മദാമിലുണ്ട് മധുരിക്കും കാസറ്റ് പാട്ടുകൾ
text_fieldsേപ്രയസിയോടും പ്രിയപ്പെട്ടവരോടുമുള്ള ഇഷ്ടം എഴുതിയിട്ടും എഴുതിയിട്ടും പൂതിതീരാത്ത പ്രവാസിയുടെ മുന്നിലേക്ക് ടേപ്പ് റെക്കോർഡർ എത്തിയതോടെ കഥ മാറി. മാപ്പിളപ്പാട്ട് ഗായകനും മലയാളത്തിലെ കത്തുപാട്ടുകളുടെ ശിൽപിയുമായി സയ്യിദ് അബ്ദുൽജമീൽ എന്ന എസ്.എ. ജമീൽ കത്തുപാട്ടുമായി രംഗത്ത് വന്നതും ആ കാലഘട്ടത്തിലാണ്.
എഴുപതുകളിലും എൺപതുകളിലും ഗൾഫ് പ്രവാസ ജീവിതത്തിെൻറ വൈകാരിക മണ്ഡലത്തിൽ ഏറെ ഇളക്കങ്ങൾ സൃഷ്ടിച്ച ദുബൈ കത്തുപാട്ട്, അതിെൻറ മറുപടി പാട്ട് എന്നിവ പ്രവാസിയെയും കുടുംബത്തെയും സംഗീതം കൊണ്ട് ചേർത്ത് നിറുത്തി. 1979ല്‍ സോണി വാക്ക്മാൻ അവതരിപ്പിച്ചതോടെ ഖൽബിലെ ഇഷ്ഖിന് മാധുര‍്യം കൂടി. ചില പഴയ കെട്ടിടങ്ങളുടെ ചുവരുകളിൽ കാത് ചേർത്ത് വെച്ചാൽ പണ്ടത്തെ നെഞ്ചിടിപ്പുകൾ ഇപ്പോഴും വ‍്യക്തമായി കേൾക്കാം.
ഇനി കേൾക്കുന്നില്ലെങ്കിൽ ആ കാസറ്റ് കാലം ആസ്വദിക്കുവാൻ ഷാർജയുടെ ഉപനഗരമായ അൽ മദാമിലേക്ക് പോയാൽ മതി. നിരവധി കാസറ്റ് കടകളാണ് ഇവിടെയുള്ളത്. ഈ കാലത്തും കാസറ്റോ എന്ന് ചിലപ്പോൾ കൈയിലെ ആധുനിക മൊബൈൽ ഫോണിൽ നിന്ന് കണ്ണെടുക്കാതെ പുതിയ പ്രവാസി തലമുറ ചോദിച്ചേക്കാം. എന്നാൽ ഇമാറാത്തികൾക്കും ഒമാനികൾക്കും ഇന്നും ഖൽബിലെ തേനാണ് കാസറ്റുകൾ.
1952 മുതൽ 77ൽ മരിക്കും വരെ അറബ് സംഗീത ലോകത്തെ ചക്രവർത്തിയായി വിലസിയ അബ്ദുൽ ഹലീം ഹാഫീസ് മുതൽ യു.എ.ഇയുടെ ഗാനഗന്ധർവ്വൻ ഹുസൈൻ ജസ്മിവരെയുള്ളവരുടെ കാസറ്റ് പാട്ടുകൾ മദാമിലെ കടകളിൽ സുലഭം. ഈ കാസറ്റുകൾക്കുള്ളിൽ വിശ്രമിക്കുന്ന പാട്ടുകളെ കുറിച്ചറിഞ്ഞാൽ മാത്രമെ, അറബ് സംഗീതലോകം എത്രകണ്ട് വിശാലമാണെന്ന് ബോധ‍്യമാകുകയുള്ളു. വിവിധതരം ആഘോഷങ്ങൾക്ക് വ‍്യത്യസ്തങ്ങളായ പാട്ടുകളാണ് അറബ് മേഖലയിലുള്ളത്. ഇതിൽ ഏറെ മുന്നിൽ നിൽക്കുന്നത് ഇമാറാത്താണ്. വിവാഹങ്ങൾക്കും മറ്റും രണ്ട് തരം കാസറ്റ് പാട്ടുകളാണ് സ്വദേശികൾ കൊണ്ട് പോകാറുള്ളതെന്ന് മദാമിലെ ഏറ്റവും പഴക്കമുള്ള കാസറ്റ് കടയായ റഫാദയിലെ വളാഞ്ചേരി സ്വദേശി ജാഫറും ഫായിസും പറഞ്ഞു.
ഇതിൽ ദഫ് പോലുള്ള സംഗീത ഉപകരണങ്ങൾ മാത്രം ഉപയോഗിക്കുന്ന ബദുവിയൻ പാട്ടുകളും ഉപകരണ സംഗീതത്തിന് ഏറെ പ്രാധാന‍്യം കൽപ്പിക്കുന്ന അറൂസ്, മഹല്ലായ പോലുള്ളവയുമുണ്ട്. ഇതിനുപുറമെ മദ്ഹ് ഗാനങ്ങളായ അനാശിദ്, പാരമ്പര‍്യ ഗാനശാഖയായ ഷലാത്ത്, അയാലക്കുപയോഗിക്കുന്ന റസ് വ, മതപ്രസംഗങ്ങൾ, ഒപ്പനക്ക് സമാനമായ പാട്ടുകൾ, ഖുർആൻ പാരായണങ്ങൾ, നാടകങ്ങൾ, കഥാപ്രസംഗങ്ങൾ, കവിതകൾ, ഖവാലിയോട് ചേർന്ന് നിൽക്കുന്ന പാട്ടുകൾ എന്നിവയെല്ലാം ഇക്കുട്ടത്തിലുണ്ട്.
മദാമിലെ കാസറ്റ് വിപ്ലവത്തിന് തുടക്കം കുറിക്കുന്നത് മലപ്പുറം വൈലത്തൂർ കടുങ്ങാത്തുകുണ്ട് സ്വദേശി അബ്ദുൽ കരീമാണ്. മൂന്ന് പതിറ്റാണ്ട് മുമ്പാണത്. ഇദ്ദേഹം നാട്ടിലേക്ക് തിരിച്ച് പോയെങ്കിലും പുതിയ തലമുറ കാസറ്റു വിൽപ്പന കൈവിട്ടില്ല. വിടാൻ സ്വദേശികൾ ഒട്ടും സമ്മതിക്കുകയുമില്ല. പഴയ വാഹനങ്ങൾ കൈവിടാത്തവരാണ് ഈ കാസറ്റ് പ്രേമത്തിൽ മുന്നിൽ. അവരുടെ വണ്ടികളിലെല്ലാം കാസറ്റ് പാട്ട് കേൾക്കാനുള്ള ഉപകരണമുണ്ട്.
എന്നാൽ, പുതിയ തലമുറ കൂടുതലും ആവശ‍്യപ്പെടുന്നത് ഫ്ലാഷ് ഡ്രൈവുകളാണ്. ആയിരക്കണക്കിന് പാട്ടുകൾ ശേഖരിച്ച് വെക്കാൻ സാധിക്കുന്നതിനാലും പഴയതും പുതിയതുമായ പാട്ടുകൾ കൂട്ടികലർത്തി ആസ്വദിക്കുവാൻ സാധിക്കുമെന്നതുകൊണ്ടുമാണ് ഇതിനോടിത്രക്ക് പ്രിയം. എന്നാൽ, ഫ്ലാഷ് ഡ്രൈവ് വാങ്ങുമ്പോഴും ഇവർ പഴയ തലമുറയിലെ ഗായകരുടെ പാട്ടുകളും ഉൾപ്പെട്ടവയാണ് ആവശ‍്യപ്പെടുന്നത്. മസ്ക്കത്ത്, സലാല എന്നിവിടങ്ങളിലേക്കുള്ള എളുപ്പവഴിയാണ് അൽ മദാം.
ദീർഘദൂര യാത്രയിൽ ഉറങ്ങാതിരിക്കുവാനും യാത്രയിലെ വിരസത ഒഴിവാക്കാനുമാണ് കാസറ്റും ഫ്ലാഷും സീഡിയും ഇവർ വാങ്ങുന്നത്. പണ്ട് മുതലേയുള്ള ശീലമാണത്. മദാമിലെ പ്രധാന കച്ചവടമാകട്ടെ ഒമാനികളെ ആശ്രയിച്ചുമാണ്. യു.എ.ഇ ഗായകരായ മിഹാദ് അഹമ്മദ്, ഹയിദ, അഹമ്മദ് അൽ അംറി, റാഷിദ് മാജിദ്, അബ്ദുൽ കരീം, അറിയാ, ഫാത്തിമ സഹ്റത്ത് ഐൻ, അഹ്ലാം ഇയാസിയ തുടങ്ങിയവരുടെ പാട്ടുകൾ ചൂടപ്പം പോലെ വിറ്റ് പോകുന്നവയാണ്. ബഹ്റൈൻ ഗായകനായ അലി ബഹറിെൻറ പാട്ടുകളാകട്ടെ അമുല‍്യവുമാണ്. ഇറാഖി പാട്ടുകാരോട് പ്രത‍്യേക ഇഷ്ടം പുതുതലമുറക്കുണ്ട്. ഹാത്തി ഇറാഖി, മുഹമ്മദ് സാലെം, സൈഫ നബീൽ, അസിൽ ഹമീം തുടങ്ങിയവർ ഈ ഗണത്തിൽപ്പെടുന്നവരാണ്. എന്നാൽ പുതുതലമുറയിൽ നിന്ന് നിരവധി ഇമാറാത്തി ഗായകർ ഉയർന്നുവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.