താപനില വീണ്ടും കുറഞ്ഞു; ജബൽ ജെയ്സിൽ 2.4 ഡിഗ്രി
text_fieldsദുബൈ: യു.എ.ഇയിൽ ഈ വർഷത്തെ ഏറ്റവും കുറഞ്ഞ താപനില വെള്ളിയാഴ്ച രേഖപ്പെടുത്തി. റാസൽഖൈമയിലെ ജബൽ ജെയ്സിലാണ് 2.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. രാജ്യത്തെ മറ്റു പർവത മേഖലകളിലും കുറഞ്ഞ താപനില രേഖപ്പെടുത്തിയിട്ടുണ്ട്. ഫുജൈറയിലെ മബ്രിഹ് പർവത മേഖലയിൽ 5.2 ഡിഗ്രി സെൽഷ്യസും റാസൽഖൈമയിലെ ജബൽ റഹ്ബയിൽ 5.5 ഡിഗ്രിയുമാണ് അടയാളപ്പെടുത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചതിനിടെയാണ് വീണ്ടും താപനില കുറഞ്ഞത്. വെള്ളിയാഴ്ചയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മേഘാവൃതമായ കാലാവസ്ഥയായിരുന്നു. അൽ ഐനിൽ ആലിപ്പഴ വർഷത്തിന് സാധ്യതാ മുന്നറിയിപ്പ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയിരുന്നു. കേടുപാടുകൾ സംഭവിക്കുന്നത് തടയാനായി വാഹനങ്ങളും മറ്റും ആളുകൾ മൂടിവെച്ചിരുന്നു. എന്നാൽ, ആലിപ്പഴ വർഷമോ ശക്തമായ മഴയോ ഇത്തവണയുണ്ടായില്ല. കഴിഞ്ഞ 12ന് ഉണ്ടായ ആലിപ്പഴ വർഷത്തിലും മഴയിലും അൽ ഐനിൽ നിരവധി വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.