ആർ.ടി.എയെ കുറിച്ചറിയാൻ അമേരിക്കൻ സംഘമെത്തി
text_fieldsദുബൈ: എമിറേറ്റിലെ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ)യുടെ പ്രവർത്തനങ്ങൾ അറിയാൻ അമേരിക്കൻ സംഘമെത്തി. യു.എസിലെ പടിഞ്ഞാറൻ സ്റ്റേറ്റായ യൂറ്റയിൽനിന്നുള്ള സംഘമാണ് ദുബൈയിലെത്തി ആർ.ടി.എ ഡയറക്ടർ ജനറലും എക്‌സിക്യൂട്ടിവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മതാർ അൽ തായറുമായി കൂടിക്കാഴ്ച നടത്തിയത്. സംഘത്തെ സ്വീകരിച്ച ആർ.ടി.എ മേധാവികൾ റോഡ്, ഗതാഗതമേഖലയിൽ സഹകരണത്തിനുള്ള സാധ്യതകളും ചർച്ചചെയ്തു.
യൂറ്റ ഗതാഗത വകുപ്പ് എക്സി. ഡയറക്ടർ കാർലോസ് ബ്രസറാസിന്‍റെ നേതൃത്വത്തിലാണ് സംഘം ദുബൈയിലെത്തിയത്. ആർ.ടി.എ നടപ്പിലാക്കുന്ന പദ്ധതികളെ സന്ദർശകർക്ക് മുന്നിൽ വിശദീകരിക്കുകയും പരിചയപ്പെടുത്തുകയും ചെയ്തു. ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ മെട്രോ ടെയിൻ നെറ്റ്വർക്കായ ദുബൈ മെട്രോ, 11 കി.മീറ്റർ ദൈർഘ്യമുള്ള ദുബൈ ട്രാം, ബസ് സർവിസ്, സമുദ്ര ഗതാഗത സംവിധാനങ്ങൾ എന്നിവ സംഘത്തിന് പരിചയപ്പെടുത്തി. ഓരോ ദിവസവും 16 ലക്ഷം യാത്രക്കാർ ആർ.ടി.എയുടെ വിവിധ സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും സ്മാർട്ട് സാങ്കേതിക വിദ്യകൾ ഏറ്റവും മികച്ചരീതിയിൽ സംയോജിപ്പിച്ചാണ് ഇത് നടപ്പിലാക്കുന്നതെന്നും അൽ തായർ കൂടിക്കാഴ്ചയിൽ വിശദീകരിച്ചു. ഭാവിയിൽ ഡ്രൈവറില്ലാ കാറുകൾ നിരത്തിലിറക്കുന്നതിനടക്കം തയാറാക്കിയ പദ്ധതികളും വിശദീകരിച്ചു.
ആർ.ടി.എയുടെ പ്രവർത്തനരീതി മാതൃകാപരമാണെന്ന് സന്ദർശനസംഘത്തിന്‍റെ മേധാവി കാർലോസ് ബ്രസറാസ് അഭിപ്രായപ്പെട്ടു. പരസ്പരം സഹകരണം ശക്തിപ്പെടുത്താനും അനുഭവങ്ങൾ പങ്കുവെക്കാനും താൽപര്യമുണ്ടെന്നും ഇതിനായി കൂടുതൽ ചർച്ചകൾ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്കൈയിങ്ങിന് പേരുകേട്ട മഞ്ഞുപർവതങ്ങൾ നിറഞ്ഞ അമേരിക്കൻ പ്രദേശമാണ് യൂറ്റ. ഉയർന്ന ജീവിതനിലവാരം, കുറഞ്ഞ കുറ്റകൃത്യങ്ങൾ, മനോഹരമായ ഭൂപ്രകൃതി എന്നിവയിലാണ് സംസ്ഥാനം അറിയപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.