വേനൽ ആഘാതം നിരീക്ഷിക്കാൻ പറക്കും ടാക്സി പരീക്ഷണപ്പറക്കൽ
text_fieldsഅബൂദബി: ചൂടേറിയ കാലാവസ്ഥയിൽ പറക്കും ടാക്സികളുടെ കാബിനിലും വിമാനത്തിനുള്ളിലും താപനിലയുടെ ആഘാതം എത്രത്തോളമുണ്ടെന്ന് നിരീക്ഷിക്കുന്നതിനായി വേനൽക്കാലത്ത് പരീക്ഷണ പറക്കൽ സംഘടിപ്പിക്കുമെന്ന് നിർമാതാക്കളായ ആർച്ചർ ഏവിയേഷൻ അറിയിച്ചു. വാണിജ്യ അടിസ്ഥാനത്തിൽ സർവിസ് ആരംഭിക്കുന്നതിന് മുന്നോടിയായാണ് സുരക്ഷ വിലയിരുത്തലെന്ന് ആർച്ചർ ഏവിയേഷൻ സി.ഇ.ഒ ആദം ഗോൾഡ്സ്റ്റെയ്ൻ പറഞ്ഞു. പരിമിതമായ യാത്രക്കാരുമായിട്ടായിരിക്കും പരീക്ഷണ പറക്കൽ.
സുരക്ഷ നടപടികൾ പൂർത്തീകരിച്ച ശേഷം രാജ്യത്തെ മുഴുവൻ നഗരങ്ങളിലും പരിസരങ്ങളിലും വാണിജ്യാടിസ്ഥാനത്തിൽ സർവിസ് നടത്താനാണ് ആലോചനയെന്നും അദ്ദേഹം പറഞ്ഞു. ആർച്ചറിന്റെ ആദ്യ പൈലറ്റിനെ വൈകാതെ അബൂദബിയിൽ എത്തിക്കും. ആ വിമാനം ഉപയോഗിച്ചായിരിക്കും വേനൽക്കാല പരീക്ഷണ പറക്കൽ. ഉയർന്ന താപനിലയിൽ വിമാനത്തിന്റെ പ്രവർത്തനം എത്രത്തോളം കാര്യക്ഷമമാണെന്ന് പരിശോധിക്കുന്നതിലാണ് ശ്രദ്ധകേന്ദ്രീകരിക്കുക.
കാരണം പകൽ സമയങ്ങളിൽ താപനില 110 ഡിഗ്രിക്ക് മുകളിൽ എത്താൻ സാധ്യതയുണ്ട്. ഈ കാലാവസ്ഥയിലും പ്രവർത്തിക്കാൻ കഴിയുന്ന രീതിയിലാണ് മിഡ്നൈറ്റ് എയർക്രഫ്റ്റുകൾ രൂപകൽപന ചെയ്തിട്ടുള്ളത്. സുഖകരമായ കാബിൻ താപനില നിലനിർത്തുന്നതിനായി രൂപകൽപന ചെയ്തിട്ടുള്ള ഹണിവെൽ കാലാവസ്ഥ നിയന്ത്രണ സംവിധാനങ്ങളും ഒരുക്കുന്നുണ്ട്. ഈ വർഷം ആർച്ചർ 10 മിഡ്നൈറ്റ് എയർക്രാഫ്റ്റുകൾ നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്.
ഇവയിൽ മൂന്നെണ്ണം പരീക്ഷണ പറക്കൽ നടത്താനുള്ള സജ്ജീകരണങ്ങളോടുകൂടിയതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം വെർട്ടിപോർട്ടുകളുടെ നിർമാണം കമ്പനി ആരംഭിച്ചിരുന്നു. ദുബൈ, അബൂദബി എന്നിവിടങ്ങളിലാണ് വെർട്ടിപോർട്ടുകൾ നിർമിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.