താങ്ക്യൂ യു.എ.ഇ
text_fieldsദുബൈ: ഒന്നര മാസമായി ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ കണ്ണും കാതും യു.എ.ഇയിലായിരുന്നു. ഇന്ത്യയിൽനിന്ന് യു.എ.ഇയിലേക്ക് പറിച്ചുനട്ട ഐ.പി.എൽ അരങ്ങുതകർക്കുന്നത് വിദേശ രാജ്യത്താണെന്ന് ഒരിക്കൽ പോലും അവർക്ക് തോന്നിയിട്ടുണ്ടാവില്ല. അത്രക്ക് ഇഴയടുപ്പത്തോടെയാണ് ഇന്ത്യയുടെ ക്രിക്കറ്റ് മാമാങ്കത്തിന് യു.എ.ഇ വേദിയൊരുക്കിയത്. 52 ദിനരാത്രങ്ങൾക്കൊടുവിൽ ഐ.പി.എല്ലിന് തിരശ്ശീല വീഴുേമ്പാൾ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ വിളിച്ചുപറയുന്നു, 'താങ്ക്യൂ യു.എ.ഇ...'
കോവിഡിനെ പേടിച്ച് മുടങ്ങിപ്പോയേക്കാവുന്ന ടൂർണമെൻറാണ് ഇരുകൈയും നീട്ടി ഇമറാത്തി മണ്ണ് ഏറ്റെടുത്തത്. ഗാലറിയിൽ കാണികളെ കയറ്റി മത്സരം നടത്താനായിരുന്നു യു.എ.ഇയുടെ ആഗ്രഹം. എന്നാൽ, താരങ്ങളുടെ സുരക്ഷ മുൻനിർത്തി ബി.സി.സി.ഐ മടിച്ചുനിന്നതിനാലാണ് കാണികൾ വിലക്കപ്പെട്ടത്. എങ്കിലും, ആളൊഴിഞ്ഞ പൂരപ്പറമ്പായിരുന്നില്ല അത്. കാണികളില്ലാത്തതിെൻറ കുറവ് ടെലിവിഷൻ പ്രേക്ഷകെര ബാധിക്കാതിരിക്കാൻ സാങ്കേതിക വിദ്യകളെ പരമാവധി കൂട്ടുപിടിച്ചിരുന്നു.
ഇന്ത്യയിലെ എട്ടു നഗരങ്ങളിൽ നടക്കേണ്ടിയിരുന്ന മത്സരങ്ങൾ യു.എ.ഇയിലെ മൂന്നു നഗരങ്ങളിലേക്ക് ചുരുക്കിയപ്പോൾ കായിക പ്രേമികൾക്കുണ്ടായിരുന്ന ആശങ്കകൾ അസ്ഥാനത്താക്കിയാണ് ഐ.പി.എല്ലിലെ അവസാന പന്തും കടന്നുപോയത്. ഷാർജ, ദുബൈ, അബൂദബി സ്റ്റേഡിയങ്ങളിലെ പിച്ചുകൾക്കും നന്ദിപറയേണ്ടിയിരിക്കുന്നു. ഒന്നിടവിട്ട ദിവസങ്ങളിൽ മത്സരം നടന്നിട്ടും ബാറ്റ്സ്മാൻമാരെ ചതിക്കാതെ കാണികൾക്ക് ഹരംപകർന്നുകൊണ്ടിരുന്നു ഇവിടെയുള്ള പിച്ചുകൾ. ടൂർണമെൻറിെൻറ രണ്ടാം പകുതിയെത്തിയപ്പോൾ പിച്ചിെൻറ സ്വഭാവം മാറിത്തുടങ്ങിയെന്ന് തോന്നിയെങ്കിലും േപ്ല ഓഫിലെത്തിയപ്പോൾ പിച്ചിൽ വീണ്ടും റൺസൊഴുകിത്തുടങ്ങി.
രണ്ട് സൂപ്പർ ഓവറുകളാണ് ഈ ഐ.പി.എല്ലിെൻറ ഹൈലൈറ്റ്. ചരിത്രത്തിലാദ്യമായാണ് ട്വൻറി20 ക്രിക്കറ്റിൽ രണ്ട് സൂപ്പർ ഓവറുകൾ വേണ്ടിവന്നത്. സാങ്കേതിക തികവുകൊണ്ടും നിലവാരംകൊണ്ടും മികവ് പ്രകടിപ്പിച്ച ഐ.പി.എല്ലാണ് കഴിഞ്ഞുപോയത്. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിന് പുറത്തേക്ക് പാറിപ്പറന്ന പന്തുകളും ഈ സീസണിെൻറ മനോഹാരിതയാണ്. ബയോബബ്ൾ സുരക്ഷയൊരുക്കി താരങ്ങളെ ചേർത്തുപിടിച്ചതും യു.എ.ഇയുടെ മികവിെൻറ തെളിവാണ്. ഐ.പി.എൽ തുടങ്ങിയതിനൊപ്പമായിരുന്നു രാജ്യത്ത് കോവിഡിെൻറ രണ്ടാം വരവിെൻറ സൂചന ലഭിച്ചത്. ദിനംപ്രതി കോവിഡ് രോഗികൾ ഉയർന്നതോടെ ടൂർണെമൻറ് നടക്കുമോ എന്നുപോലും സംശയമുയർന്നിരുന്നു. ഇതിനിടെ, ചെന്നൈ ടീമിലെ ചിലർക്ക് കോവിഡ് സ്ഥിരീകരിച്ചത് ആശങ്ക ഇരട്ടിപ്പിച്ചു. ഇവിടെയൊന്നും പതറാതെ നിശ്ചയിച്ച സമയത്തുതന്നെ ടൂർണമെൻറ് നടത്തി എന്നതാണ് യു.എ.ഇയെ വ്യത്യസ്തമാക്കുന്നത്. അതിനാൽ, ഈ ടൂർണമെൻറിലെ മികച്ച താരം യു.എ.ഇ തന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.