മാംസ ഉൽപന്നങ്ങളിൽ പന്നിയിറച്ചി കണ്ടെത്താൻ സംവിധാനം
text_fieldsദുബൈ: സംസ്കരിച്ച മാംസ ഉൽപന്നങ്ങളിൽ പന്നിയിറച്ചിയുടെ സാന്നിധ്യം തിരിച്ചറിയാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ച് ദുബൈ സെൻട്രൽ ലബോറട്ടറി. ഭക്ഷ്യവസ്തുക്കളുടെ ഡി.എൻ.എ പരിശോധിച്ചാണ് പന്നിയിറച്ചി അടങ്ങിയിട്ടുണ്ടോ എന്ന് കണ്ടെത്തുന്നത്. എമിറേറ്റിൽ വിതരണംചെയ്യുന്ന ഭക്ഷ്യവസ്തുക്കളിൽ അന്താരാഷ്ട്ര നിലവാരവും മാനദണ്ഡങ്ങളും പാലിക്കുന്നതോടൊപ്പം പരമാവധി കാര്യക്ഷമതയും ഗുണനിലവാരവും ഉറപ്പുവരുത്താനുള്ള സമഗ്രമായ സേവനങ്ങൾ പ്രദാനം ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചത്.
മൈക്രോബയോളജിക്കൽ ലബോറട്ടറിയിലാണ് പുതിയ സംവിധാനം സ്ഥാപിച്ചിരിക്കുന്നത്. പരമ്പരാഗതമായ രീതികളിൽനിന്ന് വ്യത്യസ്തമായി 100 തവണ ഉയർന്ന കാര്യക്ഷമതയോടെ പന്നിയിറച്ചി സാന്നിധ്യം കണ്ടെത്താൻ ലബോറട്ടറിക്ക് കഴിയും. എമിറേറ്റിലെ ജനങ്ങൾക്ക് ഏറ്റവും സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു സംരംഭത്തിന് തുടക്കമിട്ടതെന്ന് ദുബൈ സെന്ട്രൽ ലബോറട്ടറി ഡിപ്പാർട്ട്മെന്റ് ആക്ടിങ് ഡയറക്ടർ ഹിന്ദ് മഹ്മൂദ് അഹമ്മദ് പറഞ്ഞു. ഒരു മണിക്കൂറിൽ 100 ടെസ്റ്റുകൾ വരെ നടത്താനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ഭക്ഷ്യവസ്തുക്കളിലെ വിവിധ തരം ബാക്ടീരിയകൾ, യീസ്റ്റ്, ഫംഗസ് തുടങ്ങിയവയുടെ സാന്നിധ്യം അതിവേഗത്തിൽ കണ്ടെത്താനും കഴിയും. ഭക്ഷ്യവസ്തുക്കളുടെ ഉപയോഗ കാലാവധി, ഗുണമേന്മ, സുരക്ഷപരിശോധന എന്നിവയും ലബോറട്ടറിയിൽ പരിശോധിക്കാം.
കൂടാതെ, രോഗമുണ്ടാക്കുന്ന ബാക്ടീരിയകൾ അടങ്ങിയിട്ടില്ലെന്ന് ഉറപ്പുനൽകാൻ കുപ്പിയിലാക്കിയതും കുപ്പിയിലില്ലാത്തതുമായ കുടിവെള്ള സാമ്പിളുകളുടെ പരിശോധനകൾ, ഭൂഗർഭജലം, ജലസേചന വെള്ളം, കടൽ, തടാകങ്ങൾ, കനാലുകൾ, ബീച്ചുകൾ, നീന്തൽക്കുളം എന്നിവിടങ്ങളിലെ സാമ്പ്ൾ പരിശോധനകളും നടത്തും. ഹോട്ടലുകൾ, ഡെന്റൽ ക്ലിനിക്കുകൾ, അവശിഷ്ടങ്ങൾ, മണ്ണ്, പ്രകൃതിദത്ത കരുതൽ, അപകടകരമായ മാലിന്യങ്ങൾ, രാസവളങ്ങൾ എന്നിവയും ഇവിടെ പരിശോധനക്ക് വിധേയമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.