യാത്രക്കാരുടെ താൽപര്യമറിയാൻ സർവേ; രണ്ടാം ഘട്ടം ആരംഭിച്ച് ആർ.ടി.എ
text_fieldsദുബൈ: യാത്രക്കാരുടെ താൽപര്യങ്ങളും അഭിപ്രായങ്ങളും ശേഖരിക്കുന്നതിന് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) ആരംഭിച്ച സർവേയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി.
അടുത്ത വർഷം ഫെബ്രുവരി വരെ നീളുന്ന സർവേയിൽ 21,000 പേരിൽനിന്ന് അഭിപ്രായം ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്. താമസക്കാർ, തൊഴിലാളികൾ, വിനോദസഞ്ചാരികൾ, താമസക്കാരല്ലാത്ത തൊഴിലാളികൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ പെട്ടവരിൽനിന്ന് വിവരങ്ങൾ ശേഖരിക്കും.
റോഡ് ഗതാഗത മേഖലയുടെ നയത്തിലും പദ്ധതികളിലും വരുത്തേണ്ട മാറ്റങ്ങൾ നിർണയിക്കുന്നതിനാണ് സർവേ നടത്തുന്നത്. എല്ലാവർക്കും സന്തോഷകരവും സുരക്ഷിതവുമായ ഗതാഗത സൗകര്യം ഒരുക്കുകയെന്നതാണ് ആർ.ടി.എയുടെ ലക്ഷ്യം. ഇതിന് ആവശ്യമായ രീതിയിൽ ഉപഭോക്താക്കളുടെ അഭിരുചികൾ മനസ്സിലാക്കുന്നതിനാണ് സർവേ നടപടികൾ ആസൂത്രണം ചെയ്തത്. ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ ആദ്യഘട്ടം പൂർത്തിയായിരുന്നു.
വീടുകളിലെത്തി നേരിട്ട് വിവരങ്ങൾ ശേഖരിക്കുന്നതടക്കം വിവിധ രീതികൾ സർവേക്കായി ഉപയോഗപ്പെടുത്തും. ഓൺലൈൻ സംവിധാനങ്ങൾ വഴിയും വിവരങ്ങൾ ശേഖരിക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. മെട്രോ, ട്രാം, ബസുകൾ, സമുദ്ര ഗതാഗത സംവിധാനങ്ങൾ എന്നിവയടക്കം എല്ലാ മേഖലകളുടെയും നവീകരണത്തിനും വികസനത്തിനും യോജിച്ച അഭിപ്രായങ്ങളാണ് പഠനത്തിലൂടെ പ്രതീക്ഷിക്കുന്നത്. ദുബൈയുടെ ഭാവി ഗതാഗതത്തെ നിർണയിക്കുന്ന ഒരു പദ്ധതിയെന്ന നിലയിൽ ഉപഭോക്താക്കളുടെ സജീവമായ ഇടപെടലും അഭിപ്രായങ്ങളും സർവേയിൽ പങ്കുവെക്കണമെന്നും അധികൃതരുമായി സഹകരിക്കണമെന്നും വാർത്തക്കുറിപ്പിൽ ആർ.ടി.എ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.