ഡ്രൈവിങ്ങിനിടെ ഫോണിൽ സംസാരിച്ചാൽ പിടിവീഴും
text_fieldsഅബൂദബി: മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനമോടിക്കുന്ന ഡ്രൈവർമാർ ജാഗ്രതൈ! ഫോണിൽ സംസാരിച്ചുകൊണ്ട് അശ്രദ്ധമായ ഡ്രൈവിങ് നടത്തിയാൽ 800 ദിര്‍ഹം പിഴയും ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയന്റും ചുമത്തും. നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ അബൂദബിയിലെ റോഡുകളില്‍ സ്മാര്‍ട്ട് പട്രോള്സും ഏര്‍പ്പെടുത്തി. ആധുനിക സാങ്കേതികവിദ്യ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള ഈ നിരീക്ഷണം വഴി നിയമലംഘനം കണ്ടെത്തുകയും ഡ്രൈവര്‍മാര്‍ക്ക് എസ്.എം.എസ് മുഖേന അറിയിപ്പ് കൈമാറുകയും ചെയ്യും.
അമിതവേഗവും അശ്രദ്ധവുമായ ഡ്രൈവിങ്ങും മൂലം മുന്നില്‍ പോവുന്ന വാഹനങ്ങളില്‍ ഇടിച്ചുകയറുന്ന നിരവധി കാറുകളുടെ വിഡിയോ മുമ്പ് അബൂദബി പൊലീസ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. വേഗം കുറച്ച കാറിന് പിന്നിൽ അമിതവേഗത്തില്‍ വന്ന വാഹനം ഇടിച്ചുകയറുന്ന ദൃശ്യങ്ങളായിരുന്നു അത്. വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചും മറ്റു യാത്രികരോട് സംസാരിച്ചും മൊബൈല്‍ ഫോണില്‍ ഫോട്ടോയെടുത്തും മേക്അപ് ഇട്ടുമൊക്കെ ശ്രദ്ധ മാറിപ്പോവുന്നതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
അതേസമയം, ചൂട് വര്‍ധിക്കുന്നതിനിടെ അപകടമൊഴിവാക്കാന്‍ വാഹനങ്ങള്‍ യഥാസമയം അറ്റകുറ്റപ്പണികള്‍ ചെയ്ത് പ്രവർത്തനക്ഷമത ഉറപ്പു വരുത്തണമെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു. മോശമായതോ അല്ലെങ്കില്‍ അപകടാവസ്ഥയിലുള്ളതോ ആയ ടയറുകള്‍ ഉയര്‍ന്ന താപനിലയില്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ട്. കാലാവധി കഴിഞ്ഞതും തേയ്മാനം വന്നതുമായ ടയറുകള്‍, അമിതഭാരം കയറ്റല്‍ തുടങ്ങിയ കാരണങ്ങള്‍ കൊണ്ടാണ് അപകടങ്ങളിലേറെയും നടക്കുന്നത്.
ചൂടുകാലത്ത് ചക്രങ്ങളിലെ വായു സമ്മർദം കൂടാന്‍ സാധ്യതയുള്ളതിനാല്‍ ടയറുകള്‍ മികച്ചതാണെന്ന് തുടര്‍ച്ചയായി പരിശോധിച്ച് ഉറപ്പുവരുത്തണം. പൊട്ടിയതോ കേടുപാടുള്ളതോ ആയ ടയറുകളുള്ള വാഹനം പിടിച്ചാല്‍ ഡ്രൈവർക്ക് 500 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയന്റും ചുമത്തും. വാഹനം ഒരാഴ്ചത്തേക്ക് പിടിച്ചെടുക്കുകയും ചെയ്യുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.