നിയാദിയെ വരവേറ്റത് പിതാവും മക്കളും ചേർന്ന്
text_fieldsദുബൈ: യു.എ.ഇയുടെ സ്വപ്നദൗത്യം പൂർത്തിയാക്കി മാതൃരാജ്യത്ത് തിരിച്ചെത്തിയ സുൽത്താൻ അൽ നിയാദിയെ സ്വീകരിച്ചത് മക്കളും പിതാവും ചേർന്ന്. അൽഐൻ എന്ന് ആലേഖനം ചെയ്ത വിമാനത്തിൽനിന്ന് ഇറങ്ങിയ നിയാദി മക്കളെ കണ്ട ഉടനെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കിട്ടു. ശേഷം പിതാവിനെയും ആശ്ലേഷിച്ചു. പരമ്പരാഗത അറബ് നൃത്തങ്ങളുടെ അകമ്പടിയോടെയാണ് അദ്ദേഹത്തെ ഇമാറാത്തി ജനത സ്വീകരിച്ചത്. ബഹിരാകാശ യാത്രികരുടെ വേഷം ധരിച്ച സ്കൂൾ കുട്ടികൾ യു.എ.ഇയുടെ പതാകകൾ വീശിയും പ്രായം ചെന്നവർ കെട്ടിപ്പിടിച്ചും സന്തോഷം പങ്കിട്ടു.
സ്വപ്നം യാഥാർഥ്യമായതിന്റെ സന്തോഷത്തിലാണ് താനെന്നും യു.എ.ഇയുടെ ഏത് ദൗത്യത്തിന്റെ ഭാഗമാവാനും ഇനിയും താൻ തയാറാണെന്നും സുൽത്താൻ അൽ നിയാദി പറഞ്ഞു. കുടുംബത്തോടൊപ്പവും പ്രാർഥനക്കുമായും ഈ ഇടവേള സമയം ചെലവഴിക്കുമെന്നും നിയാദി കൂട്ടിച്ചേർത്തു. മക്കളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ സമയം കണ്ടെത്തണം. യു.എ.ഇയുടെ ബഹിരാകാശ ദൗത്യത്തിന്റെ ഭാഗ്യചിഹ്നമായ സുഹൈൽ പാവ മകൻ അബ്ദുല്ലക്ക് നൽകിയ നിയാദി അവനെ തോളിലേറ്റിയാണ് നടന്നത്. സുഹൈൽ പാവ ഒറിജിനൽ തന്നെ അല്ലേ എന്ന മകന്റെ ചോദ്യം തന്നെ അത്ഭുതപ്പെടുത്തിയതായി നിയാദി പറഞ്ഞു. പാവയുടെ ഒറിജിനൽ അല്ല മകന് നൽകിയതെന്നും ഒറിജിനൽ ഔദ്യോഗികമായി മറ്റൊരിടത്ത് സൂക്ഷിച്ചുവെച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇന്ത്യയുടെ ചന്ദ്രയാൻ വിജയത്തിൽ അഭിമാനമുണ്ടെന്ന് മാധ്യമങ്ങളുടെ ചോദ്യത്തോട് സുൽത്താൻ അൽ നിയാദി പ്രതികരിച്ചു. ഒരേ മേഖലയിൽനിന്നുള്ള രാജ്യമായതിനാൽ ഏറെ അഭിമാനത്തോടെയാണ് ചന്ദ്രയാനെ വീക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ബഹിരാകാശരംഗത്തെ ഐ.എസ്.ആർ.ഒയുമായുള്ള സഹകരണം കൂടുതൽ ശക്തമാക്കുമെന്ന് മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്റർ ഡയറക്ടർ ജനറൽ സലീം അൽ മർറി പറഞ്ഞു. സുപ്രധാനമായ ചില പരീക്ഷണങ്ങൾ എന്റെ ശരീരത്തിൽ നടത്താനുണ്ട്. അതിന് തയാറാണെന്നും നിയാദി എം.ബി.ആർ.സി ഡയറക്ടറെ അറിയിച്ചു. ബഹിരാകാശദൗത്യം അപകടസാധ്യത ഉള്ളതാണ്. എന്നാൽ, കാര്യക്ഷമമായ സംവിധാനങ്ങളെ വിശ്വാസത്തിൽ എടുക്കണം. ആരോഗ്യം അനുവദിച്ചാൽ വീണ്ടും ബഹിരാകാശ ദൗത്യങ്ങളുടെ ഭാഗമാകണം എന്നാണ് ആഗ്രഹം എന്നും നിയാദി പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.