ടെക് ലോകം ദുബൈയിൽ; ജൈടെക്സ് ഇന്ന് തുടങ്ങും\
text_fieldsദുബൈ: സാങ്കേതികവിദ്യ രംഗത്തെ വിസ്മയലോകം ഇന്ന് തുറക്കും. ലോകത്തിലെ ഏറ്റവും വലിയ ടെക് ഷോയായ ഗൾഫ് ഇൻഫർമേഷൻ ടെക്നോളജി എക്സിബിഷൻ (ജൈടെക്സ് ഗ്ലോബൽ) തിങ്കളാഴ്ച ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിക്കും. ലോകമെമ്പാടുമുള്ള പ്രമുഖ ടെക് കമ്പനികളാണ് 44ാമത് എഡിഷനിൽ പ്രദർശനത്തിനെത്തുന്നത്.
മിഡിൽ ഈസ്റ്റിലും പുറത്തുമുള്ള വ്യവസായങ്ങളുടെയും സംരംഭങ്ങളുടെയും ഭാവി രൂപപ്പെടുത്തുന്ന ഏറ്റവും മികച്ച സൊലൂഷനുകളാണ് മേളയിൽ അവതരിപ്പിക്കുക. നിർമിത ബുദ്ധി (എ.ഐ), സൈബർ സുരക്ഷ, ഡിജിറ്റൽ പരിവർത്തനം തുടങ്ങിയവയിൽ കേന്ദ്രീകരിച്ചായിരിക്കും ഇത്തവണത്തെ പ്രദർശനം.
180 രാജ്യങ്ങളിൽനിന്നായി 6500 കമ്പനികൾ പ്രദർശനത്തിൽ പങ്കെടുക്കും. ദുബൈയിലെ സർക്കാർ, സ്വകാര്യ മേഖലകളിൽനിന്നായി 45 കമ്പനികളും മേളയുടെ ഭാഗമാവും. കൂടാതെ അബൂദബി, അജ്മാൻ തുടങ്ങിയ എമിറേറ്റുകളിൽനിന്നുള്ള പ്രമുഖ ടെക് കമ്പനികളും പ്രദർശനത്തിനെത്തുന്നുണ്ട്.
കേരള സ്റ്റാർട്ടപ് മിഷൻ ഉൾപ്പെടെ കേരളത്തിൽനിന്നുള്ള സ്റ്റാർട്ടപ് കമ്പനികളും ഇത്തവണ മേളയിലെത്തുമെന്നാണ് വിവരം. 65,500 ഡയറക്ടർമാരും മേളയിൽ പങ്കെടുക്കും. നിരവധി കരാർ ഒപ്പുവെക്കൽ ചടങ്ങുകൾക്കും മേള സാക്ഷിയാകും.
20 ലക്ഷം ചതുരശ്ര മീറ്ററിൽ 26 ഹാളിലായാണ് മേള. നാല് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ രണ്ട് ലക്ഷത്തിലധികം സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വർഷം 170 രാജ്യങ്ങളിൽനിന്നായി 5000 പ്രദർശകരാണ് പങ്കെടുത്തത്. ഒന്നര ലക്ഷത്തിലധികം സന്ദർശകർ മേളയിലെത്തിയെന്നാണ് കണക്ക്. രാവിലെ 10 മുതൽ വൈകീട്ട് അഞ്ചു വരെയാണ് സന്ദർശന സമയം. 18ന് സമാപിക്കും.
ജൈടെക്സിന്റെ ഭാഗമായി ദുബൈ ഹാർബറിൽ നടക്കുന്ന സ്റ്റാർട്ടപ്പുകളെ പരിചയപ്പെടുന്ന എക്സ്പാന്റ് നോർത്തേൺ സ്റ്റാർ മേള ഞായറാഴ്ച ആരംഭിച്ചു. മേളയുടെ ഉദ്ഘാടനം ദുബൈ പോർട്ട്സ് ആൻഡ് ബോർഡേഴ്സ് സെക്യൂരിറ്റി കൗൺസിൽ ചെയർമാൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം നിർവഹിച്ചു.
100 രാജ്യങ്ങളിൽ നിന്നായി 1200 നിക്ഷേപകർ, 1800 സ്റ്റാർട്ടപ്പുകൾ എന്നിവയാണ് പ്രദർശനത്തിൽ പങ്കെടുക്കുന്നത്. ആസ്ട്രേലിയ, ഓസ്ട്രിയ, കാനഡ, ഗ്രീസ്, അയർലൻഡ്, ലാത്വിയ, ലിത്വേനിയ, പോളണ്ട്, മലേഷ്യ, സിംഗപ്പൂർ എന്നി രാജ്യങ്ങൾ ആദ്യമായി മേളയിൽ പങ്കെടുക്കുന്നുണ്ട്.
പ്രദർശകർക്കും സന്ദർശകർക്കും മേളയിൽ പങ്കെടുക്കാനായി ആർ.ടി.എ, ദുബൈ പൊലീസ്, ദുബൈ ഇവന്റ് സെക്യൂരിറ്റി കമ്മിറ്റി എന്നിവരുമായി സഹകരിച്ച് ഡി.ഡബ്ല്യു.ടി.സി മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
തിരക്ക് കണക്കിലെടുത്ത് വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ പ്രത്യേക പാർക്കിങ് ഇടങ്ങൾ ദുബൈ റോഡ് ഗതാഗത അതോറിറ്റി തയാറാക്കിയിട്ടുണ്ട്. ഇത്തിസലാത്ത്, സെന്റർ പോയന്റ് മെട്രോ സ്റ്റേഷൻ പാർക്കിങ്ങുകൾ, ജബൽ അലി മെട്രോ സ്റ്റേഷൻ പാർക്കിങ് എന്നിവിടങ്ങളിലാണ് വിശാലമായ പാർക്കിങ് സൗകര്യങ്ങളുള്ളത്.
കൂടാതെ, മാക്സ് മെട്രോ സ്റ്റേഷനു പരിസരത്തെ അൽ കിഫാഫ് ബഹുനില പാർക്കിങ് സൗകര്യവും ഉപയോഗിക്കാം. വേൾഡ് ട്രേഡ് സെന്റർ മെട്രോ സ്റ്റേഷൻ, മാക്സ് മെട്രോ സ്റ്റേഷൻ, ജൈടെക്സ് ഗ്ലോബൽ പാർക്കിങ് ഏരിയ എന്നിവക്കിടയിൽ ആർ.ടി.എയുടെ ബസുകൾ ഷട്ടിൽ സർവിസ് നടത്തും.
അൽ മൈദാൻ സ്ട്രീറ്റിൽ നിന്ന് വരുന്നവർക്ക് അൽ മുസ്താഖ്ബൽ സ്ട്രീറ്റ്, ശൈഖ് സായിദ് റോഡിൽനിന്ന് വരുന്നവർക്ക് അൽ സുകുക്ക് സ്ട്രീറ്റ് എന്നിങ്ങനെയുള്ള ബദൽ റൂട്ടുകൾ ഉപയോഗിച്ച് ഫിനാൻഷ്യൽ സെന്റർ ഏരിയയിലെത്താം. ഈ സ്ഥലങ്ങളിലെ പാർക്കിങ് സംബന്ധിച്ച തത്സമയ അപ്ഡേറ്റുകൾക്കായി ജൈടെക്സ് പ്ലസ് ആപ് ഉപയോഗിക്കാം. കൂടാതെ വേദിയിലേക്ക് 300 ടാക്സികളും സജ്ജമാണ്. ദുബൈ പൊലീസ് ആപ്പിലും അറിയിപ്പുകൾ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.