ആ സൂപ്പർ റൈഡർ ഇവിടെയുണ്ട്..
text_fields1990കളുടെ തുടക്കകാലമാണ്. തൃശൂരിലെ തൃപ്രയാറിനടുത്ത പഴുവിൽ ഗ്രാമത്തിലെ റോഡുകളിൽ അതിസാഹസികമായി ഒരു പതിനെട്ടുകാരൻ ബൈക്ക് ഓടിക്കുന്നു. ബൈക്കിെൻറ ശബ്ദം കേൾക്കുേമ്പാൾ തന്നെ നാട്ടുകാർ 'മരണക്കിണർ വരുന്നു' എന്ന് പിറുപിറുത്തു. മോട്ടോർ ബൈക്കിനെ നെഞ്ചിൽ കുടിയിരുത്തിയ ആ കൗമാരക്കാരൻ ഇന്ന് ലോകമറിയുന്ന മോട്ടോക്രോസ് ചാമ്പ്യനാണ്. ഇന്ത്യയിലെ പ്രായംകൂടിയ മികച്ച റൈഡറായ സി.ഡി ജിനൻ.
ചെറുപ്പത്തിൽ ആവേശത്തിെൻറ പുറത്ത് ആരംഭിച്ചതാണ് ബൈക്ക് റൈഡിങ്. അച്ഛനാണ് ആദ്യ ബൈക്ക് വാങ്ങിക്കൊടുത്തത്. ഡ്രൈവിങ് അറിയാത്ത പിതാവ് മക്കളോടുള്ള വാൽസല്യത്താൽ നൽകിയ സമ്മാനം. എന്നാൽ പിന്നീട് വാൽസല്യം അപകടമാകുമോ എന്ന ആശങ്കയായി മാതാപിതാക്കളായ ദാസനും മിനിക്കും. ബൈക്കിനോട് കമ്പം കൂടിയ ജിനൻ വാഴത്തോപ്പിലും പറമ്പുകളിലും അതിവേഗത്തിൽ ഓടിച്ച് പരിശീലിച്ചു. അന്നൊന്നും മോട്ടോക്രോസിലെ ലോകോത്തര മൽസരങ്ങൾ മനസ്സിലുണ്ടായിരുന്നില്ല. റാഫി എന്ന സുഹൃത്താണ് റെയ്സിങിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നത്. കേരളത്തിലെ റെയ്സിങ് ട്രാക്കുകളിൽ ആദ്യം പ്രദേശിക മൽസരങ്ങളിൽ പങ്കെടുക്കാൻ തുടങ്ങി. കോട്ടയത്ത് നടന്ന, ആദ്യമായി പങ്കെടുത്ത മൽസരത്തിൽ രണ്ടാം സ്ഥാനം നേടിയത് വഴിത്തിരിവായി. കഠിനമായി പരീശീലിക്കാനും സ്വപ്നം കാണാനും തുടങ്ങി. പിന്നീട് വെച്ചടി കയറ്റമായിരുന്നു. 1999ൽ കോയമ്പത്തൂരിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. മൽസരത്തിലെ പുതുക്കക്കാരിൽ ജിനൻ ശ്രദ്ധേയനായി. അവിടെവെച്ച് ടി.വി.എസ് കമ്പനി സ്പോൺസർ ചെയ്യാൻ തയ്യാറായി. ടി.വി.എസിൽ റെയ്സിങിന് വേണ്ടി പ്രത്യേക ഡിപ്പാർട്മെൻറ് ഉണ്ടായിരുന്നു. ഇവിടെ ചേർന്നതോടെയാണ് പ്രഫഷനൽ റൈഡർ എന്ന നിലയിലേക്ക് വളരുന്നത്.
വിദേശികളായ പ്രഗൽഭരുടെ പരിശീലനവും ടി.വി.എസിൽ നിന്ന് ലഭിച്ചതോടെ ദേശീയ ചാമ്പ്യൻഷിപ്പുകൾക്ക് പൂർണമായും സജ്ജമായി. അഞ്ചുപ്രവശ്യം ദേശീയ ചാമ്പ്യനായി. ജയിച്ചുതുടങ്ങിയതോടെ ആവേശമായി. വീണ്ടും വീണ്ടും മൽസരങ്ങളിൽ പങ്കെടുക്കാൻ തുടങ്ങി. അതിനിടെ സിനിമയിലും പരസ്യത്തിലും അവസരം ലഭിച്ചു. ടി.വി.എസിെൻറ പരസ്യത്തിൽ സചിനും ധോണിക്കും ഡ്യൂപ്പായി. എബ്രഹാം ലിങ്കൻ, വേശം എന്നീ സിനിമകളിൽ റൈഡിങ് സീനുകളിൽ അഭിനയിച്ചു. വേശത്തിൽ പൊലീസിനെ വെട്ടിച്ച് റിയാസ് ഖാൻ നടത്തുന്ന റൈഡിങിൽ ഡ്യൂപ്പ് ചെയ്തത് ജിനനായിരുന്നു.
ഈ മേഖലയിൽ മാത്രം ശ്രദ്ധിച്ചാൽ ജീവിതം മുന്നോട്ടുപോകില്ലെന്ന് മനസിലാക്കിയതോടെ വിവാഹശേഷം ദുബൈയിലേക്ക് പറന്നു. 2007ലായിരുന്നു അത്. ലിബർട്ടി മോട്ടോർ സ്പോർട്സിലാണ് ആദ്യം ജോലി ലഭിച്ചത്. സി.വി അയച്ച് അഭിമുഖത്തിന് വിളിച്ച ഇംഗ്ലീഷുകാരൻ ഭാഷയറിയില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു. പിന്നീട് സുഹൃത്ത് പരിചയപ്പെടുത്തിയത് വഴിയാണ് ജോലിയിൽ പ്രവേശിച്ചത്. കവാസാക്കിയെ ദുബൈ മോട്ടോക്രോസ് ട്രാക്കിൽ പരിചയപ്പെടുത്തിയത് ഇവിടെ നിന്നാണ്. കമ്പനിക്ക് വലിയ രീതിയിൽ മൈലേജ് കിട്ടിയതോടെ ഭാഷയറിയാത്ത പ്രശ്നങ്ങളെല്ലാം മാറി. പിന്നീട് യു.എ.ഇയിൽ നടന്ന നിരവധി മൽസരങ്ങളിൽ ജിനൻ എന്ന പേര് ഒഴിച്ചുകൂടാനാവാത്തതായി. യു.എ.ഇയിൽ നടന്ന 25ലധികം അന്താരാഷ്രട തലത്തിലെ മൽസരങ്ങളിൽ വിജയിച്ചു. പതിറ്റാണ്ടു നീണ്ട യു.എ.ഇ കാലം ലോകോത്തര താരങ്ങൾകൊപ്പം പരിശീലിക്കാനും മൽസരിക്കാനും അവസരം നൽകി. പത്ത് വർഷത്തിന് ശേഷം വീണ്ടും ഇന്ത്യയിലെ ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. ആദ്യകാലത്ത് മൽസരങ്ങളിൽ എതിരാളികളായവരുടെ മക്കൾക്കൊപ്പം മൽസരിച്ചത് വലിയ അനുഭവമാണെന്ന് ജിനൻ പറയുന്നു. ചെറുപ്പക്കാർ പരിശീലിക്കുന്നതിെൻറ ഇരട്ടി സമയം പ്രാക്ടീസ് ചെയ്യേണ്ടിവന്നു. എന്നാൽ അനുഭവങ്ങൾ അവരേക്കാൾ കൂടുതലുള്ളത് തുണയായി. അങ്ങനെ 2019ൽ ആറാമാത് വീണ്ടും ദേശീയ ചാമ്പ്യനാകാൻ സാധിച്ചു.
നിലവിൽ ദുബൈയിൽ അവന്തി മോട്ടോഴ്സ് റോയൽ എൻഫീൽഡ് സെയിൽസ് മാനേജറായി ജോലി ചെയ്യുന്നു. നാലുവയസു മുതലുള്ള ധാരാളം കുട്ടികൾക്ക് പരിശീലനവും നൽകുന്നുണ്ട്. ഇവരിൽ പലദേശക്കാരുണ്ട്. ഇംഗ്ലീഷുകാരെ മോട്ടോക്രാസ് പഠിപ്പിക്കുന്ന മലയാളിയെന്ന നിലയിൽ ഈ മേഖലയിലെ പുതുതലമുറ അൽഭുതത്തോടെയും ബഹുമാനത്തോടെയുമാണ് ജിനനെ കാണുന്നത്. ഭാര്യ ലിജിയും മക്കളായ ഘനശ്യാമും ലക്ഷ്മിയും അച്ഛന് കട്ട സപ്പോർട്ടായി കൂടെയുണ്ട്.
ചാമ്പ്യൻ പട്ടങ്ങൾ
ആറുതവണ ഇന്ത്യൻ നാഷണൽ മോട്ടോക്രോസ് ചാമ്പ്യൻ, 2018-19ൽ ദുബൈ മോട്ടോക്രോസ് ചാമ്പ്യൻ, 2018ൽ എം.ആർ.എഫ് നാഷണൽ മോട്ടോക്രോസ് ചാമ്പ്യൻഷിപ്പിൽ റണ്ണറപ്പ്, 2017-18ൽ ദുബൈ മോട്ടോക്രോസ് ചാമ്പ്യൻഡിപ്പിൽ സെക്കൻഡ് റണ്ണറപ്പ്, 2012ൽ അന്തരാഷ്ട്ര മോട്ടോക്രോസ് ദുബൈ ചാമ്പ്യൻഷിപ്പിൽ സെക്കൻഡ് റണ്ണറപ്പ്(ഒരു ഇന്ത്യൻ താരത്തിെൻറ ഏറ്റവും വലിയ നേട്ടം), 2012ൽ അന്താരാഷ്ട്ര മോട്ടോക്രോസ് ഉമ്മുൽഖുവൈൻ ചാമ്പ്യൻഷിപ്പിൽ സെക്കൻഡ് റണ്ണറപ്പ്, 2010ൽ അന്താരാഷ്ട്ര മോട്ടോക്രോസ് ഫുജൈറ ചാമ്പ്യൻഷിപ്പിൽ സെക്കൻഡ് റണ്ണറപ്പ്, 2016-17ൽ അബൂദബിയിൽ നടന്ന ലിവ അന്താരാഷ്ട്ര മോട്ടോക്രോസ് കോംപിറ്റീഷൻ സെക്കൻഡ് റണ്ണറപ്പ്, 25ഗൾഫ് ഡേർട് ട്രാക്ക് റേസുകളിൽ വിജയി, മുന്നൂറിലേറെ വിവിധ ചാമ്പ്യൻഷിപ്പുകളിലും വിജയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.