അൽ ശാരിയ പള്ളിക്ക് പറയാനുണ്ട് നൂറ്റാണ്ടുകളുടെ ചരിത്രം
text_fieldsഹജർ മലകളുടെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന ദുബൈയുടെ ഉപനഗരമായ ഹത്ത മുവായിരം വർഷങ്ങൾക്ക് മുൻപ് തന്നെ പ്രസിദ്ധമായിരുന്നു. ചരിത്ര ഗവേഷകർ നടത്തിയ പഠനങ്ങള്‍ ഇവിടെ അധിവസിച്ചിരുന്ന പൗരാണിക ജനതയുടെ ജിവിതങ്ങളുടെ വിവിധ വശങ്ങളിലേക്ക് വെളിച്ചം വീശുന്ന തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പല നിർമിതികളും ഇന്നും ഇവിടെ തനത് രൂപത്തിൽ നിലനിൽക്കുന്നുണ്ട്. അതിൽ പ്രസിദ്ധമാണ് അൽ ശാരിയ മസ്ജിദ്. ഹത്തയുടെ പരമ്പരാഗത ഗ്രാമത്തിന് സമീപത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. മറ്റ് മസ്ജിദുകളെ അപേക്ഷിച്ച് ഇതിന് ഉയരം കുറവാണ്. എന്നാൽ, കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങളെ ചെറുക്കാന്‍ കഴിയുന്ന വിധമാണ് ഇതിെൻറ രൂപകൽപന.
വാതിലുകളിൽ കാണുന്ന കൊത്ത് വേലകൾ കേരളത്തിലെ പുരാതന മസ്ജിദുകളെ ഓർമപ്പെടുത്തും. ഇതിെൻറ പരിസരങ്ങൾക്കുമുണ്ട് ഏറെ പ്രത്യേകതകള്‍. പള്ളിയിൽ പ്രാർത്ഥനക്കെത്തുന്നവർ അംഗശുദ്ധി ചെയ്യാന്‍ ഉപയോഗിച്ചിരുന്ന കൽപടവോടു കൂടിയ കുഞ്ഞ് കുളം കാഴ്ച്ചകളിൽ കുളിർ കോരിയിടും. കരിങ്കല്ലിെൻറ കൽപടവുകളുള്ള ഈ കുളത്തിന് തണൽ വിരിച്ച് നിൽക്കുന്ന മരം കണ്ടാൽ നാട്ടിൻ പുറത്തെ കുളത്തിലേക്ക് എടുത്ത് ചാടിയ കാലം അരികിലെത്തും. ഈ കുളത്തിെൻറ പ്രത്യേകത ഇതിലെ വെള്ളം തന്നെയാണ്.
പാറകളിൽ നിന്ന് ഉറവപൊട്ടുന്ന വെള്ളമായിരുന്നു മുൻപ് കുളത്തിെൻറ സ്രോതസ്. എന്നാൽ, ഹത്തയിൽ അണക്കെട്ട് നിർമിച്ചതോടെ അവിടെ നിന്നാണ് ഇപ്പോള്‍ ഇവിടേക്ക് വെള്ളമെത്തുന്നത്. ഏത് നേരവും പുതിയവെള്ളമാണ് കുളത്തിലുണ്ടാവുകയെന്നതാണ് പ്രത്യേകത. എന്നാൽ, അംഗശുദ്ധി വരുത്താന്‍ പുതിയ സംവിധാനങ്ങള്‍ വന്നതോടെ കുളത്തിൽ വെള്ളം കെട്ടിനിറുത്താറില്ല. ഇതിലെ വെള്ളം ചാലുകള്‍ വഴി തൊട്ടടുത്ത് തീർത്തു മറ്റ് കുളങ്ങളിലേക്ക് കൊണ്ട് പോകുകയാണ്. കാർഷികാവശ്യങ്ങൾക്കാണ് ഇപ്പോള്‍ ഇതിലെ വെള്ളം ഉപയോഗിക്കുന്നത്. തോട്ടങ്ങളിൽ ജോലിചെയ്യുന്നവർ ഇവിടെ വലിയ കുളത്തിൽ മുങ്ങികുളിക്കുന്നത് കണ്ടാൽ മനസ് ഇവിടെ നിന്ന് പോകാന്‍ അനുവദിക്കുകയില്ല.
അൽ ശാരിയ പള്ളിയുടെ പരിസരമാകെ തോട്ടങ്ങളാണ്. പള്ളിയുടെ ഭാഗത്ത് നിന്ന് കൃഷിയിടങ്ങളിലേക്ക് ഇറങ്ങുമ്പോള്‍, നാട്ടിലെ ഗ്രാമപാതകളിലുള്ള ഇടവഴിയിലേക്ക് ഇറങ്ങുന്ന അനുഭൂതിയാണ് ലഭിക്കുക. കൊടും ചൂടിലും സൂര്യപ്രകാശത്തെ അകത്ത് കടക്കാന്‍ അനുവദിക്കാത്ത മരങ്ങളാണ് ഇവിടെയുള്ളത്.
മരങ്ങളുടെ ഇടയിലൂടെ ചില്ലകള്‍ കണ്ണിൽ തട്ടാതെയുള്ള നടത്തത്തിൽ ക്ഷീണത്തെ കുറിച്ച് ചിന്തിക്കുകയേയില്ല. ഇടവഴിയിലൂടെ നടക്കുമ്പോള്‍ ഇളം മധുരമുള്ള ഈത്തപഴവും പെറുക്കി തിന്നാം. ഇടക്ക് പുല്ലുകള്‍ വിളഞ്ഞ് നിൽക്കുന്ന വയലിെൻറ വരമ്പത്തിരുന്ന് ഇളം കാറ്റേൽക്കുകയും ചെയ്യാം. ഇവിടെ ജോലി ചെയ്യുന്നവർ തണുപ്പ് കാലത്ത് തീ കായാന്‍ ഒരുക്കുന്ന വിറകടുപ്പുകൾ, ശിശിര കാലത്ത് മലബാറിലെ ഗ്രാമങ്ങളിൽ പുറത്ത് തീർക്കുന്ന താൽക്കാലിക അടുക്കളകളെ ഓർമപ്പെടുത്തും.
സന്ദർശകർക്ക് ഇരിക്കാൻ മരത്തിെൻറ ഇരിപിടങ്ങള്‍ നിരത്തിയിട്ടിട്ടുണ്ട്. മരങ്ങൾക്ക് വെള്ളമെത്തിക്കാന്‍ തീർത്ത ഓവ് ചാലുകളിലൂടെ ഏല്ലാസമയവും വെള്ളം ഒഴുകുന്നുണ്ടാവും.
കുളത്തിലേക്ക് വെള്ളം വന്ന് വീഴുന്ന ശബ്ദം പ്രത്യേക സുഖം പകരുന്നതാണ്. വെള്ളത്തോട് സല്ലപിച്ച് കളിക്കുന്ന കിളികള്‍ തീർക്കുന്ന സംഗീതം മനസിനെ സാന്ദ്രമാക്കും. ഇവിടെ നിന്ന് നോക്കിയാൽ ഹത്ത കോട്ടയും കാവൽ മാളികയും കാണാം. കരിയിലകള്‍ വീണ് കിടക്കുന്ന വഴികളിലൂടെ നടക്കുമ്പോഴുണ്ടാകുന്ന ശബ്ദം തലമുറകളുടെ കാലടിപ്പാടുകളെ ഓർമംപെടുത്തും.
ഹജർ മലകളിൽ കാണപ്പെടുന്ന ഉറവകളാണ് ഹത്തയുടെ സൗഭാഗ്യം. കാലം തെറ്റി വരുന്ന മഴ ഈ പ്രദേശത്തിെൻറ പച്ചപ്പ് കാക്കുന്നതിൽ പ്രധാന ഘടകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.