ടെലിഫോൺ, ഓണ്‍ലൈന്‍ തട്ടിപ്പ് മുന്നറിയിപ്പുമായി റാക് പൊലീസ്
text_fieldsറാസല്‍ഖൈമ: ടെലിഫോണ്‍ വിളിച്ചും സ്മാര്‍ട്ട് ആപ്ലിക്കേഷനുകള്‍ വഴിയും വിവരങ്ങള്‍ ശേഖരിച്ച് പണം കവര്‍ച്ചയും കുറ്റകൃത്യങ്ങളും നടത്തുന്നവരെ കരുതിയിരിക്കണമെന്ന് റാക് പൊലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി. അജ്ഞാത കോളുകളോട് പ്രതികരിച്ച് തങ്ങളുടെ വിവരങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്നതിലൂടെ വലിയ തട്ടിപ്പു മാഫിയകളുടെ ഇരയായി മാറുകയാണെന്ന ബോധ്യം സമൂഹത്തിനുണ്ടാകണമെന്ന് റാക് പൊലീസ് മീഡിയ ആൻഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ കേണല്‍ ഹമദ് അബ്ദുല്ല അല്‍അവാദി ഓര്‍മിപ്പിച്ചു.
സ്ഥാപനങ്ങളുടെയും ബാങ്കുകളുടെയും പ്രതിനിധിയാണെന്ന് വിളിക്കുന്നവര്‍ക്ക് ബാങ്ക് കാര്‍ഡ് നമ്പറുകള്‍, വെരിഫിക്കേഷന് നമ്പര്‍, ഫോണ്‍ നമ്പര്‍ തുടങ്ങി അക്കൗണ്ട് നമ്പറുകളുമായി കണക്ട് ചെയ്യുന്ന വിവരങ്ങള്‍ കൈമാറി. ഗൗരവത്തില്‍ വിളിച്ച് സൗഹൃദ സംഭാഷണത്തിലൂടെ വിവരങ്ങള്‍ ശേഖരിക്കുന്ന തട്ടിപ്പ് സംഘാംഗം ഒ.ടി.പി നമ്പര്‍ കൈക്കലാക്കി പണം കവരുന്ന രീതിയാണ് പിന്തുടരുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
സാങ്കേതിക വികാസത്തിനനുസൃതമായി ഇലക്ട്രോണിക് കുറ്റകൃത്യങ്ങളും ലോകതലത്തില്‍ വര്‍ധിക്കുകയാണ്. ഈ വിഷയത്തില്‍ സമൂഹത്തില്‍ വ്യാപക ബോധവത്കരണം ആവശ്യമാണ്. വിവിധ പൊലീസ് സ്റ്റേഷനുകള്‍, കുറ്റാന്വേഷണ വകുപ്പ്, മീഡിയ ആൻഡ് പബ്ലിക് റിലേഷന്‍സ് തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ച് റാക് ആഭ്യന്തര മന്ത്രാലയം വിപുലമായ ബോധവത്കരണ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് അധികൃതര്‍ വ്യക്തമാക്കി. സൈബര്‍ കുറ്റകൃത്യങ്ങള്‍, ബ്ലാക്ക്മെയിലിങ്, നിഷേധാത്മക പെരുമാറ്റം തുടങ്ങിയവയെക്കുറിച്ച് പൊതുജനങ്ങള്‍ 901, 999 നമ്പറുകളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മടിക്കരുതെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. ടെലിഫോണ്‍ തട്ടിപ്പിനെക്കുറിച്ച് ബോധവത്കരണത്തിനായി വിഡിയോയും റാക് പൊലീസ് പുറത്തിറക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.