സുൽത്താൻ നിയാദിയുടെ ബഹിരാകാശ ദൗത്യം വൈകും
text_fieldsദുബൈ: റഷ്യയുടെ സോയൂസ് പേടകത്തിന്റെ രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് പുതിയ പേടകം ബഹിരാകാശത്തേക്ക് അയക്കുന്നതിനാൽ യു.എ.ഇയുടെ സുൽത്താൻ അൽ നിയാദിയുടെ ബഹിരാകാശ ദൗത്യം വൈകും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പ്രവർത്തിക്കുന്ന റഷ്യയുടെ സോയൂസ് എം.എസ് 22 പേടകത്തിനുള്ളിൽ താപനില ഉയർന്നതാണ് നിയാദിക്ക് തിരിച്ചടിയായത്. സോയൂസ് പേടകത്തിലെ ശീതീകരണ സംവിധാനത്തിലുണ്ടായ ചോർച്ചയാണ് താപനില 30 ഡിഗ്രി സെൽഷ്യസായി ഉയരാൻ കാരണമായത്. യാത്രക്കാർ സുരക്ഷിതരാണെങ്കിലും സോയൂസ് എം.എസ് 23 എന്ന പേടകം അയച്ച് ഇവരെ തിരിച്ചെത്തിക്കാനാണ് പദ്ധതി. ആറു മാസത്തിനു ശേഷമാണ് ഇവർ തിരിച്ചെത്തുന്നത്.
ഈ ദൗത്യം പൂർത്തിയായ ശേഷമേ നിയാദിയുടെ ബഹിരാകാശ ദൗത്യം ആരംഭിക്കൂ. ഫെബ്രുവരി 20നാണ് സോയൂസ് എം.എസ് 23 വിക്ഷേപിക്കുന്നത്. രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ആറുമാസം ചെലവഴിക്കുന്ന ആദ്യ അറബ് ബഹിരാകാശ സഞ്ചാരിയാകാനുള്ള ഒരുക്കത്തിലായിരുന്നു സുൽത്താൻ അൽ നിയാദി. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് സ്പേസ് എക്സ് ക്രൂ 6 പേടകത്തിലാണ് നിയാദിയുടെയും സംഘത്തിന്റെയും യാത്ര പദ്ധതിയിട്ടിരുന്നത്. എന്നാൽ, രക്ഷാദൗത്യം പൂർത്തിയാകുന്നതുവരെ ഈ ദൗത്യം മാറ്റിവെക്കുകയായിരുന്നു. റഷ്യൻ ബഹിരാകാശ സഞ്ചാരികളായ സെർജി പ്രൊകപ്യേവ്, ദിമിത്രി പെറ്റ്ലിൻ, നാസയുടെ ബഹിരാകാശ സഞ്ചാരി ഫ്രാങ്ക് റൂബിയോ എന്നിവരുമായി സോയൂസ് എം.എസ്-22 ബഹിരാകാശ വാഹനം സെപ്റ്റംബറിലാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. വാഹനത്തിലെ താപനില ക്രമീകരിക്കുന്ന കൂളന്റ് ചോർന്നതായി കഴിഞ്ഞമാസം കണ്ടെത്തി.
സോയൂസ് എം.എസ്-22നും തകരാർ സംഭവിച്ചു. ഇതോടെയാണ് മൂന്നു യാത്രക്കാരെയും തിരികെ കൊണ്ടുവരുന്നതിന് സോയൂസ് എം.എസ് 23 അയക്കുന്നത്. നാസയുമായി ചർച്ച നടത്തിയശേഷമാണ് യാത്രക്കാരില്ലാത്തതും പൂർണമായും ഓട്ടോമാറ്റിക്കുമായ സോയൂസ് എം.എസ്-23 അയക്കുന്നത്.സുൽത്താൻ നിയാദിയുടെ ദൗത്യം പൂർത്തീകരിക്കുന്നതോടെ ബഹിരാകാശത്തേക്ക് ദീർഘകാലത്തേക്ക് സഞ്ചാരികളെ അയക്കുന്ന 11ാമത്തെ രാജ്യമായും യു.എ.ഇ മാറും. യു.എ.ഇയിൽനിന്ന് ബഹിരാകാശ ദൗത്യത്തിനായി ആദ്യമായി തിരഞ്ഞെടുത്ത സഞ്ചാരികളിൽ ഒരാളാണ് സുൽത്താൻ അൽ നിയാദി. 2019 സെപ്റ്റംബറിലായിരുന്നു രാജ്യാന്തര ബഹിരാകാശ നിലയത്തിലെ യു.എ.ഇയുടെ ആദ്യ ദൗത്യം. ഇതിനായി യു.എ.ഇയുടെ ആദ്യ ബഹിരാകാശ യാത്രികൻ ഹസ്സ അൽ മൻസൂരിക്കൊപ്പം സുൽത്താൻ അൽ നിയാദിയെയും തിരഞ്ഞെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.