തടവുകാരുടെ മക്കൾക്ക് പഠനോപകരണങ്ങൾ നൽകി അധികൃതർ
text_fieldsഷാർജ: എമിറേറ്റിലെ തടവുകാരുടെ മക്കൾക്ക് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി അവശ്യവസ്തുക്കൾ വിതരണം ചെയ്ത് അധികൃതർ. വിവിധ വസ്തുക്കൾ അടങ്ങിയ 213 സ്കൂൾ ബാഗുകളാണ് ‘ഹാപ്പിനസ് ഇൻ എജുക്കേഷൻ’ സംരംഭത്തിന്റെ ഭാഗമായി വിതരണം ചെയ്തത്. കുട്ടികൾക്ക് ആവശ്യമുള്ള നോട്ട്ബുക്കുകൾ, പേന, സ്റ്റേഷനറി എന്നിവയടക്കമുള്ള വസ്തുക്കളാണ് നൽകിയത്.
പ്യൂനിറ്ററീവ് ആൻഡ് റീഹാബിലിറ്റേഷൻ എസ്റ്റാബ്ലിഷ്മെന്റിനെ പ്രതിനിധീകരിച്ച് ഷാർജ പൊലീസ് ജനറൽ കമാൻഡാണ് സംരംഭം ആരംഭിച്ചത്. ഷാർജ ചാരിറ്റി അസോസിയേഷന്റെയും ആഭ്യന്തര മന്ത്രാലയത്തിലെ കറക്ഷനൽ ആൻഡ് റിഫോർമേറ്റിവ് ഇസ്റ്റിറ്റ്യൂഷൻസ് വകുപ്പിന്റെയും സഹകരണത്തിലാണ് പദ്ധതി നടപ്പാക്കിയത്.
സാമൂഹിക ഐക്യദാർഢ്യം വർധിപ്പിക്കുന്നതിനും തടവുകാരെയും അവരുടെ കുടുംബങ്ങളെയും മാനസികവും സാമൂഹികവുമായ തലങ്ങളിൽ സഹായിക്കുന്നതിനുമാണ് സംരംഭമെന്ന് അധികൃതർ പറഞ്ഞു.
സംരംഭം തടവുകാരുടെ കുടുംബത്തിന്റെ പ്രയാസം ലഘൂകരിക്കുകയും കുട്ടികളുടെ ഹൃദയത്തിൽ സന്തോഷം പകരുകയും ചെയ്യുന്നുവെന്ന് ഷാർജ പൊലീസ് കറക്ഷനൽ ആൻഡ് റിഫോർമേറ്റിവ് ഇസ്റ്റിറ്റ്യൂഷൻ ആക്ടിങ് ഡയറക്ടർ കേണൽ അബ്ദുല്ല അൽ ഗസാൽ പറഞ്ഞു.
സമൂഹത്തിലെ ജീവിതനിലവാരം ഉയർത്തുന്നതിന് സംരംഭത്തിന് പിന്തുണ നൽകുന്ന സ്ഥാപനങ്ങളുടെയും പങ്കാളികളുടെയും ഇടപെടലിനെ അദ്ദേഹം പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.