തീപിടിക്കാം; വീട്ടുപകരണങ്ങളുടെ ഉപയോഗം ശ്രദ്ധിച്ചാകണം
text_fieldsദുബൈ: വീട്ടുപകരണങ്ങൾ ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കിൽ തീപിടിത്തമുണ്ടാകാമെന്ന മുന്നറിയിപ്പുമായി ദുബൈ വൈദ്യുതി, ജല അതോറിറ്റി (ദീവ). വേനൽച്ചൂട് കനക്കുന്ന സാഹചര്യത്തിലാണ് പൊതുജനങ്ങളോട് ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശിച്ചിട്ടുള്ളത്. സമയാസമയങ്ങളിൽ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനും ദുരുപയോഗം ഒഴിവാക്കാനും അധികൃതർ നിർദേശിച്ചിട്ടുണ്ട്.
വ്യക്തികളുടെയും വസ്തുക്കളുടെയും സുരക്ഷ പരിഗണിച്ച് ‘ദീവ’യുടെ സ്മാർട് ആപ്, വെബ്സൈറ്റ്, മറ്റു സ്മാർട് സേവനങ്ങൾ എന്നിവയിൽ നിർദേശിച്ചിട്ടുള്ള സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വീട്ടുപകരണങ്ങൾ വാങ്ങുമ്പോൾ ഏറ്റവും മികച്ചതും ഉന്നത നിലവാരമുള്ളതും തിരഞ്ഞെടുക്കണം.
അറ്റകുറ്റപ്പണികൾ സ്വന്തം നിലക്ക് ചെയ്യുന്നതിന് പകരം അംഗീകൃത സാങ്കേതിക വിദഗ്ധരെ സമീപിക്കണം.
വൈദ്യുതി കണക്ഷനുകൾ, എക്സ്റ്റൻഷൻ, ഇലക്ട്രിക് വയറുകൾ, പ്ലഗുകൾ എന്നിവ സുരക്ഷിതമാണെന്ന് വേനൽക്കാലത്ത് പ്രത്യേക ശ്രദ്ധയുണ്ടാകണം
കണക്ഷനുകളുടെ കപ്പാസിറ്റിയിലും കൂടുതൽ വൈദ്യുതി ആവശ്യമുള്ള ഉപകരണങ്ങൾ കണക്ട് ചെയ്യുന്നത് ഒഴിവാക്കുക.
കേടുപാടുകൾ സംഭവിച്ച ഇലക്ട്രിക് വയറുകളും മറ്റും തൊടുന്നതും ഉപയോഗിക്കുന്നതും ഒഴിവാക്കുക. ഇത്തരത്തിലുള്ളത് മാറ്റിസ്ഥാപിക്കാൻ വൈകരുത്.
വൈദ്യുതി വയറുകൾ കോറിഡോർ, വാതിൽ, ജനൽ എന്നിവിടങ്ങളിൽ സ്ഥാപിക്കരുത്.
ചൂടിനുവേണ്ടി ഉപയോഗിക്കുന്ന ഇസ്തിരിപ്പെട്ടി, വാട്ടർ ബോയിലർ, ഇലക്ട്രിക് ഓവൻ തുടങ്ങിയവ പ്ലഗുമായി നേരിട്ട് കണക്ട് ചെയ്യുക. ഇത്തരം ഉപകരണങ്ങൾ വെക്കുന്നിടത്ത് മതിയായ വായുസഞ്ചാരം ഉറപ്പുവരുത്തുകയും മറ്റു വസ്തുക്കളിൽ തൊടാതെ സ്ഥാപിക്കുകയും ചെയ്യണം.
8അടിയന്തര സാങ്കേതിക വിവരങ്ങൾക്ക് ‘ദീവ’യുടെ 991 നമ്പറിൽ ബന്ധപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.