അറബ് മണ്ണിൽ കപ്പടിച്ച് ടീം ഇന്ത്യ
text_fieldsഫുട്ബാളിന്റെ ലോകോത്തര വേദികളിൽ പൊതുവെ ഇന്ത്യക്ക് വലിയ നേട്ടങ്ങളൊന്നും ലഭിക്കാറില്ല. വമ്പൻ ടീമുകൾ മാറ്റുരക്കുന്ന ലോക മൽസരങ്ങളിലും സാന്നിധ്യമാകാൻ സാധിക്കാറില്ല. എന്നാൽ ലക്ഷങ്ങൾ സമ്മാനത്തുകയുള്ള ഫുട്ബാൾ ടൂർണമെൻറിൽ കപ്പടിച്ച് ഇവിടെയാരു ‘ഇന്ത്യൻ ടീം’ അഭിമാനമായിരിക്കയാണ്. 14ാമത് ‘ശൈഖ് സായിദ് ബിൻ ഹസ്സ കപ്പ് 2024‘ലാണ് ഇന്ത്യൻ ടീം വിജയകിരീടം ചൂടിയത്. വർഷങ്ങളായി അബൂദബിയിൽ നടക്കുന്ന ഈ ടൂർണമെൻറിൽ അണ്ടർ-12, അണ്ടർ-14 വിഭാഗങ്ങളിലായാണ് എല്ലാ വർഷവും മത്സരങ്ങൾ സംഘടിപ്പിക്കാറുള്ളത്.
കഴിഞ്ഞ ആഴ്ചയിൽ അബൂദബി കൺട്രി ക്ലബിൽ നടന്ന അണ്ടർ-12 വിഭാഗത്തിലെ മത്സരങ്ങളിൽ യു.എ.ഇയിലെയും വിദേശ രാജ്യങ്ങളിലെയും പ്രശസ്തരായ 10 അറബ്, ഇംഗ്ലീഷ് ടീമുകളാണ് പങ്കെടുത്തത്. ആദ്യമായാണ് ഒരു ഇന്ത്യൻ ടീം ടൂർണമെൻറിൽ പങ്കെടുക്കുന്നതും വിജയികളാകുന്നതും. ഏകദേശം നാലു ലക്ഷത്തോളം രൂപയാണ് ടീമിന് സമ്മാനമായി ലഭിച്ചത്.
ഇന്ത്യൻ ഫുട്ബാളിന്റെ ഭാവി ഇങ്ങ് കടലിനിക്കരെ ഇളം തലമുറകളിൽ ഭദ്രമാണെന്ന് വിളിച്ചോതുന്നതായിരുന്നു കുട്ടികളുടെ ഓരോ മത്സരങ്ങളിലെയും പ്രകടനങ്ങൾ. അബൂദബിയിലെ എൻ.പി സ്പോർട്സ് അക്കാദമിയാണ് ശക്തമായ ഒരു ടീമിനെ അണിനിരത്തി 2024 ലെ അണ്ടർ-12 വിജയകിരീടം ചൂടിയത്. ടീമിന്റെ പ്രകടനത്തിൽ മറ്റു ടീമുകളുടെ കോച്ചുമാരും രക്ഷിതാക്കളും വിദേശ പ്രതിനിധികളും അഭിനന്ദിക്കുന്നത് കാണാമായിരുന്നു. മുൻ ഇന്ത്യൻ താരവും കേരള ടീമിന്റെ പരിശീലകനുമായിരുന്ന വിടപറഞ്ഞ ടി.എ ജാഫറിന്റെ കൊച്ചുമക്കളായ മൂന്നു പേരും ഇപ്പോഴത്തെ ഇന്ത്യൻ ഫുട്ബാൾ ദേശീയ ടീമംഗവും മോഹൻ ബഗാൻ താരവുമായ സഹൽ അബ്ദുൽ സമദിന്റെ രണ്ടു കസിൻസും ഈ ടീമിലുൾപ്പെടുന്നു. അഫ്ഗാൻ സ്വദേശി കോച്ച് ഹയാത്ത് ഖാൻ, നേപ്പാൾ സ്വദേശി സെൻറർ ബാക്ക് ജെയിംസ് എന്നിവരൊഴിച്ച് ടീമിലെ ബാക്കിയെല്ലാവരും മലയാളികളാണ്. അൻഷദ് റയാൻ കാരിക്കുളക്കാട്ടിന്റെ നേതൃത്വത്തിലിറങ്ങിയ ടീമിൽ മുഹമ്മദ് സൈൻ, അയാൻ ബൈജു, അഫ്റാസ് അസീസ്, ആദിൽ അസീസ്, റയാൻ മുനീർ, അമാൻ മുനീർ, ഇഷാൻ ഗിരീഷ്, റിഹാൻ ജാബിർ, സയാൻ റഫീക്, റയാൻ സാബിർ, സയാൻ സാബിർ എന്നിവരാണ് ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.