മൃഗങ്ങളെ കൈമാറി അൽഐൻ മൃഗശാലയും ദുബൈ സഫാരി പാർക്കും
text_fieldsഅൽഐൻ: മൃഗശാല നടത്തിപ്പ്, വന്യജീവി സംരക്ഷണം എന്നീ മേഖലകളിൽ പ്രാദേശിക പങ്കാളിത്തവും സഹകരണവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അൽഐൻ മൃഗശാലയും ദുബൈ സഫാരി പാർക്കും നിരവധി മൃഗങ്ങളെ പരസ്പരം കൈമാറി. കാണ്ടാമൃഗങ്ങൾ, അറേബ്യൻ മണൽ പൂച്ചകൾ, നീല കാട്ടുമൃഗങ്ങൾ, ഉരഗങ്ങൾ തുടങ്ങിയവയെയാണ് കൈമാറിയത്. ഇത്തരം മൃഗങ്ങളുടെ പ്രജനനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കൈമാറ്റം. രണ്ട് മൃഗശാലകളിലെയും വൈവിധ്യമാർന്ന ജീവജാലങ്ങളുടെ എണ്ണം വർധിപ്പിക്കാൻ ഇത് ഉപകരിക്കും.
സന്ദർശകരുടെ ആസ്വാദനത്തിൽ പുതുമ കൊണ്ടുവരാനും ഇത് വഴി കഴിയും. വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളെക്കുറിച്ചും അവയുടെ ആവാസവ്യവസ്ഥയുടെ പ്രാധാന്യത്തെക്കുറിച്ചും കൂടുതൽ കണ്ടെത്തലിനുള്ള അവസരവുമുണ്ടാകും.
പ്രജനന ആവശ്യങ്ങൾക്കായി വെള്ള കാണ്ടാമൃഗവും മൂന്ന് ബ്ലൂ വൈൽഡ് ബീസ്റ്റുകളും അടങ്ങുന്ന സംഘത്തെ അൽ ഐൻ മൃഗശാല ദുബൈ സഫാരി പാർക്കിലേക്ക് നൽകി. രണ്ട് അറേബ്യൻ മണൽ പൂച്ചകൾ, രണ്ട് റെറ്റിക്യുലേറ്റഡ് പെരുമ്പാമ്പുകൾ, ആറ് ബർമീസ് പെരുമ്പാമ്പുകൾ, ഏഴ് കോൺ പാമ്പുകൾ, 12 ഗ്രീൻ ഇഗ്വാനകൾ എന്നിവ ഉൾപ്പെടുന്ന 29 മൃഗങ്ങളുടെ സംഘത്തെ അൽഐൻ മൃഗശാലക്ക് ദുബൈ സഫാരി പാർക്ക് പകരമായി നൽകി. പരിശീലനം ലഭിച്ച മൃഗസംരക്ഷണ സംഘത്തിന്റെയും മൃഗഡോക്ടർമാരുടെയും മേൽനോട്ടത്തിലാണ് മൃഗങ്ങളെ ഇരു മൃഗശാലകളിലേക്കും കൊണ്ടുപോയത്. അവയുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും ആവശ്യമായ എല്ലാ വിവരങ്ങളും ഉൾക്കൊള്ളുന്ന ഫയലുകളും പരസ്പരം കൈമാറിയിട്ടുണ്ട്. അൽഐൻ മൃഗശാല വംശനാശ ഭീഷണി നേരിടുന്ന വന്യമൃഗങ്ങളുടേയും ഉരഗങ്ങളുടെയും സംരക്ഷണത്തിന് ഉയർന്ന പരിഗണനയാണ് നൽകുന്നത്. മൃഗശാല നിരവധി അന്തർദേശീയവും പ്രാദേശികവുമായ സംരക്ഷണ സംഘടനകളിൽ അംഗവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.