വേനൽ ഇടവേള കഴിഞ്ഞു; ഷാർജ സഫാരി നാളെ തുറക്കും
text_fieldsഷാർജ: വിനോദ സഞ്ചാരികൾ ഏറെയെത്തുന്ന ഷാർജ സഫാരി പാർക്ക് വേനൽക്കാല ഇടവേളക്കുശേഷം വീണ്ടും വ്യാഴാഴ്ച തുറക്കും. ആഫ്രിക്കക്കു പുറത്തെ ഏറ്റവും വലിയ സഫാരി പാർക്ക് എന്ന ഖ്യാതിയുള്ള കേന്ദ്രത്തിൽ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് പുതുമയുള്ള കാഴ്ചകളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. 2021ൽ ആരംഭിച്ച പാർക്കിന്റെ മൂന്നാം സീസണാണ് ഇത്തവണ ആരംഭിക്കുന്നത്.
പാർക്കിലെ ആംഫി തിയറ്ററിൽ ഒരുക്കിയ ആഫ്രിക്കൻ പക്ഷികളെയും മൃഗങ്ങളെയും കുറിച്ച പ്രത്യേക പ്രദർശനം ഇത്തവണത്തെ പുതുമയാണ്.
ദൈദിലെ അൽ ബ്രൈദി സംരക്ഷിത മേഖലയിലെ എട്ട് സ്ക്വയർ കി.മീറ്റർ വിസ്തീർണമുള്ള സ്ഥലത്താണ് സഫാരി സ്ഥിതി ചെയ്യുന്നത്.
മരുഭൂമിയുടെ നടുവിൽ ആഫ്രിക്കൻ വന അന്തരീക്ഷത്തിലാണ് പാർക്ക് ഒരുക്കിയിരിക്കുന്നത്. 12 വർഗങ്ങളിൽപെട്ട അമ്പതിനായിരത്തിലേറെ ജീവികൾ ഇവിടെയുണ്ട്. ഇത്തവണ ജീവികളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. പാർക്കിൽ ആഫ്രിക്കൻ സാമ്ര ആനയടക്കം 200ലേറെ ജീവികൾ പ്രസവിച്ചിട്ടുണ്ട്. ആഫ്രിക്കൻ പ്രദേശങ്ങളിൽ മാത്രം കണ്ടുവരുന്ന പ്രത്യേകതരം ജീവജാലങ്ങളുടെ സാന്നിധ്യമാണ് പാർക്കിനെ ആകർഷണീയമാക്കുന്നത്.
സിംഹം, ആനകൾ, ജിറാഫുകൾ എന്നിവ ഇതിൽ ഉൾപ്പെടും. ആയിരത്തോളം ആഫ്രിക്കൻ മരങ്ങൾ നട്ടുപിടിപ്പിച്ചിട്ടുമുണ്ട്. സന്ദർശകർക്ക് മൃഗങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ കാൽനടയായി കറങ്ങാനും മൃഗങ്ങളെക്കുറിച്ച് അറിയാനും ഇവിടെ അവസരമുണ്ട്.
സുരക്ഷ, സൗകര്യം, വിനോദം എന്നിവ ഉറപ്പുവരുത്തുന്നതിനും സൗന്ദര്യവും ആകർഷണീയതയും സംരക്ഷിക്കുന്നതിനും ഷാർജ സഫാരി സന്ദർശകർക്ക് പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. വേനൽക്കാലത്ത് മൃഗങ്ങളുടെ സുരക്ഷ കൂടി കണക്കിലെടുത്താണ് ഷാർജ സഫാരി അടച്ചിടുന്നത്. ചൂട് കുറഞ്ഞു തുടങ്ങിയതോടെയാണ് വീണ്ടും തുറക്കുന്നത്.
പ്രവർത്തന സമയം, ഫീസ്
രാവിലെ 8.30 മുതൽ വൈകുന്നേരം ആറുമണി വരെയാണ് പാർക്കിന്റെ പ്രവർത്തന സമയം. സഫാരിക്കുള്ളിൽ 2-3 മണിക്കൂർ നടന്നുകാണുന്നതിന് 40 ദിർഹമിന്റെ ബ്രോൺസ് ടിക്കറ്റ് എടുക്കണം. മൂന്നുമുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് 15 ദിർഹം. എന്നാൽ, ബ്രോൺസ് ടിക്കറ്റിൽ സഫാരിയുടെ പ്രത്യേക മേഖലയിൽ മാത്രമേ സന്ദർശിക്കാൻ അനുമതിയുണ്ടാവൂ. സിൽവർ ടിക്കറ്റിന് 120 ദിർഹമാണ് നിരക്ക്. കുട്ടികൾക്ക് 50 ദിർഹം. സഫാരിക്കുള്ളിലെ ബസിൽ യാത്ര ചെയ്ത് അഞ്ച്-ആറ് മണിക്കൂർ കാഴ്ചകൾ കാണാം.
ഒന്നൊഴികെ എല്ലാ മേഖലയിലേക്കും പ്രവേശനമുണ്ടാകും. 275 ദിർഹം നൽകി ഗോൾഡ് ടിക്കറ്റെടുത്താൽ ആഡംബര കാറിൽ യാത്ര ചെയ്ത് കാഴ്ചകൾ കാണാം. രണ്ടുമുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് 120 ദിർഹമാണ് നിരക്ക്. ആറു പേരടങ്ങിയ സംഘത്തിന് 1500 ദിർഹമിനും ഒമ്പതു പേർക്ക് 2250 ദിർഹമിനും 12 പേർക്ക് 3500 ദിർഹമിനും ഗോൾഡ് ടിക്കറ്റെടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.