‘അറബ് ഹോപ് മേക്കേഴ്സ്’ അവാർഡ് തിരിച്ചുവരുന്നു
text_fieldsദുബൈ: അറബ് ഹോപ് മേക്കേഴ്സ് സംരംഭം തിരിച്ചുവരുന്നു. അറബ് ലോകത്ത് നിസ്വാർഥ സന്നദ്ധ സേവനം നടത്തുന്ന വ്യക്തികളെയോ സ്ഥാപനങ്ങളെയോ കണ്ടെത്തി ആദരിക്കുകയും അവരുടെ പ്രവൃത്തികൾ സമൂഹത്തിന് മുന്നിൽ ഉയർത്തിക്കാട്ടുകയും ചെയ്യാൻ ലക്ഷ്യമിട്ട് യു.എ.ഇ ഭരണകൂടം പ്രഖ്യാപിച്ച പദ്ധതിയാണ് അറബ് ഹോപ് മേക്കേഴ്സ്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം ആണ് ട്വിറ്ററിലൂടെ അറബ് ഹോപ് മേക്കേഴ്സിന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചത്.
പത്തു ലക്ഷം ദിർഹം ആണ് പുരസ്കാര തുക. മറ്റുള്ളവരുടെ നന്മക്കായി സ്വന്തം കഴിവും വിഭവങ്ങളും ഉപയോഗപ്പെടുത്തുന്ന വ്യക്തികൾ, സംഘടനകൾ എന്നിവരെ കണ്ടെത്തി ആദരിക്കുന്നതിനായി 2017ൽ ആണ് അറബ് ഹോപ് മേക്കേഴ്സ് സംരംഭം ശൈഖ് മുഹമ്മദ് ആദ്യമായി പ്രഖ്യാപിക്കുന്നത്. സമൂഹത്തിന് പ്രതീക്ഷ നൽകുന്ന രാജ്യത്തിന് അകത്തും പുറത്തുമുള്ള ആയിരക്കണക്കിന് സന്നദ്ധ പ്രവർത്തകരുടെ പ്രാധാന്യം സംരംഭത്തിന്റെ നാലാമത് എഡിഷൻ പ്രഖ്യാപിക്കുന്ന വേളയിൽ ശൈഖ് മുഹമ്മദ് എടുത്തു പറഞ്ഞു. സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ള ഇത്തരം വ്യക്തികളെ കണ്ടെത്തി അവരുടെ പ്രവർത്തനങ്ങൾ ഉയർത്തിക്കാണിക്കാനായി പദ്ധതി വിപുലമാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കെനിയയിൽ ഒരു ആശുപത്രി നിർമിക്കാൻ സഹായിച്ച ഇമാറാത്തി പൗരൻ അഹമ്മദ് അൽ ഫലാസിക്കായിരുന്നു 2020ലെ അറബ് ഹോപ് മേക്കേഴ്സ് പുരസ്കാരം. 38 രാജ്യങ്ങളിൽനിന്നായി 92,000 പേരാണ് പുരസ്കാരത്തിനായി അപേക്ഷ സമർപ്പിച്ചിരുന്നത്. ദുബൈ കൊക്ക-കോള അരീനയിൽ വെച്ച് നടന്ന ചടങ്ങിൽ വോട്ടെടുപ്പിലൂടെയാണ് അഹമ്മദ് അൽ ഫലാസിയെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. എന്നാൽ, ചടങ്ങിൽ മറ്റു നാലു പേർക്ക് കൂടി ശൈഖ് മുഹമ്മദ് പുരസ്കാരം സമ്മാനിക്കുകയായിരുന്നു. http://arabhopemakers.com/ എന്ന വെബ്സൈറ്റ് വഴി പുരസ്കാരത്തിന് അപേക്ഷ സമർപ്പിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.