സത്യം പറയൽ പലപ്പോഴും അപകടകരം -നീന ഗുപ്ത
text_fieldsഷാർജ: സത്യം പറയൽ പലപ്പോഴും അപകടകരമാണെന്നും ജീവിതാനുഭവങ്ങളിൽ നിന്നാണ് അത് പറയുന്നതെന്നും ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവും എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ നീന ഗുപ്ത അഭിപ്രായപ്പെട്ടു. ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിലെ ബുക് ഫോറം 1ൽ ‘സച്ച് കഹോം തോ’ സംവാദത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. തന്റെ അഭിനയ ജീവിതവും എഴുത്തും സാമൂഹിക പ്രവർത്തനങ്ങളും മുൻനിർത്തിയാണ് നീന ഗുപ്ത സംസാരിച്ചത്. സ്വന്തം ജീവിതത്തിലെ പ്രശ്നങ്ങൾക്ക് അവരവർ തന്നെ പരിഹാരം കണ്ടെത്തുന്നതാണ് ഉചിതം. മറ്റൊരാൾ വന്ന് അത് പരിഹരിച്ചുതരുമെന്ന കാത്തിരിപ്പ് വെറുതെയാണ്.
‘‘നിങ്ങൾ വിജയിച്ചവരാണെങ്കിൽ എല്ലാം നല്ലതായി തോന്നും, സുന്ദരമായി തോന്നും. പരാജയപ്പെട്ടവരാണെങ്കിൽ ചെയ്യുന്നത് നല്ലതായി തോന്നണമെന്നില്ല. ജീവിതത്തിൽ വിജയിക്കാൻ ആത്മവിശ്വാസമാണ് പ്രധാനം. ആത്മാർഥതയും അത്രതന്നെ’’ -അവർ പറഞ്ഞു.
നല്ലരീതിയിൽ അഭിനയിച്ച് അവാർഡ് കിട്ടിയിട്ടുണ്ടെങ്കിലും പിന്നീട് മികച്ച റോളുകളൊന്നും കിട്ടിയിട്ടില്ല. കോളജ് പഠനകാലത്ത് നാടകങ്ങളിൽ പുരുഷ വേഷങ്ങളിലാണ് ധാരാളം അഭിനയിച്ചത്. അത് നല്ല ശരീര ഉയരമുണ്ടായിരുന്നതിനാലായിരുന്നു.
സ്ത്രീകളെ സംബന്ധിക്കുന്ന പല കാര്യങ്ങളിലും പുസ്തകത്തിൽ എഴുതിയത് നടപ്പാക്കൽ അത്ര എളുപ്പമല്ല. ഇന്ത്യൻ വനിതകളുടെ ജീവിതനിലവാരത്തിൽ കാര്യമായ മാറ്റമുണ്ടെന്ന് പറയാനാവില്ല. ഒരു ശതമാനത്തിൽ താഴെ മാത്രമേ മാറ്റങ്ങൾ കണ്ടുതുടങ്ങുന്നുള്ളൂ. ഇന്ത്യൻ വനിതകൾ ആദ്യം വീട്ടു ജോലികൾ മാത്രമേ ചെയ്തിരുന്നുള്ളൂ. എന്നാൽ, ഇന്ന് അങ്ങനെയല്ല, ഒരു ജോലിയുണ്ട്, അതോടൊപ്പം വീട്ടുജോലികളും ചെയ്യണം. അതവരുടെ ജീവിതഭാരം കൂട്ടുന്നതാണെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.