സുൽത്താൻ സുഖമായിരിക്കുന്നു; വിവരങ്ങൾ പങ്കുവെച്ച് ഡോക്ടർ
text_fieldsദുബൈ: ബഹിരാകാശ ദൗത്യം പൂർത്തിയാക്കി ഭൂമിയിൽ തിരിച്ചെത്തിയ സുൽത്താൻ അൽ നിയാദി ഓരോ മണിക്കൂറിലും ആരോഗ്യം തിരിച്ചുപിടിക്കുകയാണെന്ന് മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രത്തിലെ ഫ്ലൈറ്റ് സർജൻ ഡോ. ഹനാൻ അൽ സുവൈദി. ഹൂസ്റ്റണിൽ അൽ നിയാദിയുടെ ചികിത്സക്കും മറ്റും മേൽനോട്ടം വഹിക്കുന്ന അവർ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങൾ വഴിയാണ് സുഖവിവരങ്ങൾ വെളിപ്പെടുത്തിയത്.
എനിക്ക് നിങ്ങളുമായി ചില സന്തോഷകരമായ കാര്യങ്ങൾ പങ്കുവെക്കാനുണ്ട്. സുൽത്താനും സഹയാത്രികരും ഭൂമിയിൽ തിരിച്ചെത്തിയശേഷം ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു. നിലവിൽ പുനരധിവാസവും ചികിത്സയും ശാസ്ത്ര പരീക്ഷണങ്ങളും തുടരുകയാണവർ. സുൽത്താന്റെ ആരോഗ്യം ഓരോ ദിവസവുമല്ല, ഓരോ മണിക്കൂറിലും മെച്ചപ്പെട്ടുവരുകയാണ് -അവർ വിഡിയോ സന്ദേശത്തിൽ പറഞ്ഞു.
സുൽത്താൻ തിങ്കളാഴ്ച യു.എ.ഇയിൽ തിരിച്ചെത്തുമെന്ന് ദുബൈ മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിട്ടുണ്ട്. ആറുമാസത്തെ ദീർഘകാല ബഹിരാകാശ ദൗത്യം പൂർത്തീകരിച്ച് സെപ്റ്റംബർ നാലിന് യു.എസിലെ ഫ്ലോറിഡയിൽ മടങ്ങിയെത്തിയ അദ്ദേഹം ‘നാസ’ക്ക് നൽകിയ അഭിമുഖത്തിൽ ബഹിരാകാശത്തെ അനുഭവങ്ങൾ പങ്കുവെച്ചിരുന്നു.
തിരിച്ചെത്തുന്ന സുൽത്താൻ ഒരാഴ്ച മാതൃരാജ്യത്ത് ചെലവഴിക്കുമെന്നാണ് അധികൃതർ നേരത്തെ വെളിപ്പെടുത്തിയത്. പിന്നീട് ശാസ്ത്ര പരീക്ഷണങ്ങൾ തുടരുന്നതിന് ഹൂസ്റ്റണിലേക്കുതന്നെ മടങ്ങും. തിരിച്ചെത്തുന്ന, രാജ്യത്തിന്റെ അഭിമാനപുത്രന് സമുചിതമായ സ്വീകരണം ഒരുക്കുന്നതിനുള്ള ഒരുക്കങ്ങൾ അണിയറയിൽ പുരോഗമിക്കുന്നുണ്ട്. നേരത്തെ ഹസ്സ അൽ മൻസൂരിക്ക് നൽകിയതിന് സമാനമായ രീതിയിൽ ഗംഭീര സ്വീകരണ ചടങ്ങുകളാണ് ഒരുക്കുക. രാഷ്ട്ര നേതാക്കളെ സന്ദർശിക്കൽ, ദൗത്യ വിജയാഘോഷം, പൊതുജനങ്ങളുമായുള്ള സംവാദം, ജന്മനാടായ അൽ ഐനിൽ പ്രത്യേക സ്വീകരണം എന്നിവ നടക്കുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.