സസ്പെൻസ് ത്രില്ലർ ‘ഡാർക്ക് റൂട്ട്സ്’
text_fields
സമൂഹത്തിലെ ഇരുണ്ടപാതകളിലെ നിഗൂഢതകൾ തേടിയുള്ള വിദഗ്ധനായ ഒരു കുറ്റാന്വേഷകന്റെ യാത്രയാണ് ‘ഡാർക് റൂട്ട്സ്’ എന്ന നോവൽ. പണ്ടൊക്കെ നാം പ്രോഡക്ടസ് എന്ന് വിളിച്ചിരുന്നത് പല തരത്തിലുള്ള നിത്യോപയോഗ സാധനങ്ങളെയായിരുന്നു എങ്കിൽ ഇന്ന് പല കച്ചവടങ്ങളുടെയും പ്രൊഡക്ടുകൾ നമ്മൾ തന്നെയാണ്. നമ്മുടെ ഐഡന്റിറ്റികളും, സ്വകാര്യ ഡേറ്റയും, എന്തിനേറെ പറയുന്നു, എന്ത് സംസാരിക്കുന്നു എന്ത് ചിന്തിക്കുന്നു, എവിടെയൊക്കെ സഞ്ചരിക്കുന്നു എന്ന വിവരങ്ങൾ പോലും നാം പോലുമറിയാതെ വിറ്റു കൊണ്ടിരിക്കുന്ന ഭീമാകാരന്മാരായ കച്ചവട മാഫിയകളുടെ ഈ കാലത്ത് വളരെ പ്രസക്തമായി ചിന്തിക്കേണ്ടിയിരിക്കുന്ന ഒരു വിഷയമാണ് ഈ ഒരു നോവലിലൂടെ പറയാൻ ശ്രമിച്ചിരിക്കുന്നത്. ഉദ്വേഗജനകമായ ഒരു സസ്പെൻസ് ത്രില്ലർ എന്നതിലുപരി ഈ വിഷയത്തിൽ ജനങ്ങൾ ബോധവാന്മാരാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നൊരു സന്ദേശം കൂടി ഈ പുസ്തകം മുന്നോട്ടു വെക്കുന്നു. നന്മയുടെ മറവിലെ കറുത്ത കൈകളെ സമൂഹത്തിന്റെ മുന്നിലേക്ക് കൊണ്ടു വരുന്ന തരത്തിലുള്ള എഴുത്തുകൾ എന്നും നിലനിൽക്കേണ്ടത് മനുഷ്യവംശത്തിന്റെ ആവശ്യകതയാണ്. അത്തരം ഒരാവശ്യകതയാണ് പുസ്തകം മുന്നോട്ടുവെക്കുന്നത്.
പുസ്തകം: ഡാർക് റൂട്ട്സ്
പ്രസാധകർ: സുസമസ്യ പബ്ലിക്കേഷൻ
പ്രകാശനം: നവംബർ എട്ടിന് വൈകീട്ട് നാലിന്
എഡിറ്റർമാർ: സജ്ന അബ്ദുല്ല, ഹരിഹരൻ പങ്ങാരപ്പിള്ളി, മഞ്ജു ശ്രീകുമാർ, ഫിനോസ് ചാന്ദിരകത്ത്, ബിജു ജോസഫ് കുന്നുംപുറം, ഹരിദാസ് പാച്ചേനി, ആരതി നായർ, പ്രതീർഥ് ബാലകൃഷ്ണൻ
‘സഖാവിന്റെ ഡയറി 2020’
പി. ശ്രീകലയുടെ മൂന്നാമത്തെ പുസ്തകമാണ് ‘സഖാവിന്റെ ഡയറി 2020’. ഇരുപതു കഥകൾ അടങ്ങിയ കഥാസമാഹാരം പുറത്തിറക്കുന്നത് പുസ്തക ലോകത്ത് താരതമ്യേന പുതിയ പ്രസാധകരായ മാക്ബത് ബുക്ക്സ് ആണ്.
കോവിഡ് 19 എന്ന കൊച്ചു വൈറസ് മനുഷ്യ ജീവിതങ്ങളിൽ വരുത്തിയ അവിശ്വസനീയമായ മാറ്റങ്ങൾ പ്രവാസികളെയാണ് ഏറ്റവും കൂടുതൽ ബാധിച്ചത്. 2020 കാലത്ത് കണ്ടതും കേട്ടതും അനുഭവിച്ചതുമായ ജീവിത പരിസരങ്ങളെ കാല്പനികതയുടെ അതിഭാവുകത്വമില്ലാതെ ഹൃദയം കൊണ്ടെഴുതിയ ഇരുപതു കഥകളാണ് സമാഹാരത്തിലുള്ളത്.
‘ഉപാധികൾ ഇല്ലാത്ത സ്നേഹകഥകൾ’ എന്ന് ശ്രീ വൈശാഖനും ‘ഇടറിപ്പോകുന്നവരുടെ മുറിവുണങ്ങാത്ത ഒച്ചകൾ’ എന്ന് ഡോ. കെ.ബി. സെൽവമണിയും ‘കനൽപാടം കടന്നവർ’ എന്ന് ശ്രീ ഹരിഗോവിന്ദനും കുറിപ്പുകൾ എഴുതിയ പുസ്തകം നവംബർ നാലിന് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് പ്രകാശനം ചെയ്യപ്പെടുന്നു.
പുസ്തകം: ‘സഖാവിന്റെ ഡയറി 2020
പ്രസാധകർ: മാക്ബത് ബുക്സ്
എഡിറ്റർ: പി. ശ്രീകല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.