ജനപ്രവാഹമേ നന്ദി...
text_fieldsഷാർജ: യു.എ.ഇയിലെ പ്രവാസി മലയാളി സമൂഹത്തിന്റെ ആറാം ഉത്സവത്തിന് ആവേശ സമാപനം. ഇരമ്പിയെത്തിയ ജനപ്രവാഹത്തെ സാക്ഷിയാക്കിയാണ് ഗൾഫ് മാധ്യമം ‘കമോൺ കേരള’ക്ക് ഷാർജ എക്സ്പോ സെന്ററിൽ കൊടിയിറങ്ങിയത്. കഴിഞ്ഞ മൂന്നുദിവസം ഷാർജക്ക് ഉത്സവമായിരുന്നു. ഓരോ ദിവസവും തിരക്ക് വർധിച്ച് സമാപന ദിവസം അണമുറിയാത്ത ജനപ്രവാഹം തന്നെയുണ്ടായി.
പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഇന്ത്യൻ വാണിജ്യ, സാംസ്കാരിക, വിനോദ, വൈജ്ഞാനിക മേള എന്ന പെരുമക്കൊത്ത പ്രൗഢിയോടെയാണ് മഹാമേള സമാപിച്ചത്. പ്രധാന വേദിയിൽ മാത്രമല്ല പലിവിയനിലും ഫുഡ് കോർട്ടിലും മത്സര വേദികളിലും ആക്ടിവിറ്റി സ്റ്റേജിലുമെല്ലാം തിരക്ക് അനുഭവപ്പെട്ടു. മലയാളി സമൂഹത്തിനാകെ അഭിമാനമായി മാറിയ ഗൾഫ് മാധ്യമം ‘കമോൺ കേരള’യെ ആറാം വർഷവും പ്രവാസി സമൂഹം നെഞ്ചോട് ചേർത്തു.
യുവാക്കളുടെ ഹരമായ സിനിമാ താരം നിവിൻ പോളിയുടെ സാന്നിധ്യം സമാപന ദിവസത്തെ ധന്യമാക്കി. പരിപാടികളുടെ വൈവിധ്യവും ഗുണമേന്മയും മേളക്ക് തിലകക്കുറി ചാർത്തി. അറിവും ആനന്ദവും ഒത്തുചേർന്ന അസുലഭ ഉത്സവം തന്നെയായി കമോൺ കേരള മാറി. നാടിന്റെ തുടിപ്പ് മറുനാട്ടിൽ അനുഭവിച്ചറിയാൻ ലഭിച്ച അവസരം പ്രവാസി സമൂഹം നന്നായി ഉപയോഗപ്പെടുത്തി.
പ്രമുഖർ ഉൾപ്പെടെ ഒട്ടേറെ വിദേശികളും മേളയിലെത്തി. മലയാളത്തിന്റെ തുടിപ്പ് കണ്ട മറുനാട്ടുകാരും നിറമനസ്സോടെ ഗംഭീരമായിരിക്കുന്നുവെന്ന് സമ്മതിച്ചു. സ്റ്റീഫൻ ദേവസ്സി, രേഷ്മ രാഘവേന്ദ്ര, സംഗീത പ്രഭു, ജാസിം ജമാൽ, ലിബിൻ സ്കറിയ, വേദമിത്ര, രാമു, നിഖിൽ പ്രഭ, മുഹമ്മദ് അഫ്സൽ, റിസ, രാമു, വൈഷ്ണവ് ഗിരീഷ്, അക്ബർ ഖാൻ, മീര തുടങ്ങിയ പ്രതിഭാധനരായ കലാകാരന്മാരെ അണിനിരത്തി പ്രധാന വേദിയിൽ മൂന്നുദിവസവും പ്രമുഖ കലാകാരന്മാരെ അണിനിരത്തി സംഗീതസന്ധ്യയുണ്ടായിരുന്നു.
ഇത്രയേറെ സെലിബ്രിറ്റികളും കലാകാരന്മാരും നാട്ടിൽനിന്ന് വരുന്ന മറ്റൊരു പരിപാടിയും ഒരു ഗൾഫ് രാജ്യത്തുമില്ല. മിനി സ്റ്റേജിൽ ഒന്നിന് പിറകെ മറ്റൊന്നായി പരിപാടികൾ ഉണ്ടായിരുന്നു. ഞായറാഴ്ചത്തെ പരിപാടികളിൽ സെലിബ്രിറ്റി ഷെഫ് സുരേഷ് പിള്ളയുടെ ലൈവ് കുക്കിങ്, ഫാഷൻ രംഗത്തെ പുതിയ മാറ്റങ്ങളും ബിസിനസ് സാധ്യതകളും വിവരിച്ച് പ്രശസ്ത ഫാഷൻ ഡിസൈനർ സ്റ്റെഫി സേവിയർ നയിച്ച ‘ഫാഷൻ ഫ്യൂഷൻ’, കല്ലു-മാത്തു ടീമിന്റെ ‘മച്ചാൻസ് ഇൻ ഷാർജ’ ഷോ, ചലച്ചിത്ര സംവിധായകരായ ബ്ലെസി, സലീം അഹമ്മദ് എന്നിവർ പങ്കെടുത്ത ‘ലൈറ്റ് കാമറ ആക്ഷൻ’ തുടങ്ങിയവ ശ്രദ്ധിക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.