ചരിത്രത്തിലേക്ക് തിരികെയിറങ്ങി സുൽത്താൻ അൽ നിയാദി
text_fieldsദുബൈ: അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ ആറുമാസത്തിലധികം നീണ്ടുനിന്ന ചരിത്രദൗത്യം വിജയകരമായി പൂർത്തീകരിച്ച് യു.എ.ഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നിയാദി ഭൂമിയിൽ തിരിച്ചെത്തി.
തിങ്കളാഴ്ച യു.എ.ഇ സമയം രാവിലെ 8.17ന് (ഇന്ത്യൻസമയം 9.47ന്) ഫ്ലോറിഡയിലെ ജാക്‌സൺവില്ല തീരത്താണ് സ്‌പേസ് എക്‌സ് ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ നിയാദിയും സംഘവും സുരക്ഷിതമായി തിരിച്ചിറങ്ങിയത്.
പാരച്യൂട്ടിൽ കടലിൽ ഇറങ്ങിയ പേടകത്തിൽനിന്ന് ഒരു മണിക്കൂറിനകം യാത്രികരെ പുറത്തിറക്കി. യു.എ.ഇയുടെ ആദ്യ ബഹിരാകാശ യാത്രികൻ ഹെസ് അൽ മൻസൂരി, ഡോ. ഹനാൻ അൽ സുവൈദി തുടങ്ങിയവർ നിയാദിയെ സ്വീകരിക്കാനെത്തിയിരുന്നു.
നാസയുടെ സ്റ്റീഫൻ ബോവൻ, വാറൻഹോബർഗ്, റഷ്യയുടെ ആന്ധ്രേ ഫിഡ് യേവ് എന്നിവരാണ് നിയാദിക്കൊപ്പമുണ്ടായിരുന്ന ബഹിരാകാശ ഗവേഷകർ. പ്രാഥമിക ആരോഗ്യപരിശോധനകൾക്ക് ശേഷം യാത്രികരെ പുനരധിവാസകേന്ദ്രത്തിലേക്ക് മാറ്റി.
മൂന്നാഴ്ച ആരോഗ്യപരിചരണം നൽകും. ആറുമാസത്തോളം ഗുരുത്വാകർഷണമില്ലാതെ ജീവിച്ച ഇവർക്ക് ഭൂഗുരുത്വാകർഷണവുമായി താദാത്മ്യം പ്രാപിക്കാനുള്ള പരിശീലനമാണ് നൽകുക.
186 ദിവസത്തെ ദൗത്യം പൂർത്തിയാക്കിയാണ് അൽ നിയാദി ഉൾപ്പെടെയുള്ള സംഘത്തിന്‍റെ മടക്കം.
തിരികെയാത്ര ദുബൈയിലെ മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്‍റര്‍ (എം.ബി.ആര്‍.എസ്.സി) തത്സമയം സംപ്രേഷണം ചെയ്തിരുന്നു. ദീർഘകാല ഗവേഷണങ്ങൾക്കായി മാർച്ച് മൂന്നിനാണ് നിയാദിയും കൂട്ടരും ബഹിരാകാശത്തേക്ക് പുറപ്പെട്ടത്.
ആറു മാസത്തിനിടെ 200ൽ അധികം പരീക്ഷണങ്ങളിൽ നിയാദി പങ്കാളിയായി. ദീർഘകാല ബഹിരാകാശ ദൗത്യം പൂർത്തിയാക്കുന്ന അറബ് ലോകത്തെ ആദ്യ ബഹിരാകാശ യാത്രികൻ, ഏഴ് മണിക്കൂറിലേറെ സ്പേസ് വാക്ക് നടത്തിയ ആദ്യ അറബ് വംശജൻ തുടങ്ങി നിരവധി റെക്കോഡുകളും നിയാദി സ്വന്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.