ഭീകരരുടെ സൈബർ ആക്രമണം പരാജയപ്പെടുത്തി
text_fieldsദുബൈ: ഭീകരസംഘങ്ങൾ നടത്തിയ വിവിധ സൈബർ ആക്രമണങ്ങൾ പരാജയപ്പെടുത്തി യു.എ.ഇ അധികൃതർ. രാജ്യത്തെ സുപ്രധാന മേഖലകളിലെ സംവിധാനങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെയാണ് തടയാൻ സാധിച്ചതെന്ന് വർത്തഏജൻസി ‘വാം’ റിപ്പോർട്ട് ചെയ്തു. കാര്യക്ഷമമായും പ്രഫഷനൽ രീതിയിലുമാണ് രാജ്യസുരക്ഷയെയും സംവിധാനങ്ങളെയും ലക്ഷ്യംവെച്ചുള്ള ആക്രമണങ്ങളെ തകർത്തതെന്നും അധികൃതർ വ്യക്തമാക്കി. വിവിധ വകുപ്പുകൾ ഏകോപിച്ചാണ് പ്രതിരോധം തീർത്തതെന്ന് യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ അറിയിച്ചു.
അന്താരാഷ്ട്ര തലത്തിലെ ഏറ്റവും മികച്ച സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയാണ് രാജ്യത്തിന്റെ ഡിജിറ്റൽ എക്കോസിസ്റ്റം സംരക്ഷിക്കുന്നതിന് അധികൃതർ പ്രവർത്തിക്കുന്നത്. സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ സംരംഭങ്ങളും വ്യക്തികളും സൈബർ ആക്രമണങ്ങളെ കുറിച്ച് ജാഗ്രത പാലിക്കണമെന്നും കരുതലുണ്ടാകണമെന്നും സൈബർ സെക്യൂരിറ്റി കൗൺസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾ ദിനംപ്രതി 50,000 സൈബർ ആക്രമണങ്ങൾ നേരിടുകയും തടയുകയും ചെയ്യുന്നുണ്ടെന്ന് നേരത്തെ സൈബർ സെക്യൂരിറ്റി മേധാവി ഡോ. മുഹമ്മദ് അൽ കുവൈത്തി വെളിപ്പെടുത്തിയിരുന്നു. സർക്കാർ സംവിധാനങ്ങളുടെ എല്ലാ ശൃംഖലയും ഫിഷിങ് ഇ-മെയിൽ, റാൻസംവെയർ എന്നിങ്ങനെ എല്ലാ തരത്തിലുള്ള സൈബർ ആക്രമണങ്ങൾക്ക് ഇരയാകുന്നതായാണ് വെളിപ്പെടുത്തിയത്. സ്വകാര്യ മേഖലക്കെതിരായ സൈബർ സുരക്ഷ ആക്രമണങ്ങൾ പൊതുമേഖല അഭിമുഖീകരിക്കുന്നതിന്റെ ഇരട്ടിയോ മൂന്നിരട്ടിയോ ആയിരിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി. സൈബർ സുരക്ഷ സ്ഥാപനമായ കാസ്പെർസ്കി അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ യു.എ.ഇയിലെ 15 ശതമാനം സ്വകാര്യമേഖല കമ്പനികൾ കഴിഞ്ഞ രണ്ടു വർഷത്തിൽ സൈബർ ആക്രമണങ്ങൾ നേരിട്ടിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഒക്ടോബറിൽ യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ, ഡിജിറ്റൽ കുറ്റകൃത്യങ്ങൾ അന്വേഷിക്കാനും തടയാനും ചെറുക്കാനുമുള്ള സൈബർ സുരക്ഷ സാങ്കേതികവിദ്യകളുടെ നിർമാതാക്കളായ ഗ്രൂപ്-ഐ.ബിയുമായി ധാരണപത്രം ഒപ്പുവെക്കുകയും ചെയ്തിരുന്നു.
മിഡിലീസ്റ്റ്, തുർക്കിയ, ആഫ്രിക്ക മേഖലകളെ ലക്ഷ്യമിട്ട് സൈബർ കുറ്റവാളികൾ ഉയർത്തുന്ന സുരക്ഷ ഭീഷണികളെ കുറിച്ച എല്ലാ വിവരങ്ങളും പങ്കിടുന്നതിനാണ് ധാരണയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.