'ഒരു ദിർഹം വായനശാല'ക്ക് പിന്തുണയേറുന്നു
text_fieldsഷാർജ: ഒരു ദിർഹത്തിന് വായനയുടെ വാതായനങ്ങൾ തുറന്ന 'ഷാർജ മലയാളി കൂട്ടായ്മയുടെ ഒരു ദിർഹം ജനകീയ വായനശാല'ക്ക് പിന്തുണയേറുന്നു. 4000 പുസ്തകങ്ങളും 450 അംഗങ്ങളുമായി രണ്ടു ശാഖകളോടെയാണ് വായനശാല മുന്നേറുന്നത്.
കഴിഞ്ഞ വർഷം ഫെബ്രുവരി ഒന്നിന് ഷാർജയിലെ അബുഷഗാരയിലെ നൂർ അൽസമ ബുക്സിലാണ് പ്രവർത്തനം ആരംഭിച്ചത്. ഒരാളിൽനിന്ന് ഒരു മാസം ഒരു ദിർഹം മാത്രം ഈടാക്കിയാണ് പ്രവർത്തിക്കുന്നത്. തുടക്കംമുതൽ നല്ല പിന്തുണയാണ് പ്രവാസലോകത്തെ പുസ്തകപ്രേമികൾ ഇതിന് നൽകിയത്. പുസ്തകങ്ങളുടെ എണ്ണവും വായനക്കാരുടെ ബാഹുല്യവും കൂടിയപ്പോൾ ഷാർജ അബുഷഗാര ക്ലാരിയോൺ സ്റ്റേഷനറിയിൽ രണ്ടാമത്തെ വായനശാല കൂടി കഴിഞ്ഞ ഒക്ടോബറിൽ പ്രവർത്തനം ആരംഭിച്ചു.
ഒരു ദിർഹം ജനകീയ വായനശാലയുടെ പ്രവർത്തനങ്ങൾ കേട്ടറിഞ്ഞ് യു.എ.ഇയുടെ വിവിധ എമിറേറ്റുകളിൽനിന്ന് നിരവധി ആളുകൾ അംഗത്വത്തിന് സമീപിക്കുന്നുണ്ടെന്ന് നടത്തിപ്പുകാർ പറയുന്നു. ഇമാറാത്തിലെ പുസ്തക പ്രേമികൾ, സാഹിത്യകാരൻമാർ, പ്രസാധകൻമാർ, എഴുത്തുകാർ, ഷാർജ മലയാളി കൂട്ടായ്മയുടെ അഭ്യുദയകാംക്ഷികൾ തുടങ്ങിയവരുടെ പിന്തുണയിലാണ് പ്രവർത്തനം മുന്നോട്ടുപോകുന്നത്.
വായനശേഷം വീടുകളിൽ സൂക്ഷിച്ച പുസ്തകങ്ങൾ വായനശാലയെ ഏൽപിച്ചാൽ അറിവ് മറ്റുള്ളവരിലേക്ക് പകരാൻ സാധിക്കുമെന്ന് സംരംഭത്തിെൻറ പ്രതിനിധികൾ പറയുന്നു. എഴുത്തുകാരൻകൂടിയായ ഷാർജ ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ സ്വപ്നങ്ങൾക്ക് നിറം പകരാൻ വായനശാലക്ക് സാധിക്കുമെന്നും അവർ അഭിപ്രായപ്പെട്ടു. വായനശാലയെ കുറിച്ച് കൂടുതലറിയാൻ 0529014075, 0502460602, 0505091527 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.