ജന്മഗ്രാമത്തിൽ സുൽത്താൻ അൽ നിയാദിക്ക് ഊഷ്മള സ്വീകരണം
text_fieldsഅബൂദബി: ദീർഘകാല ബഹിരാകാശ ദൗത്യം പൂർത്തിയാക്കിയ ശേഷം ജന്മഗ്രാമത്തിലെത്തിയ സുൽത്താൻ അൽ നിയാദിക്ക് ഊഷ്മള സ്വീകരണം.
അൽഐനിലെ ഉമ്മു ഗഫാ പ്രദേശത്താണ് കഴിഞ്ഞ ദിവസം സ്വീകരണ ചടങ്ങ് ഒരുക്കിയത്. പരമ്പരാഗത അറബ് നൃത്തച്ചുവടുകളോടെയാണ് വലിയ ജനക്കൂട്ടം അൽ നിയാദിയെ സ്വീകരിച്ചത്. കുട്ടികളും മുതിർന്നവരുമായ നാട്ടുകാരെ അഭിവാദ്യംചെയ്ത് ദീർഘനേരം വേദിയിൽ അദ്ദേഹം ചിലവഴിച്ചു. അൽ നിയാദിക്കൊപ്പം മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രം ചെയർമാൻ ഹമദ് ഉബൈദ് അൽ മൻസൂരി, വൈസ് ചെയർമാൻ യൂസുഫ് ഹമദ് അൽ ശൈബാനി, ഡയറക്ടർ ജനറൽ സാലിം ഹുമൈദ് അൽ മർറി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
യു.എ.ഇയുടെ ആദ്യ ബഹിരാകാശ യാത്രികനായ ഹസ്സ അൽ മൻസൂരിയും ചടങ്ങിൽ അൽ നിയാദിക്കൊപ്പമുണ്ടായിരുന്നു. നേരത്തേ തന്നെ ഉമ്മു ഗഫായിലെ തെരുവുകൾ അദ്ദേഹത്തെ സ്വീകരിക്കാൻ അലങ്കരിച്ചിരുന്നു. ആറുമാസത്തെ ബഹിരാകാശ ദൗത്യവും ഹ്യൂസ്റ്റനിൽ രണ്ടാഴ്ച നീണ്ട ആരോഗ്യ വീണ്ടെടുപ്പിനും ശേഷം ഇമാറാത്തിന്റെ അഭിമാനതാരം കഴിഞ്ഞ തിങ്കളാഴ്ചയാണ് യു.എ.ഇയിൽ എത്തിയത്.
അബൂദബി വിമാനത്താവളത്തിൽ രാഷ്ട്രനേതാക്കളുടെ നേതൃത്വത്തിൽ ഗംഭീര സ്വീകരണമാണ് ഒരുക്കിയിരുന്നത്. ബഹിരാകാശ ദൗത്യം പൂർത്തീകരിച്ച് സെപ്റ്റംബർ 4നാണ് യു.എസിലെ ഫ്ലോറിഡയിൽ അദ്ദേഹം മടങ്ങിയെത്തിയത്.
ചികിത്സയും ശാസ്ത്ര പരീക്ഷണങ്ങളും പൂർത്തിയാക്കി 14 ദിവസത്തിനു ശേഷമാണ് യു.എ.ഇയിലേക്ക് മടങ്ങിയത്. ഒരാഴ്ചയോളം മാതൃരാജ്യത്ത് ചെലവഴിക്കുമെന്നാണ് അധികൃതർ നേരത്തെ വെളിപ്പെടുത്തിയത്.
പിന്നീട് ശാസ്ത്ര പരീക്ഷണങ്ങൾ തുടരുന്നതിന് ഹ്യൂസ്റ്റനിലേക്ക് തന്നെ മടങ്ങും. 1981ൽ ജനിച്ച സുൽത്താൻ അൽ നിയാദി ഉമ്മു ഗഫാ പ്രൈമറി ബോയ്സ് സ്കൂളിലും സെക്കൻഡറി സ്കൂളിലുമായാണ് പഠനം പൂർത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.