സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ അന്തരിച്ചു
text_fieldsദുബൈ: യു.എ.ഇയിലെ മത-സാംസ്കാരിക മണ്ഡലങ്ങളിലെ നിറസാന്നിധ്യവും സാമൂഹിക പ്രവർത്തകനുമായ സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ (67) അന്തരിച്ചു. ശാരീരിക അവശതകളെ തുടർന്ന് ദുബൈ ഖിസൈസിലെ ആസ്റ്റർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കണ്ണൂർ പാപ്പിനിശേരി സ്വദേശിയായ അദ്ദേഹം ദുബൈ ദേരയിലായിരുന്നു താമസം. നാല് പതിറ്റാണ്ടായി ദുബൈയിലുണ്ട്.
ദുബൈ സുന്നി സെൻറർ പ്രസിഡൻറ്, യു.എ.ഇ സുന്നി കൗൺസിൽ മുഖ്യ രക്ഷാധികാരി, ദുബൈ കെ.എം.സി.സി ഉപദേശകസമിതിയംഗം, അസോസിയേഷൻ ഓഫ് ഇന്ത്യൻ മുസ്ലീം (എയിം) ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. നിരവധി വിദ്യഭ്യാസ-സാംസ്‌കാരിക സ്ഥാപനങ്ങളുടെ രക്ഷാധികാരിയും പ്രധാന സംഘാടകനുമാണ്.
ഗൾഫിലെ മലയാളികൾക്ക് സംഘടനാ ഭേദമന്യേ സ്വീകാര്യനായ തങ്ങൾ, സുന്നി സെൻററിന് കീഴിലുള്ള ഗൾഫിലെ ഏറ്റവും വലിയ മദ്രസാ പ്രസ്ഥാനത്തിന് നേതൃത്വം നൽകി. രാമന്തളി സർക്കാർ മാപ്പിള സ്‌കൂളിലായിരുന്നു പ്രാഥമിക പഠനം. കമ്പിൽ മാപ്പിള ഹൈസ്‌കൂളിൽ വിദ്യാർഥിയായിരിക്കെ എം.എസ്.എഫ് യൂനിറ്റ് പ്രസിഡൻറായാണ് പൊതുപ്രവർത്തനം തുടങ്ങിയത്. തളിപ്പറമ്പ സർസയ്യിദ് കോളജിലും എം.എസ്.എഫ് പ്രവർത്തങ്ങളുടെ മുൻനിരയിൽ സജീവമായി. മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിലും സജീവമായിരുന്ന അദ്ദേഹം കെ.എം.സി.സിയുടെ ഉപദേശകൻ കൂടിയായിരുന്നു. അന്തരിച്ച പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ഉൾപ്പെടെ സമസ്തയുടെയും മുസ്ലിം ലീഗിെൻറയും സമുന്നത നേതാക്കളുമായി അടുത്ത ബന്ധം സൂക്ഷിച്ചു.
ഭാര്യ: ഉമ്മു ഹബീബ. മക്കൾ: സിറാജ്, സയ്യിദ് ജലാലുദീൻ, യാസീൻ, ആമിന, മിസ്ബാഹ്, സുബൈർ, നബ്ഹാൻ. മരുമകൻ: സഗീർ. സഹോദരങ്ങൾ: സയ്യിദ് സകരിയ തങ്ങൾ (ദുബൈ), സയ്യിദ് ഷാഫി തങ്ങൾ (മദീന). നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുന്നി സെൻറർ ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.