10 ലക്ഷം സന്ദർശകർ കവിഞ്ഞ് ടെറ
text_fieldsദുബൈ: അത്ഭുതക്കാഴ്ചകളൊരുക്കുന്ന എക്സ്പോയിലെ ടെറ സസ്റ്റെയ്നബിലിറ്റി പവിലിയനിൽ സന്ദർശകരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു. ഇതുമായി ബന്ധപ്പെട്ട ആഘോഷം ടെറയിൽ സംഘടിപ്പിച്ചു. എക്സ്പോയിലെ ഏറ്റവും മികച്ചതും കണ്ടിരിക്കേണ്ടതുമായ പവിലിയനിൽ ഒന്നാണ് ടെറ.
പരിസ്ഥിതി മലിനീകരണത്തിനെതിരായ സന്ദേശം നൽകുന്നതിനൊപ്പം അതുണ്ടാക്കുന്ന വിപത്തുകളും വിവരിക്കുന്നതാണ് ടെറയിലെ കാഴ്ചകൾ. കാഴ്ചകൾ കണ്ടിറങ്ങുന്നവരിൽ നല്ലൊരു ശതമാനവും പരിസ്ഥിതി നാശത്തിനെതിരായ പ്രതിജ്ഞയെടുക്കുന്നുവെന്നാണ് സംഘാടകർ പറയുന്നത്.
ഇന്ത്യക്കാരനായ സന്തോഷ് ഫെർണാണ്ടസായിരുന്നു 10 ലക്ഷം തികച്ച സന്ദർശകൻ. ഭാര്യ ശീതൾ, മക്കളായ സിയോന, സിയാന, സുഹൃത്ത് തുഷാർ കാവ്ലി എന്നിവരും ഒപ്പമുണ്ടായിരുന്നു. ഇവർക്ക് സമ്മാനം നൽകിയാണ് അധികൃതർ സ്വീകരിച്ചത്. ഇതിന് മുകളിലുള്ള റസ്റ്റാറൻറിൽ ഭക്ഷണവും ഒരുക്കി. താൻ സന്ദർശിക്കുന്ന ആദ്യ പവിലിയനാണിതെന്നും പ്ലാസ്റ്റിക്കിനെതിരായ മികച്ച സന്ദേശമാണ് പവിലിയൻ നൽകുന്നതെന്നും സന്തോഷ് പറഞ്ഞു. ശനിയാഴ്ച സന്ദർശിച്ച എല്ലാവർക്കും യു.എ.ഇയുടെ ദേശീയ മരമായ ഗാഫ് മരത്തിന്റെ തൈ നൽകിയാണ് യാത്രയാക്കിയത്. മനുഷ്യരുടെ കാഴ്ചപ്പാടുകൾ മാറ്റിമറിക്കാൻ ശേഷിയുള്ള പവിലിയനാണ് ടെറ.
വിനോദത്തിനൊപ്പം വിജ്ഞാനവും പകർന്ന് നൽകുന്നുണ്ട്. കാർബൺ ബഹിർഗമനത്തിന്റെ തോത് കുറക്കുന്നതിന്റെ പ്രാധാന്യം ഇവിടെയുള്ള പ്രദർശനങ്ങൾ കാണിച്ചുതരുന്നുണ്ട്. പ്ലാസ്റ്റിക്കിന്റെ ദൂഷ്യഫലങ്ങളാണ് ഏറ്റവും കൂടുതൽ വിവരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.