ദൗത്യം പാതി പിന്നിട്ട് സുൽത്താൻ നിയാദി
text_fieldsദുബൈ: ബഹിരാകാശത്ത് പുതു ചരിതമെഴുതി യു.എ.ഇയുടെ സുൽത്താൻ അൽ നിയാദി ദൗത്യം തുടങ്ങിയിട്ട് മൂന്ന് മാസം. ബഹിരാകാശത്ത് ഏറ്റവുമധികം കാലം ചെലവഴിക്കുന്ന അറബ് പൗരൻ എന്ന ലക്ഷ്യം ഇതിനകം മറികടന്ന നിയാദി ഇനിയൊരു മൂന്ന് മാസം കൂടി ആകാശത്ത് നീന്തിത്തുടിക്കും. ആറ് മാസം ദൈർഘ്യമേറിയ ദൗത്യവുമായി മാർച്ച് മൂന്നിനാണ് സുൽത്താൻ നിയാദി ബഹിരാകാശത്തേക്ക് കുതിച്ചുയർന്നത്. അമേരിക്കയിലെ ഫ്ലോറിഡ കെന്നഡി ബഹിരാകാശ നിലയത്തിൽ നിന്നാണ് സ്പേസ് എക്സ് റോക്കറ്റിൽ നിയാദിയും ‘നാസ’യുടെ മിഷൻ കമാൻഡർ സ്റ്റീഫൻ ബോവൻ, പൈലറ്റ് വാറൻ ഹോബർഗ്, റഷ്യൻ ബഹിരാകാശ യാത്രികൻ ആൻഡ്രേ ഫെഡ് യാവേവ് എന്നിവരും യാത്ര തുടങ്ങിയത്.
ഈ കാലയളവിനിടെ ഒരുപിടി നേട്ടവും നിയാദി സ്വന്തം പേരിൽ എഴുതിചേർത്തു. ബഹിരാകാശത്ത് നടക്കുന്ന ആദ്യ അറബ് വംശജൻ എന്ന നേട്ടമായിരുന്നു ഇതിൽ പ്രധാനം. സ്റ്റീഫൻ ബോവനൊപ്പം പുറത്തിറങ്ങിയ നിയാദി ആറ് മണിക്കൂറോളം ബഹിരാകാശത്ത് കൂടി നടന്നു. 1998ൽ ബഹിരാകാശ നിലയം സ്ഥാപിച്ച ശേഷം ഇതുവരെ 259 ബഹിരാകാശയാത്രികർ മാത്രമാണ് ബഹിരാകാശത്ത് ഒഴുകിനടന്നിട്ടുള്ളത്. നാസയാണ് നിയാദിയെ ദൗത്യത്തിന് തെരഞ്ഞെടുത്തത്. ഇതിന് പുറമെ, ഡ്രാഗൺ ക്യാപ്സൂൾ റീ ലൊക്കേറ്റ് ചെയ്യാനുള്ള ദൗത്യവും നിയാദി വിജയകരമായി പൂർത്തിയാക്കി.
സമൂഹമാധ്യമങ്ങളിലൂടെ ബഹിരാകാശവുമായി ബന്ധപ്പെട്ട വിവരങ്ങളും വിശേഷങ്ങളും നിയാദി പങ്കുവെക്കാറുണ്ട്. ഭാവി തലമുറക്കും യു.എ.ഇക്കും ഉപകാരപ്പെടുന്ന ശാസ്ത്ര വിവരങ്ങൾ കണ്ടെത്താനും നിയാദിയുടെ യാത്രക്ക് കഴിയുമെന്നാണ് കരുതുന്നത്. ഇതിനകം നിരവധി വിവരങ്ങൾ നിയാദിയുടെ സംഘം കൈമാറിയിട്ടുണ്ട്. ആയോധന കലയായ ജിയോ ജിത്സുവും ബഹിരാകാശത്ത് പരിശീലിച്ചു. ആദ്യമായാണ് ഒരാൾ ബഹിരാകാശത്ത് ജിയോ ജിത്സു പരിശീലിക്കുന്നത്. മനുഷ്യനെ വഹിച്ചുള്ള ചാന്ദ്ര യാത്രകൾക്കായി തയാറെടുക്കാൻ സഹായിക്കുന്നതുൾപ്പെടെ 250 ഗവേഷണ പരീക്ഷണങ്ങൾ സംഘം ഈ കാലയളവിൽ പൂർത്തിയാക്കും.
ഇവയിൽ 20 പരീക്ഷണങ്ങൾ നിയാദി തന്നെയാണ് നിർവഹിക്കുക. ദുബൈയിലെ മാധ്യമപ്രവർത്തകർക്കായി തത്സമയ വാർത്തസമ്മേളനവും ഒരുക്കിയിരുന്നു. ദുബൈ മ്യൂസിയം ഓഫ് ഫ്യൂച്ചറിലെത്തിയ മാധ്യമപ്രവർത്തകരും വിദ്യാർഥികളും ബഹിരാകാശത്തുള്ള നിയാദിയുമായി തത്സമയം സംവദിച്ചു.
ബഹിരാകാശത്ത് നിന്ന് നിരവധി ചിത്രങ്ങളും നിയാദി പങ്കുവെച്ചിരുന്നു. മക്ക, മദീന, യു.എ.ഇ അടക്കമുള്ളവയുടെ ചിത്രങ്ങൾ ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ പല ട്വീറ്റുകളും ബഹിരാകാശ വിദ്യാർഥികൾക്കും സാധാരണക്കാർക്കും അറിവ് പകരുന്നതാണ്. കഴിഞ്ഞ ദിവസം ബഹിരാകാശത്തെത്തി മടങ്ങിയ ആദ്യ അറബ് വനിത സൗദിയുടെ റയാന അലി അൽ ബർഖവിയുമായും നിയാദി കൂടിക്കാഴ്ച നടത്തി. സ്പേസ് ബയോളജി പരീക്ഷണങ്ങളിൽ റയാനയെ സഹായിക്കുകയും ചെയ്തു. നിയാദിയുടെ ജന്മദിനവും ബഹിരാകാശത്ത് ആഘോഷിച്ചു.
അൾട്രാസൗണ്ട് സ്കാൻ, കാഴ്ച പരിശോധന, കേൾവി പരിശോധന എന്നിവയുൾപ്പെടെ നിരവധി ഗവേഷണ പ്രവർത്തനങ്ങളിലും നിയാദി പങ്കെടുത്തു. ആഗസ്റ്റ് അവസാനമാണ് അദ്ദേഹവും സംഘവും ഭൂമിയിലേക്ക് മടങ്ങുന്നത്. ദൗത്യം പകുതി പിന്നിട്ട നിയാദിയെ മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്റർ ഡയറക്ടർ ജനറൽ സാലിം അൽ മർറി പ്രശംസിച്ചു. നിയാദിയുടെ അർപ്പണ ബോധവും കരുത്തും യു.എ.ഇയിൽ വളർത്തിയെടുക്കുന്ന ബഹിരാകാശ ദൗത്യങ്ങളുടെ പ്രതിഫലനമാണ്. അടുത്ത മൂന്നു മാസത്തിനിടെ കൂടുതൽ നേട്ടങ്ങളുണ്ടാക്കാൻ കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.