ഷാര്‍ജയിലെ നഴ്സറികളിൽ അധ്യാപനം അറബിയിൽ
text_fieldsഷാര്‍ജ: എമിറേറ്റിലുടനീളമുള്ള സര്‍ക്കാര്‍ നഴ്സറികളില്‍ അധ്യാപനത്തിന് അറബി ഭാഷ ഉപയോഗിക്കാൻ യു.എ.ഇ. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി നിര്‍ദേശിച്ചു. എമിറേറ്റിലെ വിദ്യാഭ്യാസ രംഗത്ത് അറബി ഭാഷ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
ശൈഖ് സുല്‍ത്താന്റെ അധ്യക്ഷതയില്‍ ഷാര്‍ജ എജുക്കേഷന്‍ അക്കാദമിയില്‍ ചേര്‍ന്ന ട്രസ്റ്റീസ് ബോര്‍ഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. ആരോഗ്യകരമായ ഭക്ഷണരീതികളെക്കുറിച്ച് കുട്ടികളിലും രക്ഷാകർത്താക്കളിലും അവബോധം വളര്‍ത്തേണ്ടത് അനിവാര്യമാണെന്നും ശൈഖ് സുല്‍ത്താന്‍ പറഞ്ഞു. കുട്ടികളുടെ സമഗ്ര വളര്‍ച്ചക്ക് നല്ല ഭക്ഷണശീലം പിന്തുടരണം.
കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്നതില്‍ രക്ഷാകർത്താക്കള്‍ക്കും വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ ഷാര്‍ജ പ്രൈവറ്റ് എജുക്കേഷന്‍ അതോറിറ്റിയുടെ (എസ്.പി.ഇ.എ) കെട്ടിടത്തിന്റെ വിപുലീകരണത്തിനായുള്ള രൂപകൽപനക്കും ശൈഖ് സുല്‍ത്താന്‍ അംഗീകാരം നല്കി. ഇന്‍ഡോര്‍, ഔട്ട്ഡോര്‍ കായിക പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു പ്രത്യേക കെട്ടിടവും ഉള്‍പ്പെടുത്തിക്കൊണ്ടാണ് വിപുലീകരണ പദ്ധതി നടപ്പാക്കുക. ഈ വര്‍ഷത്തെ എസ്.പി.ഇ.എയുടെ നേട്ടങ്ങളും സ്ഥിതിവിവരക്കണക്കുകളും ഉൾപ്പെടെ നിരവധി റിപ്പോര്‍ട്ടുകളും യോഗം അവലോകനം ചെയ്തു.
കഴിഞ്ഞ മേയിൽ ഷാർജയിൽ എട്ടു പുതിയ നഴ്സറികള്‍ നിർമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഷാര്‍ജയില്‍ മൂന്ന്, ദിബ്ബ അല്‍ ഹിസ്നില്‍ ഒന്ന്, കല്‍ബയിലും ഖോര്‍ഫക്കാനിലും രണ്ടു വീതവും നഴ്സറികളാണ് നിര്‍മിക്കുക. കൂടാതെ, മധ്യ മേഖലകളിലെ നിലവിലുള്ള നഴ്സറികളും വിപുലീകരിക്കും. നഴ്സറികളിലെ കുട്ടികള്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണം നല്‍കുന്നതിന് ഓരോ പ്രദേശത്തും സെന്‍ട്രല്‍ കിച്ചണുകളും നിര്‍മിക്കാനും പദ്ധതിയുണ്ട്. സ്കൂള്‍ വിദ്യാഭ്യാസത്തിന് മുമ്പേ ശക്തമായ അടിത്തറ സൃഷ്ടിക്കുന്ന നഴ്സറി കാലഘട്ടത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് യോഗം വിലയിരുത്തി. കുട്ടികള്‍ക്ക് പഠിക്കാനും കളിക്കാനും അനുയോജ്യമായ അന്തരീക്ഷം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.