അൽ ദഫ്റയിലാണ് കനത്ത താപനില രേഖപ്പെടുത്തിയത്
text_fieldsദുബൈ: യു.എ.ഇയിൽ താപനില 50 ഡിഗ്രി സെൽഷ്യസ് കടന്നു. ഈ വർഷം ആദ്യമായാണ് 50 ഡിഗ്രിക്കു മുകളിൽ ചൂട് രേഖപ്പെടുത്തുന്നത്. അബൂദബി എമിറേറ്റിലെ അൽ ദഫ്റ മേഖലയിൽ ബദാ ദഫാസ് എന്ന സ്ഥലത്താണ് 50.1 ഡിഗ്രി താപനില രേഖപ്പെടുത്തിയതെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രസ്താവനയിൽ പറഞ്ഞു. ശനിയാഴ്ചയും ഞായറാഴ്ചയും ഈ പ്രദേശത്ത് ചൂട് സമാനമായ നിലയിലാണുള്ളത്. കഴിഞ്ഞ രണ്ട് ആഴ്ചകളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചൂട് കൂടിക്കൊണ്ടിരിക്കയാണ്.
ദുബൈയിലും അബൂദബിയിലും 46 ഡിഗ്രിയാണ് ഞായറാഴ്ചത്തെ കൂടിയ താപനില. ചൂട് കൂടിയ സമയങ്ങളിൽ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കാൻ ആരോഗ്യ വിദഗ്ധർ പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. വേനൽ പരിഗണിച്ച് ജൂൺ പകുതി മുതൽ തൊഴിലാളികൾക്ക് യു.എ.ഇയിൽ ഉച്ചവിശ്രമ സമയം നിർബന്ധമാക്കിയിട്ടുണ്ട്. ഉച്ച 12.30 മുതൽ മൂന്നു വരെ പുറംജോലികൾ ചെയ്യുന്നതിനാണ് വിലക്കുള്ളത്. നിയമലംഘനത്തിന് ഒരു തൊഴിലാളിക്ക് 5000 ദിർഹം വീതം പിഴ ചുമത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.