വേനൽക്കാല മുന്നൊരുക്കം; സർവസജ്ജമെന്ന് റാക് അഗ്നിശമന വിഭാഗം
text_fieldsറാസല്‍ഖൈമ: വേനല്‍ക്കാല പ്രതിസന്ധികളെ തരണംചെയ്യുന്നതിനും ദുരന്ത നിവാരണത്തിനും അഗ്നിശമന വിഭാഗം പൂര്‍ണ സജ്ജമാണെന്ന് റാക് സിവില്‍ ഡിഫന്‍സ് വകുപ്പ് ഓപറേഷന്‍സ് ആക്ടിങ് മേധാവി മേജര്‍ സഈദ് മുഹമ്മദ് അല്‍ബക്കര്‍. മീഡിയ ആൻഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച ‘വാച്ച് ആൻഡ് ഐ’ റേഡിയോ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണങ്ങള്‍ക്കും റിപ്പോര്‍ട്ടുകള്‍ കൈകാര്യം ചെയ്യുന്നതിനും മുഴുസമയ പ്രവര്‍ത്തന സജ്ജമാണ് സിവില്‍ ഡിഫന്‍സ്.
പ്രാദേശിക-അന്തര്‍ദേശീയ അനുഭവങ്ങളെ അടിസ്ഥാനമാക്കി ആഗോളതലത്തിലുള്ള മികച്ച രീതികളാണ് സേന പിന്തുടരുന്നത്. വേനല്‍ കടുത്തതോടെ സേനാംഗങ്ങളുടെയും യന്ത്ര സാമഗ്രികളുടെയും എണ്ണം വര്‍ധിപ്പിക്കുകയും ദ്രുതവേഗത്തില്‍ സേവനം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരക്കുകയും ചെയ്തിട്ടുണ്ട്.
താമസസ്ഥലങ്ങളിലെ തെറ്റായ പ്രവര്‍ത്തനങ്ങള്‍ കാരണം വേനല്‍ക്കാലങ്ങളില്‍ തീപിടിത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. ജാഗ്രത പുലര്‍ത്തിയാല്‍ തീപിടിത്തവും തുടര്‍ന്നുള്ള ദുരന്തങ്ങളും ഒഴിവാക്കാനാകും. താമസസ്ഥലങ്ങളിലെ ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെ പ്രവര്‍ത്തനം കുറ്റമറ്റതാക്കുന്നതില്‍ വീഴ്ച്ച വരുത്തരുത്.
ഇവയില്‍ പ്രധാനം ശീതീകരണ ഉപകരണങ്ങളാണ്. എയര്‍ കണ്ടീഷനിങ്, എയര്‍ കൂളര്‍ തുടങ്ങിയവയുടെ വൈദ്യുതി കണക്ഷനുകള്‍ക്ക് ഗുണനിലവാരമുള്ള കേബിളുകള്‍ ഉപയോഗിക്കുകയും സോക്കറ്റുകളുടെയും മറ്റും ഗുണനിലവാരം ഉറപ്പുവരുത്തുകയും വേണം. ആവശ്യം കഴിഞ്ഞാല്‍ സോക്കറ്റുമായുള്ള ഇലക്ട്രിക് ഉപകരണങ്ങളുടെ ബന്ധം വിച്ഛേദിക്കുക, അറ്റകുറ്റപ്പണികളില്‍ വീഴ്ചവരുത്താതിരിക്കുക എന്നിവ അപകടങ്ങള്‍ ഒഴിവാക്കുന്നതില്‍ പ്രധാനമാണെന്നും സഈദ് മുഹമ്മദ് അല്‍ബക്കര്‍ ഓര്‍മിപ്പിച്ചു.
അപകടസാധ്യതകള്‍ തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും തീപിടിത്തമുണ്ടായാല്‍ പ്രാഥമിക ഉപയോഗത്തിന് എക്സിറ്റിങ്ങ്യുഷര്, ഫയര്‍ ബ്ലാങ്കറ്റ് തുടങ്ങിയ അഗ്നിശമന ഉപകരണങ്ങള്‍ സജ്ജമാക്കി വെക്കണമെന്നും അധികൃതര്‍ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.