്ച അതിശയകരമാണെന്നും എന്നാൽ മലിനീകരണത്തിന്റെ തീവ്രത കാണാനാകുന്നുണ്ടെന്നും യു.എ.ഇ ബഹിരാകാശ യാത്രികൻ സുൽത്താൻ അൽ നിയാദി ദുബൈ ഫ്യൂചർ മ്യൂസിയത്തിൽ മാധ്യമപ്രവർത്തകർക്കായി സംഘടിപ്പിച്ച തത്സമയ സംവാദ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ബഹിരാകാശ നിലയത്തിൽനിന്ന് ഭൂമിയിലേക്ക് നോക്കുമ്പോൾ സുന്ദരമായ ഭൂമിയുടെ ചിത്രം മനസ്സിലാക്കാൻ കഴിയുന്നുണ്ട്.
ചരിത്രത്തിന്റെ സഞ്ചാരത്തിൽ ഗ്രഹത്തിന് സംഭവിക്കുന്ന മാറ്റങ്ങളെയും തിരിച്ചറിയാൻ കഴിയുന്നു. ഭൂമിയെ സംരക്ഷിച്ചു നിർത്തേണ്ടത് അനിവാര്യമാണെന്നാണ് വ്യക്തിപരമായി എനിക്ക് അനുഭവപ്പെട്ടത്- അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് ഹിമാലയ പർവത നിരകൾക്ക് മുകളിൽ കാണാനായ കാഴ്ചയും അദ്ദേഹം പങ്കുവെച്ചു. ഇന്ന് ഞാൻ ഹിമാലയത്തിന് മുകളിലൂടെ സഞ്ചരിച്ചു.
ഒരു ഭാഗത്ത് വായു മലിനീകരണത്തിന്റെ തീവ്രതയും മറ്റൊരു ഭാഗത്ത് മേഘക്കൂട്ടങ്ങളും കാണാനായി. ഭൂമിയെ സംരക്ഷിക്കേണ്ടത് സന്തോഷത്തോടെ ജീവിക്കാൻ ആവശ്യമാണ്. വൃത്തിയായും ശുചിത്വം പാലിച്ചും ഭൂമിയെ സംരക്ഷിക്കണം. അങ്ങനെയെങ്കിൽ നമുക്ക് ദീർഘകാലം ജീവിക്കാം -അദ്ദേഹം വ്യക്തമാക്കി.
ബഹിരാകാശ നിലയത്തിൽ കഴിയുമ്പോൾ ഭൂമിയിൽ സുലഭമായ വെള്ളത്തിന്റെയും ഓക്സിജന്റെയും വിലയറിയാൻ സാധിക്കുന്നുവെന്നും അൽ നിയാദി ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
ഭാരമില്ലായ്മ എനിക്ക് ആവേശമാണ്
ഭൂമിയിൽ നിന്ന് ഏറെ ദൂരെ കഴിയുമ്പോൾ മാനസികമായ പിരിമുറുക്കം അനുഭവപ്പെടില്ലേ എന്ന ചോദ്യത്തിന് പുഞ്ചിരിച്ചുകൊണ്ടാണ് അൽ നിയാദി മറുപടി പറഞ്ഞത്. ഭൂമിയിൽ നിങ്ങൾ സന്തുഷ്ടരെങ്കിൽ ഞാനും സന്തുഷ്ടനാണ്. മാനസികമായി നല്ല നിലയിലാണ്.
ശാരീരികഭാരം സ്ഥിരമായി നിലനിർത്തിയാണ് മുന്നോട്ടുപോകുന്നത്. ബഹിരാകാശത്ത് സമയം വളരെ വേഗത്തിലാണ് കൊഴിഞ്ഞു തീരുന്നത്. ഒരോ ദിവസവും 16 തവണ സൂര്യോദയവും അസ്തമയവും കാണുന്നു. എന്നാലിപ്പോൾ ഈ ജൈവഘടികാരവുമായി പൊരുത്തപ്പെട്ടുകഴിഞ്ഞു.
ആദ്യം ഉറങ്ങാൻ അൽപം ബുദ്ധിമുട്ട് തോന്നിയെങ്കിലും പിന്നീട് അത് ആസ്വദിക്കാൻ തുടങ്ങി. ഭാരമില്ലായ്മ എനിക്ക് വിവരിക്കാൻ കഴിയാത്ത ഒരു ആവേശമാണ് -അദ്ദേഹം പറഞ്ഞു. ബഹിരാകാശത്ത് വെല്ലുവിളികൾ ഏറെയുണ്ടെന്നും ചിലപ്പോഴൊക്കെ സങ്കീർണതകളുണ്ടാവാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ ദിവസവും കൃത്യമായി വ്യായാമം ചെയ്ത് മസിലുകളുടെ ശക്തി നിലനിർത്തുന്നതായും എല്ലാ ദിവസവും കുടുംബവുമായി ഇ-മെയിൽ, വോയ്സ് കാൾ, വിഡിയോ കാൾ എന്നിവ വഴി ബന്ധപ്പെടാൻ സൗകര്യമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
ഗവേഷണങ്ങൾ പുരോഗമിക്കുന്നു
ബഹിരാകാശത്ത് നിശ്ചയിച്ച ഗവേഷണങ്ങൾ പുരോഗമിക്കുന്നതായി അൽ നിയാദി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഭൂമിയിലെ ഗുരുത്വാകർഷണത്തിൽ ചില പരീക്ഷണങ്ങൾ ശരിയായി നടത്താൻ കഴിയില്ല. അതിനാലാണ് ബഹിരാകാശം ഇതിനായി തെരഞ്ഞെടുക്കുന്നത്. നിരവധി ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കയാണ്. ഓരോ ദിവസവും നിശ്ചിത ലക്ഷ്യങ്ങളുണ്ട് -അദ്ദേഹം കൂട്ടിച്ചേർത്തു. ബഹിരാകാശത്ത് നാൽപത് ദിവസം പിന്നിടുമ്പോൾ ആകാംക്ഷ വർധിക്കുകയാണെന്നും സാധാരണ മനുഷ്യർക്കുള്ള വികാരങ്ങൾ തന്നെയാണ് തനിക്കുമെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ദൗത്യത്തിനിടയിൽ സംഭവിക്കുന്ന സാങ്കേതികമായ വെല്ലുവിളികളെ നേരിടാൻ പരിശീലിക്കപ്പെട്ടതിനാൽ ആശങ്കയില്ലെന്നും അടുത്ത മാസങ്ങളിൽ സൗദിയിൽ നിന്ന് എത്തിച്ചേരുന്ന ബഹിരാകാശ യാത്രികരെ സ്വീകരിക്കാൻ സന്തോഷത്തോടെ കാത്തിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.
20 മിനിറ്റ് നീണ്ട തത്സമയ സംവാദം ‘എ കാൾ വിത് സ്പെയ്സ്’ പരിപാടിയുടെ ദുബൈയിലെ രണ്ടാമത്തെ എഡിഷനായിരുന്നു. മാധ്യമപ്രവർത്തകർക്കായി പ്രത്യേകം ഒരുക്കിയ ചടങ്ങിൽ പ്രദേശിക, അന്തർദേശീയ തലങ്ങളിൽ നിന്ന് 130ലേറെ പേർ പങ്കെടുത്തു. മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രം ഡയറക്ടർ ജനറൽ സലീം ഹുമൈദ് അൽ മർറി സംവാദത്തിന് മുമ്പായി യു.എ.ഇയുടെ ബഹിരാകാശ പദ്ധതികൾ വിശദീകരിച്ച് സംസാരിച്ചു. കേന്ദ്രത്തിന്റെ സ്ട്രാറ്റജിക് കമ്യൂണിക്കേഷൻസ് ഡയറക്ടർ സഊദ് കർമുസ്തജി അതിഥികളെ സ്വാഗതം ചെയ്തു.
‘ഇമാറാത്ത് ബീറ്റ്സ്’ പ്രത്യേകപേജ് ഏറ്റുവാങ്ങി
ദുബൈ: സുൽത്താൻ അൽ നിയാദിയെ കുറിച്ച് ഗൾഫ് മാധ്യമം ‘ഇമാറാത്ത് ബീറ്റ്സ്’ പ്രസിദ്ധീകരിച്ച പ്രത്യേക പേജ് മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രം(എം.ബി.ആർ.എസ്.സി) അധികൃതർ ഏറ്റുവാങ്ങി. ദുബൈ ഫ്യൂചർ മ്യൂസിയത്തിൽ നടന്ന തത്സമയ മാധ്യമ സംവാദ പരിപാടിക്കിടെയാണ് എം.ബി.ആർ.എസ്.സി സ്ട്രാറ്റജിക് കമ്യൂണിക്കേഷൻ ഡയറക്ടർ സഊദ് കർമുസ്തജിക്ക് ‘ഗൾഫ് മാധ്യമ’ത്തിന്റെ റിപ്പോർട്ടുകൾ പരിചയപ്പെടുത്തുകയും പേജ് കൈമാറുകയും ചെയ്തത്.
യു.എ.ഇയുടെ ബഹിരാകാശ പദ്ധതികൾ വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുന്നതിൽ അഭിനന്ദനം അറിയിച്ച അദ്ദേഹം, ‘ഗൾഫ് മാധ്യമം’ സംഘത്തെ ബഹിരാകാശ കേന്ദ്രത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. ‘ഗൾഫ് മാധ്യമം’ മിഡിലീസ്റ്റ് എഡിറ്റോറിയൽ ഹെഡ് സാലിഹ് കോട്ടപ്പള്ളി, ദുബൈ ബ്യൂറോ ഹെഡ് ശിഹാബ് അബ്ദുൽ കരീം എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.