സുപ്പർ ഇംപ്രസ്ഡ് എ.ആർ. റഹ്മാൻ
text_fields'I am super impressed' എന്നാണ് ഒറ്റവാക്കിൽ എ.ആർ റഹ്മാെൻറ എക്സ്പോയെ കുറിച്ച വിലയിരുത്തൽ. ലോകം വലിയ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ ഇത്ര മനോഹരമായി മേളയെ അണിയിച്ചൊരുക്കുകയും സന്ദർശകരെ സ്വീകരിക്കാൻ ഒരുക്കം പൂർത്തിയാക്കുകയും ചെയ്തതിലാണ് റഹ്മാെൻറ മതിപ്പ്. എക്സ്പോയിലെ ഏറ്റവും പ്രധാന താരസാന്നിധ്യമായ ഇന്ത്യൻ സംഗീത ഇതിഹാസം മാസങ്ങളായി ദുബൈയിൽ മേളയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്. ലോകത്തെ വിവിധ നാടുകളിൽ നിന്നെത്തുന്ന സന്ദർശകരെ അൽഭുതപ്പെടുത്താനായി റഹ്മാെൻറ കീഴിൽ തയ്യാറായ എക്സ്പോയുടെ സ്വന്തം 'ഫിർദൗസ് ഓർകസ്ട്ര'യുടെ രൂപവത്കരണത്തിലും പരിശീലനത്തിലുമായിരുന്നു അദ്ദേഹം.
ഓസ്കാർ നേടിയ സംഗീതസംവിധായകനെന്ന നിലയിൽ ആഗോള പ്രശസ്തനായ ഇദ്ദേഹത്തിെൻറ സാന്നിധ്യം പരിപാടിയുടെ 'ഹൈലൈറ്റാ'യാണ് സംഘാടകർ പരിചയപ്പെടുത്തുന്നത്. മൂന്നുമാസം മുമ്പാണ് എക്സ്പോ നഗരിയിൽ റഹ്മാെൻറ സ്റ്റുഡിയോ ആരംഭിച്ചത്. അറബ് ലോകത്തെ നിരവധി സംഗീത പ്രതിഭകളിൽ നിന്ന് തെരഞ്ഞെടുത്ത 50വനിതകൾ അംഗങ്ങളായ ഓർകസ്ട്ര ടീം പൂർണസജ്ജമായിക്കഴിഞ്ഞു. ഇരുനൂറോളം പേരിൽ നിന്നാണ് ഏറ്റവും മികച്ച 50പേരെ തിരഞ്ഞെടുത്തത്. മേളയുടെ മൂന്നാം ദിനമായ ഞായറാഴ്ചയാണ് 'ഫിർദൗസി'െൻറ ആദ്യ സ്റ്റേജ് പെർഫോമൻസ്. ഒക്ടോബർ 23നാണ് ഏറ്റവും പ്രധാനപ്പെട്ട പെർഫോമൻസ്. ആറു മാസത്തിനിടയിൽ പത്ത് കച്ചേരികളാണ് ഫിർദൗസ് അവതരിപ്പിക്കുക.
ദുബൈ പകരുന്നത് സ്വാതന്ത്രബോധം
ദുബൈ നഗരത്തോടുള്ള സ്നേഹവും ഇവിടെ പ്രവർത്തിക്കുന്നതിെൻറ സൗകര്യവും തുറന്നു പറയാൻ റഹ്മാന് നൂറുനാവാണ്. ദുബൈ പകരുന്ന സ്വാതന്ത്രബോധമാണ് തെൻറ ഇഷ്ടത്തിെൻറ കാരണമെന്നും അദ്ദേഹം വിശദീകരിക്കുന്നു. സർഗാത്മകതക്ക് ഇവിടെ തടസങ്ങളൊന്നുമില്ല. നിങ്ങൾ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികൾ നോക്കൂ. എന്നാൽ ദുബൈ എല്ലാ പ്രതിസന്ധികളെയും പരിഹരിക്കുന്നതിൽ മുന്നിൽനിന്നു-റഹ്മാൻ മനസുതുറന്നു.
ഇമാറാത്ത് എല്ലാത്തിനെയും പിന്തുണക്കുന്ന 'യെസ് കൺട്രി'യാണെന്നാണ് റഹ്മാെൻറ പക്ഷം. എല്ലാത്തിനും ഇവിടം അനകൂലമാണ്. നമുക്കത് ചെയ്യാം, നമുക്കത് സാധ്യമാകും, നമുക്ക് പുരോഗതി നേടാനാകും എന്നിങ്ങനെയാണ് ഇവിടെ നിന്ന് ലഭിക്കുന്ന ഉത്തരങ്ങൾ. അതൊരു വലിയ പ്രസ്താവനയാണ്. എല്ലാവരും സഹജീവികളെപ്പോലെ പരസ്പരം മനസിലാക്കുന്ന സാഹചര്യവും ഇവിടെയുണ്ട്. ഇതെല്ലാം വലിയ കാര്യമാണ് -അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മുൻവിധികൾ മാറേണ്ടതുണ്ട്
പശ്ചിമേഷ്യയിലെ രാജ്യങ്ങളെയും മനുഷ്യരെയും കുറിച്ച് ലോകത്തിന് ചില മുൻധാരണകളുണ്ട്. അവരുടെ സ്ത്രീകൾ ഈ രൂപത്തിലാണ്, അവർ സംഗീതത്തോട് അകന്നുനിൽക്കുന്നവരാണ് എന്നൊക്കെ പറയാറുണ്ട്. എന്നാൽ എല്ലാ മുൻവിധികളെയും മറികടക്കുന്ന പ്രകടനമാണ് ഇവിടുത്തെ സംഗീതജ്ഞർ പ്രകടിപ്പിച്ചത്. അവരിൽ പലർക്കും മ്യൂസിക് കരിയറായി വികസിപ്പിക്കാൻ അവസരം ലഭിക്കാത്തവരാണ്. ഫിർദൗസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ അവർക്കത് സ്വയം വീണ്ടെടുക്കലായി. സംഗീതത്തെ പ്രോൽസാഹിപ്പിക്കാതിരിക്കുന്നത് ഈ നാടുകളിൽ മാത്രമുള്ള പ്രശ്നമല്ല. ഇത് എല്ലാ നാടുകളിലുമുണ്ട്. എനിക്ക് സംഗീതം ഏറെ ആദരവും സ്നേഹവും നേടിത്തന്നിട്ടുണ്ട് -റഹ്മാൻ അനുഭവങ്ങളുടെ വെളിച്ചത്തിൽ വിശദീകരിച്ചു.
ഫിർദൗസ് അഭിമാനമാണ്
ഫിർദൗസ് ഒാർകസ്ട്ര സ്ഥാപിക്കാനും നയിക്കാനും സാധിച്ചത് അഭിമാനം നൽകുന്നതാണ്. മാറുന്ന ലോകത്തിെൻറ, പ്രത്യേകിച്ച് പശ്ചിമേഷ്യൻ സംഗീതത്തിെൻറ പരിണാമം ടീം അടയാളപ്പെടുത്തുന്നു. കിഴക്കുനിന്നും പടിഞ്ഞാറുനിന്നും നാം ഇതുവരെ കേട്ടതിൽ നിന്നെല്ലാം വ്യത്യസ്തമായ സംഗീതമാണ് ഫിർദൗസ് അവതരിപ്പിക്കുന്നത്. മേഖലയിലെ 23രാജ്യങ്ങളിൽ നിന്നുള്ള സംഗീതജ്ഞരുടെ പ്രകടനം ഏവരെയും ആകർഷിക്കുന്ന പുതുശബ്ദമായിത്തീരും. ഇത്തരമൊരു ടീമിനെ സജ്ജമാക്കുന്നതിൽ എക്സ്പോ അധികൃതരുടെ പിന്തുണയിൽ ഞാൻ സന്തുഷ്ടനാണ്.
ലോകോത്തര സംഗീതമാകും ഫിർദൗസിലൂടെ ശ്രവിക്കാനിരിക്കുന്നത് -റഹ്മാൻ പറഞ്ഞു. വെസ്റ്റേൺ, അറബിക്, ഇന്ത്യൻ സംഗീതത്തിെൻറ മിശ്രിതമായാണ് ഓർകസ്ട്ര ഒരുക്കിയിട്ടുള്ളത്. ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കറുടെ ഗാനങ്ങളും ടീം അവതരിപ്പിക്കും. അറബിക് സ്ട്രിങ് ഉപകരണങ്ങളാണ് പ്രധാനമായും ഓർകസ്ട്രയിൽ ഉപയോഗിക്കുന്നത് -എക്സ്പോ നഗരിയിൽ മാധ്യമങ്ങൾക്ക് മുമ്പിൽ റഹ്മാൻ വെളിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.