കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ് കേസ്: നാല് പ്രതികൾക്ക് ബില്യൻ ദിർഹം പിഴയും തടവും
text_fieldsഅബൂദബി: നാലായിരത്തിലധികം പേരിൽനിന്ന് സ്വർണ നിക്ഷേപത്തിനായി പണംസ്വീകരിച്ച് കള്ളപ്പണം വെളുപ്പിക്കൽ, നികുതിവെട്ടിപ്പ് എന്നീ ക്രമിനൽ കുറ്റങ്ങൾ നടത്തിയ നാല് പ്രതികളെ അബൂദബി ക്രിമിനൽ കോടതി ശിക്ഷിച്ചു. അഞ്ചുവർഷം തടവും 100 ലക്ഷം ദിർഹവുമാണ് ഓരോരുത്തർക്കും പിഴ. പിഴയും തടവും പൂർത്തിയാക്കിയശേഷം പ്രതികളെ നാടുകടത്തും. പ്രതികളിൽ ഒരാളുടെ ഉടമസ്ഥതയിലുള്ള ജ്വല്ലറി ട്രേഡിങ് കമ്പനി ജാം എന്ന വെബ്സൈറ്റ് വഴി വ്യാജ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് പ്രവർത്തിച്ചതിനെതിരെയും കോടതി ശിക്ഷ വിധിച്ചു. നാലായിരത്തിലധികം ആളുകളിൽനിന്ന് സ്വർണവ്യാപാരത്തിൽ നിക്ഷേപം സ്വീകരിച്ചായിരുന്നു തട്ടിപ്പ്.
കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ്, വഞ്ചന തുടങ്ങിയ കുറ്റങ്ങളിൽ നാലുപ്രതികളും കമ്പനിയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. നാലുപ്രതികളിൽ ഓരോരുത്തർക്കും പിഴയും തടവും നാടു കടത്തലുമാണ് കോടതി ശിക്ഷ വിധിച്ചത്. ജ്വല്ലറി വ്യാപാരത്തിൽ പ്രാവീണ്യമുള്ള കമ്പനിക്കെതിരെ 500 ലക്ഷം ദിർഹവുമാണ് പിഴ വിധിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് 10.37 ലക്ഷം ദിർഹം മൂല്യമുള്ള 18 കാരറ്റിെൻറ 7,430 ഗ്രാം സ്വർണവും പിടിച്ചെടുത്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കുറ്റകൃത്യങ്ങളെ ചെറുക്കാനുള്ള യു.എ.ഇ ശ്രമങ്ങളുടെ ചട്ടക്കൂടിനുള്ളിലാണ് ഈ കേസിലെ പ്രതികളെ പിടികൂടി കേസ് രജിസ്റ്റർ ചെയ്തതും പ്രോസിക്യൂഷൻ നടപടികൾക്ക് വിധേയമാക്കിയതെന്നും അബൂദബി ജുഡീഷ്യൽ വകുപ്പ് സ്ഥിരീകരിച്ചു.
പ്രിവൻറിവ് കൺട്രോൾ സിസ്റ്റത്തിനുള്ളിൽ വിവിധ ജുഡീഷ്യൽ, എക്സിക്യൂട്ടിവ്, ഫിനാൻഷ്യൽ അതോറിറ്റികൾ തമ്മിൽ സഹകരിച്ചാണ് കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ് പ്രവർത്തനങ്ങളെ നേരിട്ടത്. കള്ളപ്പണം ഇടപാടുകൾ പരിമിതപ്പെടുത്താനും സംശയാസ്പദമായ സാമ്പത്തിക പ്രവർത്തനങ്ങൾ തടയാനും ദേശീയ സമ്പദ്വ്യവസ്ഥയെ സംരക്ഷിക്കുന്നതിന് ഫലപ്രദമായി സംഭാവന നൽകണമെന്നും അബൂദബി ജുഡീഷ്യൽ വകുപ്പ് ഓർമിപ്പിച്ചു. സാമ്പത്തിക നിയമനിർമാണ സംവിധാനവും സാമ്പത്തിക കുറ്റകൃത്യങ്ങൾ നേരിടാനുള്ള പ്രത്യേക ജുഡീഷ്യൽ ഘടനയുമാണ് യു.എ.ഇയിലുള്ളത്. തെറ്റായ പരസ്യങ്ങളും പ്രലോഭനങ്ങളും നൽകി പൊതുജനങ്ങളെ ആകർഷിക്കുന്ന സംശയാസ്പദമായ പ്രവർത്തനങ്ങൾ എല്ലാവരും റിപ്പോർട്ട് ചെയ്യണമെന്നും സാമ്പത്തികവും സാമൂഹികവുമായ സുരക്ഷ ഉറപ്പാക്കുന്നതിന് സമൂഹത്തിലെ എല്ലാ ഗ്രൂപ്പുകളിലും ഉൾപ്പെടുന്നവർക്ക് ഉത്തരവാദിത്തമുണ്ടെന്നും ജുഡീഷ്യൽ വകുപ്പ് ചൂണ്ടിക്കാട്ടി.
തക്കസമയത്തു തന്നെ ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യേണ്ടത് വ്യക്തിഗതവും കൂട്ടായ ഉത്തരവാദിത്തവുമാണെന്നും കോടതി പറഞ്ഞു. വെബ്സൈറ്റിലും സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റുകളിലും പ്രസിദ്ധീകരിക്കുന്ന പരസ്യപ്രസിദ്ധീകരണങ്ങൾ, വിഡിയോകൾ, മത്സരങ്ങൾ എന്നിവയിലൂടെ പ്രതികളും കമ്പനിയും ഇരകളെ ലക്ഷ്യമിട്ടതായും തെളിഞ്ഞു. സബ്സ്ക്രിപ്ഷന് രണ്ടായിരം ദിർഹം വീതം ഈടാക്കിയതായി തെളിഞ്ഞു. വഞ്ചനാപരമായ മാർഗങ്ങളാണ് പ്രതികൾ ഇതിന് ഉപയോഗിച്ചത്. ഓരോ വരിക്കാരനും അവരുടെ സബ്ക്രിപ്ഷൻ തുക നൽകി മറ്റൊരാളെക്കൂടി നിർബന്ധിതമായി ചേർക്കാൻ പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ചെയിൻ തട്ടിപ്പാണിത്.
നാലായിരത്തിലധികം ഇരകളാണ് കബളിപ്പിക്കപ്പെട്ടത്. വരിക്കാരിൽനിന്ന് ശേഖരിക്കുന്ന തുകയുടെ വിറ്റുവരവ് അടിസ്ഥാനമാക്കിയായിരുന്നു തട്ടിപ്പ് നടത്തിവന്നത്. അബൂദബി ജുഡീഷ്യൽ ഡിപ്പാർട്മെൻറ് മേധാവിയും യു.എ.ഇ വൈസ് പ്രസിഡൻറും പ്രസിഡൻഷ്യൽകാര്യ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാെൻറ തീരുമാനപ്രകാരമാണ് കള്ളപ്പണം വെളുപ്പിക്കൽ കോടതി സ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.