സിനോഫാമിന് ഒമ്പതുമാസം രോഗപ്രതിരോധ ശേഷി
text_fieldsദുബൈ: സിനോഫാം കോവിഡ് വാക്സിൻ ഒമ്പതുമാസം രോഗപ്രതിരോധശേഷി നൽകുമെന്ന് അബൂദബി ആരോഗ്യ സേവന വിഭാഗം 'സേഹ' അറിയിച്ചു. ഇതിെൻറ രണ്ട് ഡോസെടുത്ത് ആറു മാസം കഴിഞ്ഞാൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കാമെന്നും സേഹയുടെ ട്വീറ്റിൽ വന്ന അന്വേഷണത്തിന് മറുപടി നൽകി.
സിനോഫാമെടുത്തവർ ഫൈസറിെൻറ ഒരു ഡോസ് മാത്രമേ സ്വീകരിക്കാവൂവെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം ആരോഗ്യ പരിശോധനകൾക്കുശേഷം ബൂസ്റ്റർ ഡോസായി സിനോഫാമോ ഫൈസറോ സ്വീകരിക്കാമെന്ന് അബൂദബി പൊതുജനാരോഗ്യ കേന്ദ്രം അറിയിച്ചു. ഇത് വ്യക്തികൾക്ക് തീരുമാനിക്കാനും അനുവാദമുണ്ടാകും.
എന്നാൽ, എല്ലാ ആറുമാസവും ബൂസ്റ്റർ ഡോസ് സ്വീകരിക്കണോ എന്ന ചോദ്യത്തിന് അക്കാര്യത്തിൽ തീരുമാനമെടുക്കാൻ മറ്റു ആരോഗ്യ സ്ഥാപനങ്ങളുമായി സഹകരിച്ച് പഠനം നടക്കുകയാണെന്ന് കേന്ദ്രം വാർത്തക്കുറിപ്പിൽ അറിയിച്ചു. ബൂസ്റ്റർ ഡോസ് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനൊപ്പം രോഗ സാധ്യത കുറക്കുകയും വന്നാൽ സങ്കീർണതകൾ ഒഴിവാക്കുകയും ചെയ്യുമെന്ന് വാർത്തക്കുറിപ്പിൽ അറിയിച്ചു.
ബൂസ്റ്റർ ഷോട്ടുകളുടെ ഡോസേജിൽ വ്യത്യാസമുണ്ടാകില്ലെന്നും എല്ലാ വാക്സിനുകളും ഒരേ അളവിലായിരിക്കുമെന്നും കേന്ദ്രം അറിയിച്ചു.വാക്സിൽ ഫലിക്കാത്ത ശരീരപ്രകൃതി അപൂർവം പേരിൽ മാത്രമാണ് ഉണ്ടാകാറുള്ളതെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടു. നൂറിൽ ഒരാൾക്കോ ആയിരത്തിൽ ഏതാനും പേർക്കോ മാത്രമേ ഇത്തരത്തിൽ ഫലിക്കാത്ത സാഹചര്യമുണ്ടാകൂ. ശരീരത്തിെൻറ ഘടനയിലുള്ള പ്രശ്നങ്ങൾ മൂലമാണ് ഇത് സംഭവിക്കുന്നത്. ബൂസ്റ്റർ ഡോസെടുത്താലും ജാഗ്രത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.സേഹയും ആരോഗ്യ വകുപ്പും ചേർന്നാണ് അബൂദബിയിൽ സിനോഫാം, ഫൈസർ വാക്സിനുകൾ നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.