മുൻനിര പോരാളികൾക്ക് 'സർപ്രൈസ് ഗോൾഡൻ വിസ'
text_fieldsദുബൈ: കോവിഡ് കാലത്ത് സേവനംചെയ്ത ആരോഗ്യരംഗത്തെ മുൻനിര പോരാളികൾക്ക് ഗോൾഡൻ വിസ അനുവദിച്ചുതുടങ്ങി. അപേക്ഷ നൽകാതെ തന്നെയാണ് പലർക്കും അപ്രതീക്ഷിതമായി പത്തുവർഷ റെസിഡൻസി വിസ ലഭിച്ചിരിക്കുന്നത്. നേരത്തേ സർക്കാർ വൃത്തങ്ങൾ ഇത്തരക്കാർക്ക് ഗോൾഡൻ വിസ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു.
നഴ്സുമാർ, ഫാർമസിസ്റ്റുകൾ, ആംബുലൻസ് ജീവനക്കാർ, മറ്റു ജീവനക്കാർ എന്നിവരെല്ലാം വിസ ലഭിച്ചവരിലുണ്ട്. രണ്ടു വർഷത്തെ വിസയിൽ പ്രവർത്തിക്കുന്ന ഇവരുടെ സ്റ്റാറ്റസ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്പ് ആപ്പിൽ പരിശോധിച്ചപ്പോഴാണ് വിസ അപ്ഗ്രേഡ് ആയത് അറിയുന്നത്. ഇവരുടെ കുടുംബങ്ങൾക്കും ആനുകൂല്യം ലഭിക്കും.
ദുബൈയിലും അബൂദബിയിലും മറ്റു എമിറേറ്റുകളിലും നിരവധിപേർക്ക് ഇത്തരത്തിൽ വിസ ലഭിച്ചിട്ടുണ്ട്. ഇനിയും കൂടുതൽ പേർക്ക് ലഭിക്കുമെന്നാണ് അറിയുന്നത്. രാജ്യത്തെ ആശുപത്രികളിലെ ഡോക്ടർമാർക്ക് നേരത്തേ ഗോൾഡൻ വിസ ലഭ്യമാക്കിയിരുന്നു. പുതുതായി വിസ ലഭിച്ച മുൻനിര ജീവനക്കാരിൽ നിരവധി മലയാളികളും ഉൾപ്പെട്ടിട്ടുണ്ട്.
ആഹ്ലാദത്തിൽ മലയാളി ജീവനക്കാർ
കോവിഡ് മുൻനിര പ്രവർത്തകർക്കുള്ള 'സർപ്രൈസ് ഗോൾഡൻ വിസ' ലഭിച്ച മലയാളികൾ ആഹ്ലാദത്തിലാണ്. യു.എ.ഇ തങ്ങൾക്ക് തരുന്ന അംഗീകാരമായാണ് ഇതിനെ കാണുന്നതെന്ന് ഗോൾഡൻ വിസ ലഭിച്ച ഫാർമസിസ്റ്റായ വെഞ്ഞാറമൂട് സ്വദേശിനി പ്രീത ഹരിലാൽ പറഞ്ഞു. 2004 മുതൽ യു.എ.ഇയിൽ പ്രവർത്തിക്കുന്ന ഇവർക്ക് നേരത്തേ 'ബെസ്റ്റ് ഫാർമസിസ്റ്റ് ഇൻ യു.എ.ഇ' എന്ന അംഗീകാരവും ലഭിച്ചിരുന്നു. ഗോൾഡൻ വിസക്കായി അപേക്ഷയൊന്നും നൽകിയിട്ടില്ലെന്നും സുഹൃത്തുക്കൾക്ക് കിട്ടിയത് അറിഞ്ഞ് സ്റ്റാറ്റസ് പരിശോധിച്ചപ്പോഴാണ് ഇക്കാര്യം അറിഞ്ഞതെന്നും ഇവർ പറഞ്ഞു. 2032 വരെ കാലാവധിയുള്ള വിസയുടെ ആനുകൂല്യം കുടുംബത്തിനും ലഭ്യമാകും.
വലിയ താരങ്ങൾക്കും മറ്റും ലഭിച്ചിരുന്ന വിസക്ക് തങ്ങളെ പരിഗണിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് കോഴിക്കോട് പയ്യോളി സ്വദേശിയായ ഷാനവാസ് കണ്ടംപാലത്ത് പ്രതികരിച്ചു. അൽഐനിൽ ഇദ്ദേഹം ജോലിചെയ്യുന്ന സ്ഥാപനത്തിൽ തന്നെ നഴ്സുമാർക്കും റേഡിയോളജി, ഫിസിയോതെറപ്പി വിഭാഗങ്ങളിലുള്ളവർക്കും പത്തുവർഷ വിസ ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് കാലത്ത് പ്രവർത്തിച്ചതിന് ഇത്തരത്തിൽ അംഗീകാരം നൽകിയതിന് യു.എ.ഇയോട് കടപ്പാടുണ്ടെന്ന് കുറ്റ്യാടി സ്വദേശിയായ ആരോഗ്യ പ്രവർത്തകൻ സബാഹ് മതുമ്മൽ പ്രതികരിച്ചു. അജ്മാനിൽ താമസിക്കുന്ന ഇദ്ദേഹം 2012 മുതൽ യു.എ.ഇയിലുണ്ട്. സബാഹിന്റെ സഹപ്രവർത്തകരായ ഒമ്പതു പേർക്ക് ഇത്തരത്തിൽ ഗോൾഡൻ വിസ ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. വാക്ക് പാലിച്ച് യു.എ.ഇ സർക്കാർ ഗോൾഡൻ വിസ ലഭ്യമാക്കിയത് നിരവധി മലയാളി ആരോഗ്യപ്രവർത്തകർക്കും കുടുംബത്തിനും വലിയ ആഹ്ലാദമാണ് പകർന്നിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.