100 മില്യൻ മീൽസ് പദ്ധതി 10 രാജ്യങ്ങളിലേക്കുകൂടി
text_fieldsദുബൈ: യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ നിർദേശപ്രകാരം നടക്കുന്ന 100 മില്യൻ മീൽസ് പദ്ധതി 10 രാജ്യങ്ങളിലേക്കുകൂടി വ്യാപിപ്പിക്കുന്നു. ആഫ്രിക്കയിലെ ബെനിൻ, സെനഗാൾ, കസാഖ്സ്താൻ, ഉസ്ബകിസ്താൻ, തജികിസ്താൻ, അഫ്ഗാനിസ്താൻ, ഏഷ്യയിലെ കിർഗിസ്താൻ, നേപ്പാൾ, യൂറോപ്പിലെ കൊസോവോ, തെക്കേ അമേരിക്കയിലെ ബ്രസീൽ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്കാണ് പദ്ധതി വ്യാപിപ്പിച്ചത്. നേരേത്ത പാകിസ്താൻ, ജോർഡൻ, ഈജിപ്ത് എന്നിവിടങ്ങളിൽ ഭക്ഷണപ്പൊതി വിതരണം തുടങ്ങിയിരുന്നു. മിഡിൽ ഈസ്റ്റ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ 20 രാജ്യങ്ങളിലെ നിരാലംബരായ വ്യക്തികൾക്കും കുടുംബങ്ങൾക്കും ഭക്ഷണപ്പൊതി എത്തിക്കാനാണ് ലക്ഷ്യം. മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഹ്യൂമാനിറ്റേറിയൻ ആൻഡ് ചാരിറ്റി എസ്റ്റാബ്ലിഷ്മെൻറിെൻറ നേതൃത്വത്തിലാണ് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചത്. ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യപദ്ധതി, ഫുഡ് ബാങ്കിങ് പ്രാദേശിക നെറ്റ്വർക്കുകൾ, പ്രാദേശിക സംഘടനകൾ എന്നിവയുമായി സഹകരിച്ചാണ് ഈ രാജ്യങ്ങളിലേക്ക് ഭക്ഷണപ്പൊതികൾ എത്തിക്കുന്നത്. ഭക്ഷ്യസഹായം ഗുണഭോക്താക്കളിലേക്ക് എത്രയുംവേഗം എത്തിച്ചേരുമെന്ന് ഉറപ്പുവരുത്തുന്നതിനായി എല്ലാ പങ്കാളികളുമായും സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് ദുബൈ ഭരണാധികാരിയുടെ ഉപദേഷ്ടാവും എം.ബി.ആർ.സി.എച്ച് ബോർഡ് ഓഫ് ട്രസ്റ്റീസ് വൈസ് ചെയർമാനുമായ ഇബ്രാഹിം ബൗ മെൽഹ പറഞ്ഞു. പദ്ധതി തുടങ്ങി ദിവസങ്ങൾക്കുള്ളിൽ 100 മില്യൻ മീൽസ് എന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്. നിരവധി പേരാണ് പദ്ധതിക്ക് സഹായവുമായി രംഗത്തെത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.