'ബഹിരാകാശത്തുനിന്ന് എന്ത് കൊണ്ടുവരും' മകന്റെ ചോദ്യത്തിന് പുഞ്ചിരിയോടെ മറുപടി നൽകി അൽ നിയാദി
text_fieldsദുബൈ: യു.എ.ഇ ബഹിരാകാശ യാത്രികൻ സുൽത്താൻ അൽ നിയാദി ജനങ്ങളുമായി സംവദിക്കുന്ന ‘എ കാൾ ഫ്രം സ്പേസ്’ പരിപാടിയിൽ അതിഥികളായി മക്കൾ എത്തിയത് കൗതുകമായി. അൽ നിയാദിയുടെ മക്കളായ റാശിദ് സുൽത്താനും അബ്ദുല്ല സുൽത്താനുമാണ് ഉമ്മുൽഖുവൈനിൽ നടന്ന സംവാദ ചടങ്ങിൽ പങ്കെടുത്തത്. സുൽത്താന്റെ പിതാവ് സൈഫ് അൽ നിയാദിക്കൊപ്പമാണ് ഇവർ എത്തിച്ചേർന്നത്. ഉമ്മുൽഖുവൈൻ യൂനിവേഴ്സിറ്റിയിലാണ് പരിപാടി നടന്നത്.
ചടങ്ങിൽ അൽ നിയാദി മക്കൾ രണ്ടുപേരുടെയും ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. മൂത്തയാളായ റാശിദിന്റെ ചോദ്യം ബഹിരാകാശത്തുനിന്ന് തിരിച്ചുവരുമ്പോൾ തങ്ങൾക്ക് എന്ത് കൊണ്ടുവരുമെന്നായിരുന്നു. പുഞ്ചിരിയോടെ ചോദ്യത്തെ നേരിട്ട അദ്ദേഹം, നിങ്ങളുടെ സാന്നിധ്യം സർപ്രൈസായി എന്നു പറഞ്ഞാണ് മറുപടി തുടങ്ങിയത്.
ഭാഗ്യചിഹ്നമായ ‘സുഹൈൽ’ പാവയും പ്രത്യേകം സമ്മാനങ്ങളുമുണ്ടാകുമെന്ന് മകന് മറുപടി നൽകി. ഭൂമിയിൽ താങ്കൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമെന്താണ് എന്നായിരുന്നു രണ്ടാമത്തെ മകൻ അബ്ദുല്ലയുടെ ചോദ്യം. നീയാണെനിക്ക് ഭൂമിയിൽ ഏറ്റവും ഇഷ്ടപ്പെട്ടത് എന്ന് പറഞ്ഞാണ് ഈ ചോദ്യത്തെ അദ്ദേഹം നേരിട്ടത്. നേരത്തെ ലൂവർ അബൂദബിയിലെ ‘എ കാൾ ഫ്രം സ്പേസ്’ പരിപാടിയിലും പിതാവ് സൈഫ് അൽ നിയാദി പങ്കെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.