വേനൽ: അടിയന്തര സാഹചര്യം നേരിടാൻ പരിശീലനം
text_fieldsദുബൈ: വേനൽക്കാലത്തെ അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് താമസക്കാർക്ക് പരിശീലനം നൽകാൻ പദ്ധതിയുമായി നാഷനൽ ആംബുലൻസ്. അപകടസ്ഥലങ്ങളിൽ ആംബുലൻസുകൾ എത്തുന്നതുവരെ ചെയ്തിരിക്കേണ്ട കാര്യങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തുക.
‘സേഫ് സമ്മർ..ബി പ്രിപേയ്ഡ്’ എന്ന തലക്കെട്ടിൽ ആരംഭിച്ച സംരംഭത്തിന്റെ ഭാഗമായാണ് പരിശീലന സംരംഭം ഒരുക്കിയിരിക്കുന്നത്.
ചൂട് കാരണമായി ക്ഷീണം ബാധിക്കുക, സൂര്യാഘാതമുണ്ടാവുക, വെള്ളത്തിൽ മുങ്ങുന്ന സാഹചര്യമുണ്ടാവുക, ബോധക്ഷയം, ജെല്ലി ഫിഷ് ആക്രമണം, രക്തസ്രാവം, വാട്ടർ സ്പോർട്ടുമായി ബന്ധപ്പെട്ട അപകടങ്ങൾ എന്നിവ നേരിടുന്നതിനുള്ള പരിശീലനങ്ങളാണ് ഇതിൽ ഉൾപ്പെടുത്തുക. താമസക്കാരെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി എജുക്കേഷനൽ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കാനായി പുറത്തിറക്കുകയും ചെയ്യും. നാഷനൽ ഗാർഡ്, നാഷനൽ ആംബുലൻസ് തുടങ്ങിയ സമൂഹമാധ്യമ അക്കൗണ്ടുകൾ വഴിയാണ് വിഡിയോകൾ പുറത്തുവിടുക.
നാഷനൽ ഗാർഡ് കമാൻഡിന്റെ ഭാഗമായ നാഷനൽ ആംബുലൻസ്, വടക്കൻ എമിറേറ്റുകളിൽ അടിയന്തര പ്രീ-ഹോസ്പിറ്റൽ കെയർ നൽകുന്നുണ്ട്. 998 എന്ന എമർജൻസി ആംബുലൻസ് നമ്പറിലൂടെ ഈ സേവനത്തിനായി താമസക്കാർക്ക് ആവശ്യപ്പെടാം. ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിലെ പൊതുജനങ്ങളെ സേവിക്കുന്ന നാഷനൽ ആംബുലൻസ്, ഗുരുതര രോഗമുള്ളവർക്കും പരിക്ക് പറ്റിയവർക്കും ഉചിതമായ പരിചരണം നൽകിവരുന്നുണ്ട്.
സൂര്യാഘാതമേൽക്കുമ്പോൾ ചെയ്യേണ്ട പ്രാഥമിക ചികിത്സ സംബന്ധിച്ച് തൊഴിലാളികൾക്ക് പരിശീലനമൊരുക്കുമെന്ന് യു.എ.ഇ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. കൊടും ചൂടിന്റെ സാഹചര്യത്തിൽ സഹപ്രവർത്തകർക്ക് സൂര്യാഘാതമോ മറ്റു ആരോഗ്യപ്രശ്നങ്ങളോ ശ്രദ്ധയിൽപെട്ടാൽ ചെയ്യേണ്ട പ്രാഥമിക കാര്യങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തുന്നത്.
പദ്ധതിയിൽ 6,000 തൊഴിലാളികൾക്കാണ് മന്ത്രാലയം പ്രാഥമിക ചികിത്സ നടപടികൾ പഠിപ്പിക്കാൻ ലക്ഷ്യമിടുന്നത്. വേനൽക്കാല രോഗപ്രതിരോധവുമായി ബന്ധപ്പെട്ട് ആരംഭിച്ച കാമ്പയിനിന്റെ പ്രഖ്യാപന ചടങ്ങിലാണ് കഴിഞ്ഞ മാസം അധികൃതർ ഇക്കാര്യം വെളിപ്പെടുത്തിയത്.
ചൂടുകാലത്ത് ഉച്ച സമയങ്ങളിൽ രാജ്യത്ത് തൊഴിലാളികൾക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. ഇത് പാലിക്കുന്നുണ്ടോയെന്ന പരിശോധന രാജ്യത്ത് വിവിധ ഭാഗങ്ങളിൽ അധികൃതർ തുടരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.