ഐ.പി.ഒക്ക് തയ്യാറെടുത്ത് തലബാത്ത്
text_fieldsദുബൈ: യു.എ.ഇയിലെ പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ തലബാത്ത് പ്രാഥമിക ഓഹരി വിൽപനക്ക് (ഐ.പി.ഒ) തയാറെടുക്കുന്നു. ഈ വർഷം അവസാന പാദത്തിൽ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്ന് തലബാത്ത് വ്യാഴാഴ്ച പ്രസ്താവനയിൽ വെളിപ്പെടുത്തി.
ജർമനി ആസ്ഥാനമായുള്ള ഡെലിവറി ഹീറോയുടെ യു.എ.ഇയിലെ അനുബന്ധ സ്ഥാപനമാണ് തലബാത്ത്. ഫ്രാങ്ക്ഫുർട്ട് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത ഡെലിവറി ഹീറോ ഈ വർഷം അവസാനത്തോടെ തലബാത്തിന്റെ യു.എ.ഇയിലെ ഓഹരികൾ ദുബൈ ഫിനാൻഷ്യൽ മാർക്കറ്റിൽ ഇറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം, എത്ര ഓഹരികൾ ഇറക്കുമെന്നോ അതിന്റെ വില ഉൾപ്പെടെയുള്ള നടപടിക്രമങ്ങളെക്കുറിച്ചോ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
തലബാത്തിന്റെ ഓഹരികൾ ദുബൈ ഫിനാൻഷ്യൽ മാർക്കറ്റിൽ ലിസ്റ്റ് ചെയ്താലും ഭൂരിഭാഗം ഓഹരികളും ഡെലിവറി ഹീറോ നിലനിർത്തുമെന്നാണ് വിവരം. ഇതിനായി സെക്കൻഡറി വിൽപന രീതിയായിരിക്കും സ്വീകരിക്കുകയെന്നാണ് സൂചന. നേരത്തേ ഫ്രാങ്ക്ഫുർട്ട് ഇടപാടിലൂടെ ഡെലിവറി ഹീറോ തലബാത്തിലെ ഓഹരി വിഹിതം ഏഴ് ശതമാനം ഉയർത്തിയിരുന്നു.
അതോടൊപ്പം കമ്പനിയുടെ മിഡിലീസ്റ്റ് നോർത്ത് ആഫ്രിക്ക റീജനലിൽ ഈ വർഷം രണ്ടാം പാദത്തിൽ വിൽപന 31 ശതമാനം ഉയരുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം കമ്പനിയുടെ വിൽപന മൂല്യം 500 കോടി യൂറോ ആണ്. മിഡിലീസ്റ്റിൽ യു.എ.ഇ കൂടാതെ ബഹ്റൈൻ, ജൗജിപ്ത്, ഇറാഖ്, ജോർഡൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലാണ് തലബാത്തിന്റെ ഡെലിവറി സർവിസുള്ളത്. അതേസമയം, തലബാത്തിന്റെ ഓഹരി വിപണി പ്രവേശന വാർത്ത പുറത്തുവന്നതിന് പിന്നാലെ ഡെലിവറി ഹീറോയുടെ ഓഹരി വില 10 ശതമാനം ഉയർന്നു.
ഐ.പി.ഒക്ക് മുന്നോടിയായി വിപണി നിയന്ത്രണ അതോറിറ്റിയുടെ അംഗീകാരം കമ്പനി സ്വന്തമാക്കിയിരുന്നു. ലുലു ഗ്രൂപ് ഇന്റർനാഷനൽ, എൻ.എം.സി ഹെൽത്ത് കെയർ എന്നീ കമ്പനികളും ഈ വർഷം ഐ.പി.ഒക്ക് തയാറെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.